19-September-2023 -
By. news desk
കൊച്ചി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സാഹോദര്യത്തിന് ഉന്നല്‍ നല്‍കേണ്ടത് അനിവാര്യമാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന സാഹോദര്യം സമൂഹത്തില്‍ ശിഥിലമാകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്നും മലങ്കര മെത്രാപ്പോലീത്തയും മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ മോറാന്‍ മോര് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ ബാവാ. ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ്ിന്റെ നേതൃത്വത്തില്‍ ദേശീയതയും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ എറണാകുളം ബി.ടി.എച്ച് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണ ഘടന നല്കുന്ന അവകാശങ്ങള്‍ എല്ലാവര്ക്കും തുല്യമായി ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. രാജ്യത്ത് 40 ശതമാനം ആളുകള്‍ ഇന്നും ദാരിദ്യരേഖയ്ക്ക് താഴെയാണ് എന്ന് കണക്കുകള്‍ പറയുന്നു. 40 ശതമാനം പേര് മധ്യത്തിലാണ്. 20 ശതമാനം പേര് സുഖലോലുപതയില്‍ കഴിയുന്നു. സാഹോദര്യം ശിഥിലമാകുന്നുവെന്നാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സാഹോദര്യം ശിഥിലമാകുന്നതിനെ തുടര്‍ന്നാണ് സമൂഹത്തില്‍ അക്രമവും അനീതിയും കൊലപാതകവും വര്‍ധിച്ചുവരുന്നത്. സാഹോദര്യം നടപ്പിലായാല്‍ രാജ്യത്തിന്റെ വളര്‍ച്ചയും വേഗത്തിലാകും. സമൂഹത്തില്‍ സാഹോദര്യം വളര്‍ത്താനുള്ള ഊര്‍ജ്ജിതമായ ശ്രമം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മോറാന്‍ മോര് ബസേലിയോസ് മാത്യൂസ് ത്രിതീയന്‍ ബാവാ വ്യക്തമാക്കി. ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് മാനേജിംഗ് ട്രസ്റ്റിയും ജനറല്‍ സെക്രട്ടറിയുമായ അഡ്വ. കെ.വി സാബു എഴുതിയ ' നിനക്കുവേണ്ടി മാധവ ' എന്ന നോവലിന്റെ പ്രകാശനം കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഇന്ത്യയിലെ ട്രേഡ് കമ്മീഷണര്‍ ഡോ.വര്‍ഗ്ഗീസ് മൂലന് നല്കി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചടങ്ങില്‍ നിര്‍വ്വഹിച്ചു.
പുതിയ തലമുറയെ ലഹരിയ്ക്ക് അടിമപ്പെടാതെ മുന്നോട്ടു നയിക്കേണ്ട ഇത്തരവാദിത്വം സമൂഹത്തിലെ മുതര്ന്നവര്ക്കുണ്ടെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണം നടക്കുന്നത് അവന്റെ കുടുംബത്തിലും കലാലയത്തിലുമാണ്. അതു കൊണ്ടു തന്നെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കാണുള്ളതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. നല്ല കുടുംബങ്ങളാണ് നല്ല രാജ്യത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഡോ.കെ.എസ് രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. കെ.വി സാബു പുസ്തകത്തെകുറിച്ച് വിശദീകരിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ പ്രസിഡന്റ് ജോണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ഷീലു അബ്രാഹം, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം ഇ. എന്‍ നന്ദകുമാര്‍, ഐസിഎം വൈസ് പ്രസിഡന്റ് വി.കെ വര്‍ഗ്ഗീസ്,ട്രഷറര്‍ അബ്രാഹം തോമസ്, ഐ.സി.എം കോ-ഓര്‍ഡിനേറ്റര്‍ ആന്റണ്‍ കുന്നേല്‍,വൈസ്് പ്രസിഡന്റ് പി.ബി ബോസ്, ,ട്രസ്റ്റി കെ.എസ് വിനോദ്,തുടങ്ങിയവര്‍ സംസാരിച്ചു.