29-September-2023 -
By. health desk
കൊച്ചി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ഏര്‍പ്പെടുത്തിയ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ (ABDM) അവാര്‍ഡ് കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന് ആശുപത്രിക്ക് ലഭിച്ചു. കേരളത്തില്‍ നിന്ന് ഈ അവാര്‍ഡ് കരസ്ഥമാക്കിയ ഏക ആശുപത്രയാണ് സുധീന്ദ്ര. സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചത്.ന്യൂ ഡല്‍ഹി വിജ്ഞാന് ഭവനില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സൂഖ് മണ്ഡവ്യയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രീ സുധീന്ദ്ര ആശുപത്രിക്കുവേണ്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാന്‍ഷു പന്ത് ഐഎഎസില്‍ നിന്നും പുരസ്കാരം സുധീന്ദ്ര ബോര്‍ഡ് ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു, ഡപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സച്ചിന് സുരേഷ്, ഡോ.എയ്ഞ്ചല ഈപ്പന് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ഡിജിറ്റല്‍ മിഷന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി വഴി ആരോഗ്യമേഖലയില്‍ നടപ്പാക്കി വരുന്ന സിംഗിള്‍ യൂണിവേഴ്സല്‍ ഹെല്‍ത്ത് ഐഡന്റിറ്റി നമ്പര്‍ പദ്ധതിയില്‍ (ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് നമ്പര്‍ അ്യൗവൊമി ആവമൃമ േഒലമഹവേ അരരീൗി േചൗായലൃ) കേരളത്തില്‍ നിന്നും ഏറ്റവും കൂടതല്‍ പേരെ ചേര്‍ത്തതിനുളള അംഗീകാരമാണ് സുധീന്ദ്ര ആശുപത്രി കരസ്ഥമാക്കിയത്.ഒരു രോഗി ചികിത്സ തേടുന്ന അവസരത്തില്‍ ആശുപത്രി അധികൃതര്‍ രോഗിക്കുവേണ്ടി രോഗിയുടെ മുഴുവന്‍ വിവരങ്ങളും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നു. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനില്‍ നിന്നും രോഗിക്ക് നല്കുന്ന തിരിച്ചറിയല്‍ രേഖയാണിത്. ഇപ്രകാരം ഒരാള്‍ക്ക് ലഭിക്കുന്ന നമ്പറാണ് സിംഗിള്‍ യൂണിവേഴ്സല്‍ ഹെല്‍ത്ത് ഐഡന്റിറ്റി നമ്പര്‍ (ആഭ). രോഗിക്ക് തന്റെ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ചികിത്സാ തിരിച്ചറിയല്‍ രേഖയാണിത്. ഈ നമ്പര്‍ രോഗിയുടെ ആധാറുമായും ബന്ധപ്പെടുത്തുന്നു. രോഗിയുടെ മുഴുവന്‍ ചികിത്സാ വിവരങ്ങളും ഈ നമ്പറില്‍ ലഭ്യമാകും.
രോഗി മറ്റൊരാശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന അവസരത്തില്‍ രോഗി തന്റെ ആഭ നമ്പര്‍ ആശുപത്രിയില്‍ കൗണ്ടറില്‍ നല്‍കുക. ആശുപത്രി അധികൃതര്‍ തങ്ങളുടെ ആശുപത്രിയില്‍ ഈ നമ്പര്‍ തങ്ങളുടെ സിസ്റ്റത്തില്‍ രേഖപ്പെടുത്തുമ്പോള്‍ ആഭാ നമ്പറുമായി ബന്ധിപ്പിച്ചിട്ടുളള രോഗിയുടെ മൊബൈലില്‍ വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി) ലഭിക്കും. ഈ ഒ.ടി.പി നല്കി വളരെ സുഗമമായും ഓണ്‍ലൈനായും താമസം കൂടാതെയും പുതിയ ആശുപത്രിയിലെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതിലൂടെ രോഗിയുടെ മുഴുവന്‍ പൂര്‍വ്വകാല ചികിത്സാ റിപ്പോര്‍ട്ടുകളും ഒറ്റക്ലിക്കില്‍ പുതിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാകുന്നതോടെ വളരെ വേഗം തുടര്‍ ചികിത്സകള്‍ ആരംഭിക്കാന്‍ സാധിക്കും. ആഭാ നമ്പര്‍ ഉള്ള രോഗിക്കോ, ബന്ധുക്കള്‍ക്കോ തങ്ങളുടെ പഴയ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ തേടി ആശുപത്രികള്‍ തോറും കയറിയിറങ്ങി സമയം നഷ്ടപ്പെടുത്തേണ്ടി വരുന്നില്ല. ആശുപത്രികള്‍ക്കും അവരുടെ സമയം ഇതിനായി നീക്കിവയ്ക്കേണ്ടി വരുന്നില്ല. സുധീന്ദ്രയില് പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ ചികിത്സാ വിദഗ്ദരായ കാര്‍ക്കിനോസിന്റെ കൂടി സഹകരണത്തോടെയാണ് കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ക്ക് ആഭാ നമ്പര്‍ ലഭ്യമാക്കാന്‍ സാധിച്ചതെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എം.ഐ.ജുനൈദ് റഹ്മാന് പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീ സുധീന്ദ്രയില് ഏവര്‍ക്കും താങ്ങാവുന്ന ചിലവില്‍ വിദഗ്ദ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു പറഞ്ഞു.