Society Today
Breaking News

കൊച്ചി: അമൃത ആശുപത്രിയില്‍ കരള്‍ മാറ്റിവച്ചവരുടെ കൂട്ടായ്മയായ അമൃതസ്പര്‍ശത്തിന് തുടക്കമായി. അമൃതയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയിലാണ്  ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുമായി (ലിഫോക്ക്) സഹകരിച്ച് അമൃത ആശുപത്രി  ഈ കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്. ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം ആസിഫ് അലി കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കരള്‍ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് ഇന്ന് സമൂഹത്തിന് ഏറ്റവും ആവശ്യം  ബോധവത്കരണമാണെന്ന് ആസിഫ് അലി പറഞ്ഞു. ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഒരാളുടെ മുന്നിലുള്ള ചോദ്യങ്ങളും ആശങ്കകളും ഇല്ലാതാക്കുന്നതിനായി ഇത്തരം കൂട്ടായ്മകള്‍ വളരെ ഉപകാരപ്പെടുമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

സിനിമാതാരങ്ങളായ ബാലയും  സലിംകുമാറും ചടങ്ങില്‍ മുഖ്യാതിഥികളായി. മോശമായ ആരോഗ്യസ്ഥിതിയുമായെത്തി പിന്നീട് അമൃത ആശുപത്രിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ  സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ വിശേഷങ്ങള്‍ ബാല സദസ്സുമായി പങ്കുവെച്ചു. ഈ ജീവിതത്തിന് എല്ലാവരോടും നന്ദി പറഞ്ഞ ബാല സദസ്സിനായി പാട്ട് പാടിയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. തന്റെ അസുഖത്തിന്  പരിഹാരമായി ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവയ്ക്കല്‍ നിര്‍ദേശിച്ചപ്പോള്‍ ഓപ്പറേഷനെ പേടിച്ച്  നാട്ടുവൈദ്യന്‍മാരെ തേടിപ്പോയ തനിക്ക് പറ്റിയ അബദ്ധങ്ങളാണ് സ്വതസിദ്ധമായ നര്‍മ്മഭാഷയില്‍ സലിം കുമാര്‍ പങ്കുവച്ചത്. പലരും മരണത്തെ തൊട്ടുമുന്നില്‍ കാണുന്ന അവസരത്തിലാണ് കരള്‍രോഗങ്ങളെപ്പറ്റി അറിയുന്നതെന്നും ഈ ഘട്ടത്തില്‍ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന ഡോക്ടര്‍മാര്‍ ദൈവതുല്യരാണെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ അമൃത ആശുപത്രിയില്‍ 1200 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും 350 റോബോട്ടിക് ഡോണര്‍ ഹെപാറ്റെക്ടമികളും  നടത്താന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേം നായര്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെയും അതിനുശേഷമുള്ള പരിചരണങ്ങളുടെയും ചിലവ് പരമാവധി കുറയ്ക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും അമൃതസ്പര്‍ശത്തിലെ അംഗങ്ങള്‍ക്ക് സഹായമൊരുക്കുന്നതിനായി അമൃത ലിവര്‍ ഫൗണ്ടേഷനിലൂടെ ഉദ്ദേശിക്കുന്നതായും  അദ്ദേഹം പറഞ്ഞു.

സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം മേധാവി ഡോ.എസ് സുധീന്ദ്രന്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.പി ഗിരീഷ് കുമാര്‍, ലിഫോക് ചെയര്‍മാന്‍ മാത്യു ഫിലിപ്പ്, കോട്ടയം ഗവ.മെഡിക്കല്‍ കോളേജിലെ സിവിടിഎസ് വിഭാഗം മേധാവി ഡോ. ടി.കെ ജയകുമാര്‍, ജി.ഐ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.എസ് സിന്ധു, അമൃതയിലെ ജി.ഐ ആന്‍ഡ് എച്ച്പിബി സര്‍ജറി ആന്‍ഡ് റോബോട്ടിക് സര്‍ജറി വിഭാഗം മേധാവി ഡോ.ഒ.വി സുധീര്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. ഷൈന്‍ സദാശിവന്‍, ഡോ.ദിനേഷ് ബാലകൃഷ്ണന്‍,  എന്നിവര്‍  ചടങ്ങില്‍ സംസാരിച്ചു.ലോക അവയവദാന ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അമൃത ആശുപത്രി നടത്തിയ പോസ്റ്റര്‍ രചനാ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കരള്‍ മാറ്റിവച്ച ആളുകള്‍ക്ക്  പരസ്പരം പരിചയപ്പെടാനും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഒപ്പം അവരുടെ ആശങ്കകള്‍ ഡോക്ടര്‍മാരുമായി പങ്കുവെയ്ക്കാനുമുള്ള  ഒരു വേദിയാണ് അമൃതസ്പര്‍ശത്തിലൂടെ അമൃത ആശുപത്രി ഒരുക്കുന്നത്.
 

Top