31-October-2023 -
By. health desk
കൊച്ചി : സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് (ഐ.എം.എ). മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയിലാണ് ഇപ്പോള്‍ എലിപ്പനി രോഗികള്‍ കൂടുതലുള്ളത്. എലിപ്പനി പിടിപെടാന്‍ സാധ്യതയുള്ള മേഖലകളില്‍ ജോലിചെയ്യുന്നവര്‍ മുന്‍ കരുതലായി ഡോക്സിസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് മുന്‍കൂറായി കഴിക്കുന്നത് നല്ലതായിരിക്കുമെന്ന് ആരോഗ്യവകുപ്പ് അടുത്തിടെ അറിയിച്ചിരുന്നുവെന്നും ഇത് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സൗജന്യമായി ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ചാര്‍ജ്) ഡോ. കെ.കെ.ആശ അറിയിച്ചു.നായ, എലി, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തില്‍ കൂടി പുറത്തുവന്ന് വെള്ളത്തില്‍ കലര്‍ന്ന് മനുഷ്യശരീരത്തില്‍ കയറിപ്പയറ്റുന്ന ബാക്ടീരിയകള്‍ മൂലം ഉണ്ടാകുന്ന രോഗമാണ് എലിപ്പനി. വെള്ളക്കെട്ടുകളിലും മറ്റും ജോലി ചെയ്യുന്നവര്‍, ഓടകള്‍ വൃത്തിയാക്കുന്നവര്‍, പാടത്തും, പറമ്പിലും പൂന്തോട്ടങ്ങളിലും ജോലി ചെയ്യുന്നവര്‍, കാലില്‍ മുറിവ്, പാദം വിണ്ടുകീറിയിട്ടുള്ളവര്, മൃഗങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കമുളളവര്‍ തുടങ്ങിയവര്‍ക്ക് എലിപ്പനി പിടിപെടാനുളള സാധ്യത കൂടുതലാണ്. പനിയോടൊപ്പം തലവേദന, പേശിവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ പനിയും എലിപ്പനി ആകണമെന്നില്ല. പനിയുമായി ആശുപത്രികളിലോ, ക്ലിനിക്കുകളിലോ എത്തുന്ന രോഗികള്‍ക്ക് അവര്‍ എലിപ്പനി പിടിപെടാന്‍ സാധ്യതകളുള്ള മേഖലകളിലാണോ ജോലിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും ചോദിച്ചറിയേണ്ടതുണ്ട്. ഇത്തരത്തില്‍ എലിപ്പനി സാധ്യത തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഉടന്‍ രോഗികള്‍ക്ക് ഡോക്സിസൈക്ലിന്‍ നല്‍കാനും, എലിപ്പനി മൂലമുള്ള മരണം ഒഴിവാക്കാനും സാധിക്കുമെന്ന് ഐ.എം.എ കൊച്ചി സയന്റിഫിക് കമ്മിറ്റി ചെയര്മാന് ഡോ. രാജീവ് ജയദേവന് പറഞ്ഞു. പനി ബാധിച്ച വ്യക്തികളില്‍ എലിപ്പനി സാധ്യതയുള്ളപ്പോഴാണ് ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടതെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സ നടത്തരുതെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം. ഹനീഷ് ആവശ്യപ്പെട്ടു.