3-September-2023 -
By. news desk
കൊച്ചി : ശ്രിയാനും, അദീപ്തയ്ക്കും, റൂബിനും, ഫെബിനും ഈ ഒത്തുചേരല്‍ മറക്കാന്‍ കഴിയില്ല. തങ്ങളുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ലിസി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും അധികൃതര്‍ക്കും ജീവനക്കാര്‍ക്കും ഒപ്പം ഓണാം ആഘോഷിക്കാനാണ് പരിപാടിയില്‍ ആണ് അവര്‍ ഒത്തുചേര്‍ന്നത്. ആലപ്പുഴ സ്വദേശി ശ്രിയാന് (1), തലയോലപ്പറമ്പ് സ്വദേശി അദീപ്ത (2), തമിഴ്നാട് നീലഗിരി സ്വദേശി റൂബിന് (14), കോട്ടയം സ്വദേശി ഫെബിന് (16) എന്നിവര്‍ക്ക് ഏതാനും മാസങ്ങളുടെ ഇടവേളകളില്‍ ആണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയത്. ഇതില്‍ റൂബിന് പിന്നീട് വൃക്ക കൂടി മാറ്റിവച്ചിരുന്നു. ഡോ. വേണുഗോപാല്‍, ഡോ. ഫദ്ല് എച്ച് വീരാന്‍കുട്ടി, ഡോ. ഷാജി പൊന്നമ്പത്തയില്‍, ഡോ. പ്രമില്‍ കെ, ഡോ. രാജീവ്, ഡോ. വിഷ്ണു, ഡോ. രമ്യ. ആര്. പൈ, ഡോ. വിവിന് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയത്. ലിസി ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഓണക്കോടികള്‍ നല്കി. ജോ. ഡയറക്ടര്‍. റോജന്‍ നങ്ങേലിമാലില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ഡേവിസ് പടന്നക്കല്‍, ഡോ. ബാബു ഫ്രാന്‍സിസ്, ഡോ. ജോസ് ചാക്കോ പെരിയപുറം, ഡോ. ടോണി മാമ്പിള്ളി, ഡോ. റോണി മാത്യൂ, ഡോ. ടി. കെ. ജോസഫ്, ഡോ. ജോ ജോസഫ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒത്തുചേരലില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായത് തമിഴ്നാട് നീലഗിരി സ്വദേശികളായ റൂബിനും അമ്മ വിജിലയുമാണ്. തന്റെ മകന്് മൂന്ന് മാസത്തെ ഇടവേളയില്‍ കരളും കിഡ്നിയും നല്‍കിയാണ് അമ്മ മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതിയത്. അത്യപൂര്‍വ്വമായിട്ടാണ് ഇങ്ങനെയുള്ള മഹാദാനങ്ങള്‍ നടക്കാറുള്ളത്.െ്രെപമറി ഹൈപറോക്സ ലൂറിയ എന്ന മാരകമായ അപൂര്‍വ ജനിതക രോഗവുമായി തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് റൂബിന് ജനിച്ചത്. ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചെന്നും ജീവന് നിലനിര്‍ത്താന്‍ അടിക്കടി ഡയാലിസിസ് ചെയ്യേണ്ടതുണ്ടെന്നും അറിഞ്ഞതോടെ കുടുംബം തകര്‍ന്നു. കരളും കിഡ്നിയും മാറ്റിവെക്കുക മാത്രമാണ് ജീവന് രക്ഷിക്കാനുള്ള ഏക പോംവഴിയെന്ന് അവര്‍ ഡോക്ടര്‍മാരില്‍ നിന്ന് മനസ്സിലാക്കി. തുടര്‍ന്ന് അവര്‍ ഈ ശസ്ത്രക്രിയ നടത്തുന്ന മികച്ച ശസ്ത്രക്രിയാ വിദഗ്ധരെ അന്വേഷിച്ചു. അങ്ങനെ, അവര്‍ ലിസി ആശുപത്രിയിലെ ഡോ. വേണുഗോപാല്‍ നേതൃത്വം വഹിക്കുന്ന മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ടീമിന്റെ അടുക്കലെത്തി. അമ്മ വിജില മാത്രമാണ് പതിനാലുകാരനായ റൂബിന് ചേരുന്ന അവയവദാതാവ് എന്ന് പരിശോധനകളിലൂടെ കണ്ടെത്തി.
കരളും വൃക്കയും ഒരു വൃക്തി തന്നെ ദാനം ചെയ്യുന്നത് അത്യന്തം അപകടം നിറഞ്ഞ കാര്യമാണെന്നും ജീവന് തന്നെ ഭീഷണി ഉണ്ടാക്കാവുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും തന്റെ മകന് വേണ്ടി ജീവന് തന്നെ നല്കുവാന് തയ്യാറാണെന്ന് പറഞ്ഞ് ആ അമ്മ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടു വരികയായിരുന്നു. ലിസി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കരളും വൃക്കയും മൂന്ന് മാസത്തെ ഇടവേളയില്‍ മാറ്റിവയ്ക്കുകയും ചെയ്തു. ഡോ. ദാമോദരന്‍ നമ്പ്യാര്‍, ഡോ. വിജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ റൂബിന് അടുത്ത ദിവസം തന്നെ മാതാപിതാക്കള്‍ക്കൊപ്പം തമിഴ്നാട്ടിലേക്ക് മടങ്ങും. റൂബിന്റെ കുടുംബത്തെ സഹായിക്കാന്‍ നിരവധി സുമനസുകളും സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു. ലിസി ഹോസ്പിറ്റല്‍ മാനേജ്മെന്റ് കരള്‍ മാറ്റിവയ്ക്കലിനുള്ള കുറഞ്ഞ പാക്കേജും, കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞ് വൃക്ക മാറ്റിവയ്ക്കല്‍ വരെയുള്ള ഡയാലിസിസ് സൗജന്യമായി നല്‍കുകയും ചെയ്തു.