12-August-2023 -
By. health desk
കൊച്ചി: ലോകത്തെ ഏറ്റവും മനോഹരവും വൈകാരികവുമായ ബന്ധമാണ് മാതാവും കുഞ്ഞും തമ്മിലുള്ളത്. ഉദരത്തില്‍ ജീവന്റെ തുടിപ്പ് അറിയുന്ന നിമിഷം മുതല്‍ കുഞ്ഞിന്റെ വരവിനായി അവള് പ്രതീക്ഷയോടെ കാത്തിരിക്കും. കുഞ്ഞുടുപ്പും കുഞ്ഞിത്തൊപ്പിയുമെല്ലാം ഒരുക്കി വെക്കും. ഒടുവില്‍ തന്റെ കുഞ്ഞ് ജനിച്ച സന്തോഷത്തിനിടെയാണ് കുട്ടിക്ക് അല്‍പ്പായുസേ ഉള്ളൂ എന്ന് മനസിലാക്കുന്നതെങ്കിലോ? കുഞ്ഞിന് വേണ്ടി തന്റെ ജീവന് പണയം വെക്കാനും അവള്‍ക്ക് മടിയുണ്ടാകില്ല.അത്തരത്തില്‍ ഒരു മാതാവിന്റെ കഥക്കാണ് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി സാക്ഷ്യം വഹിച്ചത്. സ്വന്തം കുഞ്ഞിന് വേണ്ടി കരള്‍ പകുത്ത് നല്കാന് ഒരു നിമിഷം പോലും അമാന്തിക്കാതിരുന്ന ഒരു മാതാവിന്റെ കഥ. ഡോക്ടര്‍ കൂടിയായ ഷാദിയയാണ് ബൈലറി അട്രേഷ്യ എന്ന രോഗം ബാധിച്ച മകള്‍ എയ്ന് അമാനിക്ക് കരള്‍ നല്‍കിയത്.
മലപ്പുറം സ്വദേശികളായ ഷാദിയയും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറായ ഭര്‍ത്താവ് മുഹമ്മദ് ഷെറിനും വര്‍ഷങ്ങളായി അബൂദാബിയിലാണ് താമസിക്കുന്നത്. ഇരുവരുടെയും ജീവിതത്തിലെ വെളിച്ചമായിട്ടായിരുന്നു കുഞ്ഞായ എയ്ന് അമാനിയുടെ ജനനം. ദമ്പതികളുടെ രണ്ടാമത്തെ മകളായിരുന്ന അമാനി ജന്മനാ തന്നെ കരളിനെ ബാധിക്കുന്ന ബൈലറി അട്രേഷ്യ എന്ന രോഗബാധിതയായിരുന്നു. നവജാത ശിശുക്കളുടെ കരളിനെയും പിത്ത നാളിയെയും ബാധിക്കുന്ന രോഗം എത്രയും വേഗം ചികിത്സിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകും. ഒരു വേള ആ കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തുന്ന വാര്‍ത്തയായിരുന്നു ഇത്. തുടര്‍ന്ന് അബുദാബിയില്‍ അടിയന്തിര ചികിത്സകള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല.എല്ലാവരും പകച്ചു നിന്ന ആ നിമിഷം നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിരൂപമായ ഒരു മാതാവായി മാറുകയായിരുന്നു ഷാദിയ. വിഷമിച്ചിരുന്നിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്ന ഡോക്ടര്‍ കൂടിയായ ഷാദിയ തന്റെ കുഞ്ഞിന് ലോകത്ത് എവിടെ കൊണ്ടുപോയിട്ടാണെങ്കിലും ഏറ്റവും മികച്ച ചികിത്സ തന്നെ നല്‍കുമെന്ന് ഉറപ്പിച്ചിരുന്നു.ലോകത്തെ വിവിധ ആശുപത്രികളെ കുറിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി കണ്ണിലുടക്കിയത്.
ഇവിടുത്തെ ഹെപ്പറ്റോ പാന്‍ക്രിയാറ്റോ ബൈലേറിയ ആന്‍ഡ് അബ്ഡോമിനല്‍ മള്‍ട്ടിഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റില്‍ പ്രതീക്ഷ അര്‍പ്പിച്ചായിരുന്നു കൊച്ചിയിലെത്തിയത്. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള ഏക മാര്‍ഗം കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണെന്ന് കണ്ടെത്തി. തന്റെ പൊന്നോമനക്കായി ജീവന് കൊടുക്കാന്‍ പോലും തയ്യാറായിരുന്ന ഷാദിയ സ്വമേധയ കരള്‍ പകുത്ത് നല്കാന് സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വരികയായിരുന്നു. വിജയകരമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് കരള്‍ എടുത്തത്. തുടര്‍ന്ന് ഓപ്പണ്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് വെച്ചുപിടിപ്പിച്ചു. മികച്ച രോഗീ പരിചരണം കൂടി ലഭിച്ചതോടെ ഇരുവരും അതിവേഗത്തിലാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.നഷ്ടപ്പെടുമെന്ന് കരുതിയിരുന്ന അമാനിയുടെ കളി ചിരികളാല്‍ മുഖരിതമാണ് ഇന്ന് ആ കുടുംബം. അതിന് കാരണമായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാരും. ഷാദിയയുടെ നിശ്ചയദാര്‍ഡ്യത്തിന് വലിയ കൈയടി നല്‍കേണ്ടതാണെന്നും ഒരര്‍ത്ഥത്തില്‍ അമാനിയുടെ നിറഞ്ഞ ചിരിക്ക് കാരണക്കാരാകാന്‍ കഴിഞ്ഞതില്‍ ഡോക്ടര്‍ എന്ന നിലയില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ഡോ. മാത്യു ജേക്കബ് പറഞ്ഞു.