1-November-2023 -
By. Business Desk
കൊച്ചി :സ്വര്‍ണത്തിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റ് മൂന്നാം പാദത്തില്‍ 10 ശതമാനം ഉയര്‍ന്ന് 210.2 ടണ്ണായി. ആഭരണങ്ങള്‍ക്കുള്ള ഡിമാന്റ് 146.2 ടണ്ണില്‍ നിന്ന് 7 ശതമാനം ഉയര്‍ന്ന് 155.7 ടണ്ണായി. സ്വര്‍ണ ബാര്‍, കോയിന് ഡിമാന്‍ഡ് 45.4 ടണ്ണില്‍ നിന്ന് 20 ശതമാനം ഉയര്‍ന്ന് 54.5 ടണ്ണായെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. രാജ്യത്തെ സ്വര്‍ണ ബാര്‍, കോയിന് നിക്ഷേപം 2015 ന് ശേഷം ഒരു പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ഈ വര്‍ഷം മൂന്നാം പാദത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലെ 184.5 ടണ്ണില്‍ നിന്ന് 220 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. ഓണം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളാണ് സ്വര്‍ണ വില്‍പ്പന ഉയരാന്‍ കാരണം. സ്വര്‍ണ വില ഉയര്‍ന്നതോടെ കുറഞ്ഞ കാരറ്റ് (18K, 14K) ആഭരണങ്ങള്‍ ജനപ്രീതി നേടിയിട്ടുണ്ട്,.നാണയപ്പെരുപ്പത്തെക്കുറിച്ചുള്ള ഭയം, മണ്‍സൂണ്‍, ആഗോള സംഭവവികാസങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അനിശ്ചിതത്വങ്ങള്‍ കാരണം സ്വര്‍ണത്തിന്റെ അടിത്തറ ശക്തമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ വ്യക്തമാക്കി.