11-February-2021 -
By.
ന്യൂഡൽഹി: അതിർത്തി തർക്കത്തിൽ ഇന്ത്യ-ചൈന ധാരണയായെന്ന് പാർലമെന്റിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാങ്കോങ് തടകത്തിന്റെ തെക്കൻ തീരത്ത് നിന്നും വടക്കൻ തീരത്തു നിന്നും പിന്മാറാനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. പാങ്കോങ് തീരത്ത് പട്രോളിംഗ് നിർത്താനും നേരത്തെ ഇരു സൈന്യങ്ങളും നടത്തി വന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും പരസ്പര ധാരണയായി. സൈന്യങ്ങളുടെ പിൻമാറ്റം പൂർത്തിയായ ശേഷം 48 മണിക്കൂറിൽ കമാൻഡർ തല ചർച്ചയിലൂടെ മറ്റ് കാര്യങ്ങളിൽ തീരുമാനമെടുക്കും.
ചൈനീസ് സേന ഫിംഗർ എട്ടിലേക്ക് പിൻമാറും. ഇന്ത്യയുടെ സേന ഫിംഗർ മൂന്നിൽ നിലയുറപ്പിക്കും. ലഡാക്ക് അതിർത്തിയിൽ നിന്നും ഇരു സൈന്യങ്ങളും പിൻമാറിത്തുടങ്ങി. ഇന്ത്യ ഒരിഞ്ച് വിട്ടുവീഴ്ചയില്ലാതെയാണ് ധാരണയിലെത്തിയതെന്ന് രാജ്നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ അറിയിച്ചു. പാങ്കോങ് തടാകതീരത്ത് ഇന്ത്യൻ സേന വെല്ലുവിളി ശക്തമായി നേരിട്ടു. രണ്ടു സേനകളും രണ്ടായിരത്തി ഇരുപതിന്റെ തുടക്കത്തിലെ സ്ഥിതിയിലേക്ക് മാറണം എന്നാവശ്യപ്പെട്ടു.