Society Today
Breaking News

കൊച്ചി: കേരളത്തിന്റെ  വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ട് ഫിക്കിയുടെ നേതൃത്വത്തില്‍ കേരള വ്യവസായ വികസന കോര്‍പ്പറേഷനുമായി (കെഎസ്‌ഐഡിസി) സഹകരിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം നവംബര്‍ 9, 10 തീയതികളില്‍ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുമെന്ന് ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. എം. ഐ സഹദുള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മുഖ്യമന്ത്രി  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ  മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. എം.പിമാരായ ഡോ. ശശി തരൂര്‍,  ഹൈബി ഈഡന്‍ എന്നിവര്‍ക്കൊപ്പം കമല്‍ഹാസന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, ഇന്ത്യയിലെ ബ്രിട്ടീഷ്  ഹൈ കമ്മീഷണര്‍ അലക്‌സാര്‍ എല്ലിസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയാകുന്ന സമാപന സമ്മേളനത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

കേരളത്തിന്റെ സമഗ്ര വികസനവും, നിക്ഷേപ സാധ്യതകളും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തില്‍ ആഗോള തലത്തില്‍ പ്രശസ്തമായ നിരവധി കമ്പനികളും സി ഇ ഒമാരും പങ്കെടുക്കും. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഐ ടി ആന്‍ഡ് ഐ ടി ഇ എസ് , എന്റര്‍ടെയിന്‍മെന്റ്, എഡ്യുക്കേഷന്‍ ആന്‍ഡ് ആര്‍ട്ട്, സ്റ്റാര്‍ട്ട് അപ്പ്‌സ്, റീറ്റെയ്ല്‍, ടൂറിസം, സസ്‌റ്റെയ്‌നബിള്‍ ഇക്കോ സിസ്റ്റം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാകും സെഷനുകള്‍ നടക്കുക.  ഈ വര്‍ഷത്തെ ഫിക്കി മെയ്ഡ് ഇന്‍ കേരള അവാര്‍ഡുകളും സമ്മേളനത്തില്‍ വിതരണം ചെയ്യും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ , ചലച്ചിത്ര താരങ്ങളായ സിദ്ധാര്‍ഥ് സൂര്യനാരായണന്‍, നിക്കി ഗല്‍റാണി, മധു എസ് നായര്‍, വ്യവസായ പ്രമുഖരായ വിശാല്‍ ബാലി, ഡോ. ഫൈസല്‍ കൊട്ടിക്കൊള്ളന്‍,  ശ്യാം ശ്രീനിവാസന്‍,  സുമന്‍ ബില്ല  മുഹമ്മദ് ഹനീഷ് , വി.കെ മാത്യൂസ്, പി.ആര്‍ ശേഷാദ്രി, വാസുദേവന്‍,  അനൂപ് അംബിക, ഡോ. ജിബ്‌സണ്‍ ജി വേദമണി,  ദാമോദല്‍ മാല്‍, . എം.പി അഹമ്മദ്,  പ്രവീണ്‍ തോമസ്, വിനോദ് സുസ്ത്സി,  പ്രഭാത് സഹായ് വര്‍മ്മ, ബി. സന്ധ്യ ഐ.പി.എസ്,  സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും. ചലച്ചിത്രതാരവും  നര്‍ത്തകിയുമായ  ശോഭന, സംഗീതജ്ഞന്‍  സ്റ്റീഫന്‍ ദേവസി എന്നിവര്‍ നയിക്കുന്ന കലാപരിപാടികളും നടക്കും.

കേരളത്തിന്റെ സമഗ്ര വികസനത്തിനായി വ്യവസായ സംരംഭകര്‍, നിക്ഷേപകര്‍, നയരൂപീ കരണ വിദഗ്ധര്‍ എന്നിവര്‍ക്കു പുറമെ നിലവിലെ വെല്ലുവിളികള്‍ നേരിടാന്‍ വിദഗ്ധരും വ്യവസായ രംഗത്തെ അതികായരും തമ്മിലുള്ള തുറന്ന ചര്‍ച്ചകള്‍ക്കും ഈ സമ്മേളനം വേദിയാകും. വ്യവസായ പുരോഗതിക്കായി പുതിയ സാധ്യതകളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്ന സമ്മേളനത്തില്‍ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായി കേരളത്തെ ഉയര്‍ത്തി കാട്ടുക എന്നതാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയ, അന്തര്‍ദേശീയ താത്പര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയുള്ള പുതിയ നിക്ഷേപക സാധ്യതകളും ദ്വിദിന സമ്മേളനം ചര്‍ച്ച ചെയ്യും. പ്രസന്റേഷനുകള്‍ക്കും സെഷനുകള്‍ക്കുമപ്പുറം പരസ്പര സഹകരണത്തിന്റെ അനന്ത സാദ്ധ്യതകള്‍ കൂടി തുറക്കുന്നതാകും കൊച്ചിയില്‍ നടക്കുന്ന ദ്വിദിന സമ്മേളനം. ഉന്നത സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, മാനേജ്‌മെന്റ് ഗുരുക്കന്മാര്‍ തുടങ്ങിയവര്‍സമ്മേളനത്തിലുടനീളംപങ്കെടുക്കും. കെ എസ് ഐ ഡി സി ജനറല്‍ മാനേജര്‍ ആര്‍. പ്രശാന്ത്, ആന്റണി കൊട്ടാരം, അലക്‌സ് കെ.നൈനാന്‍, ബിബു  പൊന്നൂരാന്‍, എ. ഗോപാലകൃഷ്ണന്‍, യു.സി റിയാസ്, സാവിയോ മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top