11-September-2023 -
By. health desk
കൊച്ചി: കാഴ്ച വീണ്ടെടുക്കുന്നതിനായി കൃത്രിമ ലെന്‍സ് പല്ലിന്റെ സഹായത്തോടെ കണ്ണില്‍ ഘടിപ്പിക്കുന്ന ആധുനിക ശസ്ത്രക്രിയ സംസ്ഥാനത്ത് ആദ്യമായി ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്നു.സ്റ്റീവന്‍സ്‌ജോണ്‍സണ്‍ സിന്‍ഡ്രോം എന്ന അസുഖം കാരണം രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട 49 കാരിയായ സ്ത്രീയിലാണ് വിജയകരമായി സര്‍ജറി പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് അവര്‍ കാഴ്ചശക്തി വീണ്ടെടുത്തു കഴിഞ്ഞതായി ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ. ഗിരിധര്‍ പറഞ്ഞു.
രോഗിയില്‍ നടത്തിയ നേത്ര ശസ്ത്രക്രിയയാ മോഡിഫൈഡ്ഓസ്റ്റിയോഓഡോന്റോകെരാറ്റോപ്രോസ്‌തെസിസ് (ങഛഛഗജ) സങ്കീര്‍ണ്ണമായ പ്രക്രിയയാണന്ന് ചീഫ് കോര്‍ണിയ സര്‍ജന്‍ ഡോ.വിനയ്.എസ്. പിള്ള പറഞ്ഞു.
കഠിനമായ അലര്‍ജിയോ അണുബാധയോ കാരണം, കണ്ണിന്റെ ഉപരിതലവും കോര്‍ണിയയും നശിക്കുന്ന അവസ്ഥയാണ് സ്റ്റീവന്‍സ്‌ജോണ്‍സണ്‍ സിന്‍ഡ്രോം. ഈ രോഗികളില്‍ സാധാരണ കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റ് വിജയകരമല്ല. അതിനാലാണ് പ്രത്യേക ശാസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.കണ്ണിന്റെ ഉപരിതലം പൂര്‍ണ്ണമായും തകരാറിലായ അവസ്ഥയില്‍ ശസ്ത്രക്രിയയിലൂടെ ഉപരിതലത്തെ പുനസൃഷ്ടിക്കുകയാണ് ചെയ്യുന്നത്.ഒരു സിന്തറ്റിക് ലെന്‍സ് (ഒപ്റ്റിക് സിലിണ്ടര്‍) രോഗിയുടെ പല്ലിലേക്ക് ഘടിപ്പിച്ച ശേഷം പിന്നീട് അത് കണ്ണിലേക്ക് പറിച്ചുനടുന്നു. തുടര്‍ന്ന് വായയുടെ ആന്തരിക പാളിയായ ബക്കിള്‍ മ്യൂക്കോസ നീക്കം ചെയ്യുകയും അതിന് മുകളില്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ, രോഗിക്ക് വ്യക്തമായി കാഴ്ച്ച നല്‍കുന്ന ഒപ്റ്റിക്കല്‍ പ്രതലം പുതുതായി സൃഷ്ടിക്കുന്നു. നടപടിക്രമങ്ങള്‍ വിശദീകരിച്ച് ഡോ.വിനയ്.എസ് പിള്ള പറഞ്ഞു
ഈ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങളുള്ള ഓപ്പറേഷന്‍ തീയറ്ററും കോര്‍ണിയ സ്‌പെഷ്യലിസ്റ്റുകള്‍, ഒക്യുലോപ്ലാസ്റ്റിക്, ഗ്ലോക്കോമ, റെറ്റിന വിദഗ്ദ്ധര്‍, ദന്തരോഗ വിദഗ്ദര്‍ അനസ്‌തേഷ്യ വിദഗ്ദ്ധര്‍ എന്നിവരുള്‍പ്പെട്ട ഡോക്ടര്‍മാരുടെ സംഘവും ആശുപത്രിയില്‍ സജ്ജമായിട്ടുണ്ടെന്ന് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ. ഗിരിധര്‍ പറഞ്ഞു.യുവത്വത്തില്‍ തന്നെ രണ്ട് കണ്ണുകളിലും, കാഴ്ച നഷ്ടപ്പെടുന്ന ഇത്തരം അവസ്ഥകളുണ്ടാവാം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇത്തരം ശസ്ത്രക്രിയകള്‍ ചെലവ് ചുരുക്കി നടത്താന്‍ സാധിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റും വിട്രിയോ റെറ്റിന ഡിപാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. ജി മഹേഷ് പറഞ്ഞു.ഡോ. പുഷ്പ സൂസന്‍ ഐസക്, വേദ ഡെന്റല്‍ ക്ലിനിക്കിലെ ഓറല്‍ സര്‍ജന്‍മാരായ ഡോ. വിദ്യാ പരമേശ്വരന്‍, മാക്‌സിലോഫേഷ്യല്‍ സര്‍ജന്‍ ഡോ. മാത്യു ജെയിംസ് എന്നിവരും ശസ്ത്രക്രിയ നടപടികളില്‍ പങ്കെടുത്തു.