28-August-2023 -
By. Entertainment Desk
കൊച്ചി: കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍ അണിനിരന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് ലാവണ്യം 2023 പരിപാടികള്‍ക്ക് തുടക്കമായത്.മന്ത്രി പി രാജീവ് ആഘോഷം ഉദ്ഘാടനം ചെയ്തു.കേരളം ലോകത്തിന് നല്‍കുന്ന വലിയ സന്ദേശമാണ് ഓണം എന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ജാതിമത, വര്‍ണ്ണ, സാമ്പത്തിക വേര്‍തിരിവുകള്‍ ഇല്ലാതെ മലയാളികള്‍ ഒന്നാകുന്ന ആഘോഷമാണ് ഓണം. പലവിധത്തിലും വേര്‍തിരിവുകള്‍ സൃഷ്ടിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ എല്ലാ മനുഷ്യരും ഒന്നാണ് എന്ന വലിയ സന്ദേശമാണ് ഓണം നല്‍കുന്നത്.കോവിഡ് മഹാമാരിക്ക് ശേഷം മലയാളികള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഓണം ആഘോഷിക്കുന്ന വേളയാണിത്. പ്രതിസന്ധികള്‍ പലതുണ്ടെങ്കിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് സഹായമുറപ്പാക്കാന്‍ 19,000 കോടിരൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. എല്ലാവരും നല്ല രീതിയില്‍ ഓണം ആഘോഷിക്കണം എന്നതാണ് സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമായി കൂടിയാണ് ആദിവാസി മേഖലയായ കുട്ടമ്പുഴയില്‍ ഓണാഘോഷം സംഘടിപ്പിച്ചത്.
നഗരമേഖലയില്‍ ഒതുങ്ങി നില്‍ക്കാതെ ജില്ലയുടെ ഗ്രാമീണ മേഖലയില്‍ കൂടി പരിപാടികള്‍ സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം തുമ്പപ്പൂ എറണാകുളം ടീമിന്റെ നേതൃത്വത്തില്‍ ഓണക്കളി അരങ്ങേറി.തുടര്‍ന്ന് കഥകളി കലാകാരിയായ എസ്.ശശികല നെടുങ്ങാടിയും നര്‍ത്തകി ആതിര ശങ്കറും സോപാന സംഗീത കലാകാരന്‍ ഏരൂര്‍ ബിജുവും ചേര്‍ന്ന് കഥകളിയും മോഹിനിയാട്ടവും സോപാന സംഗീതവും സമന്വയിപ്പിച്ച് അവതരിപ്പിച്ച പരിപാടി കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ശേഷം പിന്നണിഗായകന്‍ ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച മ്യൂസിക്കല്‍ ഷോ വേദിയെ ആകെ സംഗീത സാന്ദ്രമാക്കി.
ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന
ലാവണ്യം 2023 ന്റെ പ്രധാന വേദിയായ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 31 വരെ വൈകിട്ട് ആറ് മുതല്‍ വിവിധ കലാ പരിപാടികളാണ് അരങ്ങേറുന്നത്. ഉത്രാട ദിനമായ ആഗസ്റ്റ് 28 ന് ശ്രീപാര്‍വ്വതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരയും , പെര്‍ഫ്യൂം ബാന്‍ഡ് അവതരിപ്പിക്കുന്ന ബാന്‍ഡ് ഷോയുമാണ് ഒരുക്കിയിരിക്കുന്നത്. തിരുവോണ ദിനമായ ആഗസ്റ്റ് 29 ചൊവ്വാഴ്ച താന്തോന്നി തുരുത്ത് ദ്വീപ് നിവാസികളുടെ കൈക്കൊട്ടിക്കളിയും തുടര്‍ന്ന് അല്‍ അമീന്‍ ആര്‍ട്ട്‌സ് അവതരിപ്പിക്കുന്ന സൂഫി ഡാന്‍സ്, മട്ടന്‍ന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡ് ഷോ എന്നിവയാണ് നടക്കുക. ഓഗസ്റ്റ് 30 അവിട്ടം ദിനത്തില്‍ :ഫ്രീഡം ഓണ്‍ വീല്‍സ്' വീല്‍ ചെയറില്‍ ഇരിക്കുന്നവര്‍ അവതരിപ്പിക്കുന്ന മോട്ടിവേഷണല്‍ ഷോ, നയാഗ്രാ ഇവന്റ്‌സ് അവതരിപ്പിക്കുന്ന ചിരിമേളം എന്നിയാണ് ക്രമീകരിച്ചിരിക്കുന്നത്. 31 ചതയം ദിനത്തില്‍ നന്ദനം സിംഫണി അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ തുടര്‍ന്ന് ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവ നടക്കും.