Society Today
Breaking News

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദനയോ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളോ അനുഭവിച്ചറിയാത്തവര്‍ വളരെ വിരളമായിരിക്കും. ഇക്കാര്യത്തില്‍ പ്രായ ലിംഗ ഭേദങ്ങള്‍ക്കും  ഏത് ജോലിയാണ് ചെയ്യുന്നത് എന്നതിനുമൊന്നും വലിയ പ്രസക്തിയില്ല. പലപ്പോഴും ഉടന്‍ മാറുമെന്ന നിലയില്‍ അവഗണിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതേ സമയം  ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 30 മുതല്‍ 55 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ അധികമായി കണ്ടുവരുന്നത്. മാരകമായ കാരണങ്ങള്‍ ഇല്ലാത്ത (നോണ്‍ സ്‌പെസിഫിസിക്) നടുവേദനയാണ്  സാധാരണയായി 90 ശതമാനം പേരിലും  കാണപ്പെടുന്ന ലക്ഷണം.

എന്താണ് നടുവേദന (ലോവര്‍ ബാക് പെയിന്‍)?

വാരിയെല്ലിനും തുടയെല്ലിനും ഇടയിലുണ്ടാകുന്ന വേദനയ്ക്കാണ് പൊതുവെ നടുവേദന എന്ന് പറയുന്നത്. രണ്ട് നട്ടെല്ലും അതിനിടയില്‍ ഉള്ള ഡിസ്‌കും അനുബന്ധ ലിഗമെന്റുകളും ചേര്‍ന്നതാണ് നട്ടെല്ലിന്റെ  ഫംഗ്ഷണല്‍ യൂണിറ്റുകള്‍. നടുവിന്റെ അനക്കവും അസുഖങ്ങളും ബാധിക്കുന്നത് ഈ യൂണിറ്റുകളെയാണ്.

 
നട്ടെല്ലിന്റെ ഘടന

നടുവിന്റെ ആരോഗ്യത്തിന് കശേരുവിന്റെ (വെര്‍ട്ടിബ്രല്‍ കോളം) ചുറ്റുപാടുമുള്ള മസിലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും, ശരീരഭാരവും നിയന്ത്രിക്കേണ്ടതും വളരെ പ്രധാനമാണ്. ഈ കശേരുക്കളാണ് കൈകാലുകളിലേക്കുള്ള സൂഷ്മനാ നാഡികളെ സംരക്ഷിക്കുക, ശരീരം നിവര്‍ന്ന് നില്‍ക്കാന്‍ സഹായിക്കുക, ശരീരത്തിന്റെ ചലനത്തിന് സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. 

 
നട്ടെല്ലിന് രോഗങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍

 നടുവിനും അതിന്റെ ചുറ്റുഭാഗത്തുമുണ്ടാകുന്ന വേദന, നടുവില്‍ നിന്ന് കാലുകളിലേക്ക് പടരുന്ന വേദന, കാലുകളില്‍ മാത്രം കാണപ്പെടുന്ന വേദന എന്നിവയെല്ലാം നട്ടെല്ലിന്റെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളാകാം.തരിപ്പ്, പുകച്ചില്‍, ചുട്ടു നീറ്റല്‍. കാലുകള്‍ക്കുണ്ടാകുന്ന ബലക്കുറവ്, കടച്ചിലും തരിപ്പും മൂലം  കൂടുതല്‍ സമയം നില്‍ക്കാനും നടക്കാനും സാധിക്കാതെ വരിക, മലബന്ധം, മൂത്രതടസ്സം തുടങ്ങിയവയെല്ലാം ഞരമ്പ് ഞെരുങ്ങുന്നത് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ സൂചനകളാണ്.

 നടുവിനെ ബാധിക്കുന്ന രോഗങ്ങളും ചികിത്സകളും

1. മാരകമായ കാരണങ്ങള്‍ ഇല്ലാത്ത(നോണ്‍ സ്‌പെസിഫിസിക്) നടുവേദന.

 നടുവിനെ ബാധിക്കുന്ന പേശി വലിവോ (സ്‌പൈന്‍ സ്‌ട്രെയിന്‍), സാധാരണയായി ചെയ്യാത്ത ജോലികള്‍ ചെയ്യുന്നത് മൂലമോ, എന്തെങ്കിലും പരിക്കുകള്‍ കാരണമോ നടുവേദന വരാന്‍ സാധ്യതയുണ്ട്.ഒന്നോ രണ്ടോ ദിവസത്തെ വിശ്രമംകൊണ്ട് ഈ ബുദ്ധിമുട്ടിന് ആശ്വാസം ലഭിക്കും. മരുന്നുകള്‍, ഫിസിയോ തെറാപ്പി എന്നിവയും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. സമാന ബുദ്ധിമുട്ട് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍   നടുവേദനക്ക് കാരണമായ പ്രവൃത്തി ഒഴിവാക്കുക എന്നതാണ് മാര്‍ഗ്ഗം.

2. ഡിസ്‌ക് സംബന്ധമായ അസുഖങ്ങള്‍

ഡിസ്‌ക് ഹെര്‍ണിയേഷന്‍ (ഡിസ്‌ക് തള്ളിച്ച), സ്‌പോണ്‍ഡിലോസിസ് (നട്ടെല്ല് തേയ്മാനം), പേശിവലിവ്, ഉളുക്ക്, ലിസ്‌തെസിസ് (നട്ടെല്ലിന്റെ സ്ഥാനമാറ്റം), സ്‌റ്റെനോസിസ് (സുഷുമ്‌നാനാഡിയുടെ ചുരുങ്ങല്‍) തുടങ്ങിയവയെല്ലാം നട്ടെല്ലിന്റെ ഡിസ്‌കിന്റെ അനാരോഗ്യം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്.താരതമ്യേന ചെറുതായ നടുവേദനകള്‍ വിശ്രമം, ഫിസിയോ തെറാപ്പി, മസിലുകളുടെ റിലാക്‌സേഷനുള്ള മരുന്നുകള്‍, ചൂട് പിടിക്കല്‍ എന്നിവകൊണ്ട് മാറ്റാവുന്നതാണ്. 90 ശതമാനവും ഇങ്ങനെ ഉള്ളതാണ്. അതേസമയം കഠിനമായ വേദനയുള്ളവര്‍ക്ക് നട്ടെല്ലിലേക്കുളള സെലക്റ്റീവ് നേര്‍വ് റൂട്ട് ബ്ലോക്ക് എന്ന ഇന്‍ജക്ഷനും സഹായിക്കും. രോഗലക്ഷണങ്ങള്‍ രണ്ടുമുതല്‍ നാലാഴ്ച വരെമാത്രമേ, നീണ്ടുനില്‍ക്കുകയുള്ളൂ. ഡിസ്‌ക് സംബന്ധമായ അസുഖമുള്ളവരില്‍ അഞ്ച് മുതല്‍ 10 ശതമാനം പേര്‍ക്ക് വരെ താക്കോല്‍ ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടി വന്നേക്കാം. ഡിസ്‌കിന്റെ തള്ളിച്ചയുടെ വ്യാപനം അനുസരിച്ച് എന്‍ഡോസ്‌കോപ്പിക് പി.ഇ.എല്‍.ഡി/ ട്യൂബലാര്‍ മൈക്രോസ്‌കോപിക് അല്ലെങ്കില്‍ ഓപ്പണ്‍ ശസ്ത്രക്രിയയും വേണ്ടിവന്നേക്കാം.

 
3.സുഷുമ്‌ന നാഡി ചുരുങ്ങുന്നത്

 പ്രായമായവരിലാണ് സാധാരണയായി സുഷമ്‌നാ നാഡി ചുരുങ്ങുന്നത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കാണപ്പെടുന്നത്. ലമ്പാര്‍ കനാല്‍ സ്‌റ്റേനോസിസ് എന്നാണ് ഇത്തരം സാഹചര്യങ്ങള്‍ പറയുന്നത്.കൂടുതല്‍ നേരം നില്‍ക്കുമ്പോഴും നടക്കുമ്പോഴും കാലില്‍ തരിപ്പ്, കടച്ചില്‍, ബലക്കുറവ് എന്നിവയുണ്ടാകും. ഇരിക്കുമ്പോഴും കിടക്കുമ്പോഴുമാണ് ആശ്വാസം ലഭിക്കുക. ചെറിയ പ്രശ്‌നങ്ങളേ ഉള്ളൂ എങ്കില്‍ മരുന്നുകളും വ്യായാമവും കൊണ്ട് ബുദ്ധിമുട്ടുകള്‍ മാറ്റിയെടുക്കാവുന്നതാണ്. അതേസമയം രോഗലക്ഷണങ്ങള്‍ കൂടുതലായാല്‍ സുഷ്മനാ നാഡിയുടെ ചുരുങ്ങിയ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യേണ്ടി വരും.

4.സുസ്ഥിരമായ / കുറെ നാളുകള്‍ നീണ്ടുനില്‍ക്കുന്ന നടുവേദന.

അമിതവണ്ണം, പുകവലി, തുടര്‍ച്ചയായി ഇരുന്നുള്ള ജോലി, ഇരിപ്പിന്റെ തെറ്റായ രീതി, ശാരീരിക ആരോഗ്യ കുറവ്, നട്ടെല്ലിന്റെ തേയ്മാനം, അസ്ഥിയുടെ ബലക്കുറവ്, നടുവിനെ ബലപ്പെടുത്തുന്ന മസിലുകളുടെ ശോഷണം, ഡിസ്‌ക് സംബന്ധമായ മറ്റ് അസുഖങ്ങള്‍ മൂലം ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന മുതലായവയെല്ലാം നടുവേദനയ്ക്ക് കാരണമാകും. ലക്ഷണങ്ങള്‍ ആറ് ആഴ്ച്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ പരിശോധന അനിവാര്യമാണ്. നടുവേദനയുടെ  വിവിധ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് കൃത്യമായ കാരണം കണ്ടെത്തി വേണം ചികിത്സ നല്‍കാന്‍.

 5. മെറ്റബോളിക് ബോണ്‍ പ്രശ്‌നങ്ങള്‍

വിറ്റാമിന്‍ ഡി3, കാല്‍സ്യം, ഫോസ്ഫറസ്,  വിറ്റാമിന്‍ സി ഗുളികളുടെ അമിത ഉപയോഗം, തൈറോയ്ഡ് രോഗങ്ങള്‍, കിഡ്‌നി, ലിവര്‍  എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ശരീരത്തിലുണ്ടാകുന്ന ട്യൂമറുകളും രോഗങ്ങളും, ഇവയെല്ലാം നട്ടെലിന്റെ കശേരുവിന്റെ ഉപാപചയ പ്രക്രിയയെ ബാധിക്കുകയും നടുവേദന ഉണ്ടാക്കുകയും ചെയ്യാം. രോഗത്തിനനുസരിച്ച് വേണം ചികിത്സ നല്‍കാന്‍.

6.ഇന്‍ഫ് ളമേറ്ററി ബാക് പെയിന്‍

നട്ടെല്ലിനെ ബാധിക്കുന്ന ഇന്‍ഫ് ളമേറ്ററി നടുവേദനകള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞാല്‍ വേദന കുറയ്ക്കാന്‍ കഴിയും. കൂടുതല്‍ വിശ്രമിക്കുമ്പോഴും അതിരാവിലെയും ആയിരിക്കും  ഇങ്ങനെയുള്ളവരില്‍ വേദന കൂടുന്നത്.


7.ക്വാഡാ എക്വിന സിന്‍ഡ്രോം:

സുഷ്മനാ നാഡിയുടെ ഗുരുതരമായ കംപ്രഷന്‍ മൂലമാണ് ഇത് ഉണ്ടാകുന്നത്. മാസീവ് ഡിസ്‌ക് പ്രോലാപ്‌സ് /ട്യൂമര്‍ / പൊട്ടല്‍ (ഫ്രാക്ചര്‍)/ രക്തം കട്ട പിടിക്കല്‍ എന്നിവ മൂലമാണ് ഇതുണ്ടാകുന്നത്. മൂല മലമൂത്ര വിസര്‍ജനങ്ങള്‍ തടസ്സപ്പെടുക, കാലുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെടുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഞരമ്പിന്റെ പ്രവര്‍ത്തനം തകരാറിലാകുന്ന ലക്ഷണമായതിനാല്‍ എത്രയും പെട്ടന്ന് (48 മണിക്കൂറിനുള്ളില്‍) ശസ്ത്രക്രിയ ചെയ്താല്‍ മാത്രമേ നഷടപ്പെട്ട ഞരമ്പിന്റെ പ്രവര്‍ത്തനം തിരിച്ചു കിട്ടുന്നതിന് സാധ്യതയുള്ളൂ. 48 മണിക്കൂറിന് ശേഷം ഞരമ്പിന്റെ പ്രവര്‍ത്തനം തിരികെ കിട്ടാത്ത വിധം തകരാറിലാകുകയും ചെയ്യും.

 
8.സ്‌പൊണ്‍ഡെലോലിസ്‌തെസിസ്

 
നട്ടെല്ലിലെ കശേരുക്കള്‍ സ്ഥാനം തെറ്റുന്നത് മൂലമുണ്ടാകുന്ന നടുവേദനയാണിത്. നടുവേദന, കാല്‍ തരിപ്പ്, ബലക്കുറവ്, കാല്‍ കടച്ചില്‍ എന്നിവയാണ് ലക്ഷണങ്ങള്‍.രോഗികളോട് ബെല്‍റ്റ് ധരിക്കാന്‍ ഡോക്ടര്‍മാര്‍  നിര്‍ദ്ദേശിക്കാറുണ്ട്. വ്യായാമങ്ങള്‍, ശരീരഭാരം കുറക്കല്‍ തുടങ്ങിയവയിലൂടെ കുറയുന്നില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ സ്ഥാനം തെറ്റിയ എല്ലുകള്‍ സ്‌ക്രൂ ഉപയോഗിച്ച് പഴയ രീതിയില്‍ ആക്കേണ്ടി വരും.

9.നട്ടെല്ലിന്റെ വളവുകള്‍

നട്ടെല്ലിന്റെ വളവുകളും നടുവേദനക്ക് കാരണമാകാറുണ്ട്. അപകടങ്ങള്‍ മൂലമോ , ഞരമ്പിനെ ബാധിക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ കാരണമോ, ബലക്കുറവ് മൂലമോ വളവുകള്‍ ഉണ്ടാകാം. പ്രായം, വളവിന്റെ കാഠിന്യം, വേദന, അംഗവൈകല്യ സാധ്യത എന്നിവ കണക്കിലെടുത്തുമാണ് ചികിത്സ തീരുമാനിക്കുന്നത്.

10.നട്ടെല്ലിന്റെ സമീപമുള്ള അവയവങ്ങളില്‍നിന്നും വ്യാപിക്കുന്ന വേദന.

 നട്ടെല്ലിന് സമീപമുള്ള അവയവങ്ങളായ കിഡ്‌നി, പാന്‍ക്രിയാസ്, അയോര്‍ട്ട, പ്രോസ്‌റ്റേറ്റ്, യൂട്രസ്, പെരിട്ടോണിയം  എന്നിവയെ  ബാധിക്കുന്ന അസുഖങ്ങള്‍ നടുവേദനയായി അനുഭവപ്പെടാറുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് അതാത് അവയവത്തിന്റെ ലക്ഷണങ്ങള്‍ കൂടി നടുവേദനയോടൊപ്പം കണ്ടുവരാറുണ്ട്. ഞരമ്പുകളെ ബാധിക്കുന്ന ഹെര്‍പ്പസ് സോസ്റ്റര്‍ എന്ന അസുഖവും വളരെ കഠിനമായ നടുവേദനയോടെ കൂടി കണ്ടു വരാറുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തൊലിപ്പുറത്ത് കുമളകള്‍ പ്രത്യക്ഷപ്പെടും.ചിലരില്‍ രാത്രി കിടക്കുമ്പോള്‍ ഉണ്ടാകുന്ന വേദന, പനി, വിശപ്പില്ലായ്മ, തൂക്കം കുറയല്‍, നടുവേദന കാരണം മലമൂത്ര തടസ്സം, കാലിന് ബലക്കുറവും ഉണ്ടാവുക, വളരെക്കാലം സ്റ്റിറോയിഡുകളോ/ രോഗപ്രതിരോധ മരുന്നുകളോ ഉപയോഗിച്ചിരുന്നവര്‍, (ഉദാ. കാന്‍സര്‍ ചികിത്സ എടുത്തിരുന്നവര്‍), പ്രായം കൂടിയവരില്‍ അപകടത്തെ തുടര്‍ന്നുണ്ടാകുന്ന പരിക്കുകള്‍ തുടങ്ങിയവയും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍ഫെക്ഷന്‍ ട്യൂമര്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ളവര്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതുണ്ട്.നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങള്‍ മൂലം വളരെയധികം ബുദ്ധിമുട്ടുകളാണ് രോഗി അനുഭവിക്കേണ്ടി വരുന്നത്. ഇതിനെ പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയുന്ന അതിനൂതന ശസ്ത്രക്രിയകളും ഇന്ന് പ്രചാരത്തിലുണ്ട്. തുടക്കത്തില്‍ തന്നെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ പൂര്‍ണ്ണമായി ഭേദമാക്കാവുന്നതാണ്.

കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സ്‌പൈന്‍ സര്‍ജറി വിഭാഗം ഡയറക്ടര്‍ ഡോ വിനോദ് വി ആണ് ലേഖകന്‍
 

Top