Society Today
Breaking News

കൊച്ചി: ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബര്‍ സേവനം വിജയകരമായി നടത്തിയെന്ന് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചു. മുമ്പ് എത്തിച്ചേരാനാകാത്ത ഇന്ത്യയിലെ പ്രദേശങ്ങളിലേക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാനാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ജിയോ തങ്ങളുടെ പുതിയ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡായ 'ജിയോ സ്‌പെയ്‌സ് ഫൈബര്‍' പ്രദര്‍ശിപ്പിച്ചു. ജിയോസ്‌പേസ് ഫൈബര്‍ ഉള്‍പ്പെടെയുള്ള  ജിയോയുടെ തദ്ദേശീയ സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ചടങ്ങില്‍ ജിയോ പവലിയനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആകാശ് അംബാനി പ്രദര്‍ശിപ്പിച്ചു. 
ഈ സേവനം രാജ്യത്തുടനീളം വളരെ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാകുമെന്ന് ആകാശ് അംബാനി പറഞ്ഞു.

 നിലവില്‍ 450 ദശലക്ഷത്തിലധികം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ഫിക്‌സഡ് ലൈനും വയര്‍ലെസ് സേവനങ്ങളും ജിയോ നല്‍കുന്നു. ഇന്ത്യയിലെ എല്ലാ വീടുകളും ഡിജിറ്റലാക്കാന്‍, ജിയോയുടെ പ്രീമിയര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളായ ജിയോഫൈബര്‍, ജിയോ എയര്‍ ഫൈബര്‍ എന്നിവയ്‌ക്കൊപ്പം ജിയോ സ്‌പെയ്‌സ് ഫൈബര്‍ കൂട്ടിച്ചേര്‍ത്തു. സെല്ലുലാര്‍ ടവറുകളെ കോര്‍ നെറ്റ്‌വര്‍ക്കിലേക്ക് ബന്ധിപ്പിക്കുന്ന മൊബൈല്‍ ബാക്ക്‌ഹോളിന് ഉപഗ്രഹ ശൃംഖല അധിക ശേഷിയും നല്‍കും. ഈ മെച്ചപ്പെടുത്തല്‍ രാജ്യത്തിന്റെ ഏറ്റവും വിദൂര പ്രദേശങ്ങളില്‍ ജിയോ 5ജി സേവനങ്ങളുടെ ലഭ്യതയും വിപുലീകരണവും കൂടുതല്‍ മെച്ചപ്പെടുത്തും. ലോകത്തിലെ ഏറ്റവും നൂതന മീഡിയം എര്‍ത്ത് ഓര്‍ബിറ്റ് (എംഇഒ) സാറ്റലൈറ്റ് ടെക്‌നോളജി ആക്‌സസ് ചെയ്യാന്‍ ജിയോ എസ്ഇഎസുമായി സഹകരിക്കുന്നു. ബഹിരാകാശത്ത് നിന്ന് സമാനതയില്ലാത്ത  ജിഗാബൈറ്റ്, ഫൈബര്‍ പോലെയുള്ള സേവനങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഏക എംഇഒ കോണ്‍സ്റ്റലേഷനാണിത്.

എസ്ഇഎസിന്റെ ഓ3ബി, പുതിയ ഓ3ബി എംപവര്‍ സാറ്റലൈറ്റുകളിലേക്ക്  ജിയോയ്ക്ക് ആക്‌സസ് ഉള്ളതിനാല്‍, ഇതുവരെ കാണാത്ത ഏറ്റവും മികച്ച സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏക സേവനദാതാവായി ജിയോ മാറും. ഇത് ഇന്ത്യയൊട്ടാകെ താങ്ങാനാവുന്ന ബ്രോഡ്ബാന്‍ഡ് സേവനം വാഗ്ദാനം ചെയ്യുന്നു. ജിയോ സ്‌പെയ്‌സ് ഫൈബറിന്റെ ശക്തിയും വ്യാപ്തിയും പ്രകടിപ്പിക്കുന്നതിനായി, ഇന്ത്യയിലെ നാല് വിദൂര സ്ഥലങ്ങള്‍ ഇതിനകം തന്നെ ജിയോ സ്‌പെയ്‌സ് ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗിര്‍, ഛത്തീസ്ഗഡിലെ കോര്‍ബ, ഒഡീഷയിലെ നബരംഗ്പൂര്‍, ഒഎന്‍ജിസിജോര്‍ഹത്ത് അസം എന്നിവയാണ് അവ.ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വീടുകളെയും ബിസിനസുകളെയും ആദ്യമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് അനുഭവിക്കാന്‍ ജിയോ പ്രാപ്തമാക്കി. ജിയോസ്‌പേസ് ഫൈബര്‍ ഉപയോഗിച്ച്, ഇതുവരെ കണക്റ്റുചെയ്തിട്ടില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളെ ബന്ധിപ്പിക്കാന്‍ ഞങ്ങളുടെ സേവനം  വിപുലീകരിക്കുന്നതായും ആകാശ് അംബാനി  പറഞ്ഞു.

Top