1-November-2023 -
By. Business Desk
കൊച്ചി: ക്രെഡായിയുടെ (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ) സംസ്ഥാന ചാപ്റ്ററായ ക്രെഡായി കേരള, ബില്‍ഡേഴ്സ് ഫ്രറ്റേണിറ്റിയുടെ സംസ്ഥാന സമ്മേളനം ക്രെഡായ് സ്റ്റേറ്റ്കോണ്‍ നവംബര്‍ 02, 03 തീയതികളില്‍, കളമശ്ശേരി ചകോളാസ് പവലിയന് ഇവന്റ് സെന്ററില്‍ നടക്കും. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, പുതിയ ബന്ധം കെട്ടിപ്പടുക്കുക, മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നയ പരിഷ്കരണങ്ങള്‍ എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നത്. കേരള റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സുസ്ഥിര വളര്‍ച്ച, ആശയങ്ങള്‍ കൈമാറുക, കെട്ടിട വ്യവസായത്തിലെ അംഗങ്ങള്‍ക്കിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ക്രെഡായ് കേരള ചെയര്മാന് രവി ജേക്കബും കോണ്‍ഫറന്‍സ് ചെയര്മാന് ഡോ. നജീബ് സക്കറിയയും പറഞ്ഞു.മന്ത്രി എം.ബി രാജേഷ് നവംബര്‍ 02 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഏഴാം പതിപ്പിന്റെ പ്രമേയം 'ഡെസ്റ്റിനേഷന്‍ കേരള, ദി നെക്സ്റ്റ് ബിഗ് റിയല്‍ എസ്റ്റേറ്റ് സ്റ്റോറി എന്നതാണ്. റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളിലെ പ്രഗത്ഭരായ പ്രഭാഷകരും മുതിര്‍ന്ന പ്രൊഫഷണലുകളും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും നിര്‍മ്മാണ വ്യവസായവുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക, വിപണന വശങ്ങളെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യും. കോണ്‍ഫറന്‍സിന്റെ സാങ്കേതിക സെഷനുകള്‍ നവംബര്‍ 2 ന് രാവിലെ 11.25 ന് ആരംഭിക്കും. രണ്ട് ദിവസത്തെ കോണ്‍ഫറന്‍സ് നവംബര്‍ 3 ന് ഉച്ചയ്ക്ക് ശേഷം അവസാനിക്കും.സി ഐ ഐ , ബി എ ഐ , കെ എം എ , ഐ എ എ , ഐ പി എ തുടങ്ങിയ ട്രേഡ് ബോഡികളില്‍ നിന്നുള്ള 100 പ്രതിനിധികള്‍ക്ക് പുറമെ, സംസ്ഥാനത്തെ അഞ്ച് ചാപ്റ്ററുകളായ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള 300ലധികം റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ക്രെഡായ് നാഷണല്‍, ദക്ഷിണ മേഖല, സംസ്ഥാന, നഗര ചാപ്റ്ററുകളില്‍ നിന്നുള്ള പ്രമുഖ അംഗങ്ങളുടെ സാന്നിധ്യത്തിനും ഈ വര്‍ഷത്തെ സമ്മേളനം സാക്ഷ്യം വഹിക്കും.