27-September-2023 -
By. news desk
കൊച്ചി: ഭാരതീയ ക്രൈസ്തവര്‍ക്ക് സംവരണം അനുവദിക്കണമെന്ന് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി(എന്‍.പി.പി) സംസ്ഥാന നേതൃസംഗമം പ്രമേയത്തിലൂടെ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഭാരതത്തിലെ 2.32 ശതമാനം വരുന്ന മൈക്രോ ന്യൂനപക്ഷമായ ഭാരതീയ ക്രൈസ്തവര്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലാണ്.രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്നു അലംഭാവം അവസാനിപ്പിക്കണമെന്നും കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സംസ്ഥാന നേതൃസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ സാധാരണക്കാരായ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും മല്‍സ്യതൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ടാണ് എന്‍.പി.പി നിലകൊളളുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പാര്‍ട്ടി ചെയര്‍മാന്‍ വി വി അഗസ്റ്റിന്‍ പറഞ്ഞു. ക്രൈസ്തവ,ഹൈന്ദവ കൂട്ടായ്മ രാജ്യത്ത് വളര്‍ന്നു വരേണ്ടത് അനിവാര്യമാണെന്നും വി വി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി.
എന്‍.പി.പി രൂപീകരണ വേളയില്‍ പലരും പാര്‍ട്ടിയിലേക്ക് ചില പ്രത്യേക ഉദ്ദേശത്തോടെയാണ് ആവേശത്തോടെ വന്നത്. എന്നാല്‍ അവരുടെ താല്‍പര്യങ്ങള്‍ നടക്കാതെ വന്നതോടെ അവര്‍ പാര്‍ട്ടി വിട്ടുപോയി. അവര്‍ പോയത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും മറിച്ച് ഗുണം മാത്രമെ പാര്‍ട്ടിയ്ക്ക് ഉണ്ടായിട്ടുള്ളുവെന്നും വി വി അഗസ്റ്റിന്‍ പറഞ്ഞു. എന്‍.പി.പി നിലവില്‍ ഒരു മുന്നണിയുടെ ഭാഗമായിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നവരെ തങ്ങളും പിന്തുണയ്ക്കും. നിലവില്‍ 14 ജില്ലകളിലും പാര്‍ട്ടി കമ്മിറ്റികള്‍ രൂപീകരിച്ചു. ഉടന്‍ തന്നെ കോഴിക്കോട്, കൊല്ലം ജില്ലകളിലും സമ്മേളനം നടത്തുമെന്നും വി വി അഗസ്റ്റിന്‍ പറഞ്ഞു.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കെ.ഡി ലൂയിസ് അധ്യക്ഷത വഹിച്ചു. ക്രൈസ്തവ ന്യൂനപക്ഷങ്ങളും കേരള രാഷ്ട്രീയവും എന്ന വിഷയത്തില്‍ സീറോ മലബാര്‍ സഭ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.ജോയ് എബ്രാഹം, തമ്പി എരുമേലിക്കര, സണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ തോമസ് മാത്യു, പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ അഡ്വ.എലിസബത്ത് കടവന്‍, യുത്ത് ഫോറം സംസ്ഥാന കണ്‍വീനര്‍ ജെയ്‌സണ്‍ ജോണ്‍, എറണാകുളം ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ വടശ്ശേരി, അഡ്വ.സാബു ജോണ്‍, ജോസ് ഇടശേരി, അഡ്വ. റസല്‍ ജോയി തുടങ്ങിയവര്‍ സംസാരിച്ചു.