Society Today
Breaking News

കൊച്ചി: ഇന്ത്യയില്‍ പുരുഷന്മാരിലെ കാന്‍സര്‍ മരണ നിരക്ക് പ്രതിവര്‍ഷം 0.19 ശതമാനം കുറയുന്നു, എന്നാല്‍ സ്ത്രീകളില്‍ ഇത് 0.25 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഇരുവിഭാഗങ്ങളും ചേര്‍ന്നുള്ള കണക്കില്‍ 0.02 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും 23 മേജര്‍ കാന്‍സറുകളെക്കുറിച്ച് ഇന്ത്യക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2000ത്തിനും 2019നും ഇടയില്‍ ഇന്ത്യയില്‍ 12.85 ദശലക്ഷം പേരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്.
കൊച്ചി അമൃത ആശുപത്രിയിലെ അജില്‍ഷാജി, ഡോ.കെ.പവിത്രന്‍, ഡോ.ഡി.കെ.വിജയകുമാര്‍ എന്നിവര്‍ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കാന്‍സര്‍ ഗവേഷണത്തിനുള്ള രാജ്യാന്തര ഏജന്‍സിയിലെ ഡോ.കാഥറിന്‍ സൊവാഗറ്റുമായി ചേര്‍ന്ന് പഠന റിപ്പോര്‍ട്ട് അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുമായി ബന്ധപ്പെട്ട ജെസിഒ ഗ്ലോബല്‍ ഓങ്കോളജി എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ശ്വാസകോശം, സ്തനം, കൊളോറെക്റ്റം, ലിംഫോമ, മള്‍ട്ടിപ്പിള്‍ മൈലോമ, പിത്തസഞ്ചി, പാങ്ക്രിയാസ്, കിഡ്‌നി, മെസോതെലോമിയ തുടങ്ങിയ കാന്‍സറുകളിലാണ് 2000ത്തിനും 2019നും ഇടയില്‍ മരണ നിരക്ക് ഉയരുന്നതെന്ന് പഠനം പറയുന്നു. ഇരുവിഭാഗത്തിലും പാങ്ക്രിയാറ്റിക് കാന്‍സറിലാണ് ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്തിയത്, 2.7 ശതമാനം (പുരുഷന്മാരില്‍ 2.1 ശതമാനവും സ്ത്രീകളില്‍ 3.7 ശതമാനവും). അതേസമയം ആമാശയം, അന്നനാളം, രക്താര്‍ബുദം, ശ്വാസനാളം, മെലനോമ തുടങ്ങിയ കാന്‍സറുകളില്‍ ലിംഗ വ്യത്യാസമില്ലാതെ കുറഞ്ഞു.തൈറോയിഡ് (0.6), പിത്തസഞ്ചി (0.6) എന്നിവ ഒഴികെയുള്ള കാന്‍സറുകളില്ലെല്ലാം സ്ത്രീകളെക്കാള്‍ മരണ നിരക്ക് കൂടുതല്‍ പുരുഷന്മാരിലാണ്. ശ്വാസനാളത്തിലെ കാന്‍സറുകളില്‍ പുരുഷന്മാരില്‍ മരണ നിരക്ക് സ്ത്രീകളേക്കാള്‍ ആറു മടങ്ങ് കൂടുതലാണ്.

ശ്വാസകോശം (2.9), മെലനോമ (2.5), മൂത്രാശയം (2.3), വായ, ഓറോഫറിന്‍ക്‌സ് (2.2), കരള്‍ (1.9) എന്നിവ തുടര്‍ന്നു വരുന്നു. ആമാശയം, വന്‍ കുടല്‍ കാന്‍സറുകളില്‍ മരണ നിരക്ക് ഇരു ലിംഗങ്ങളിലും ഏതാണ്ട് ഒരുപോലെയാണ് പഠനം കണ്ടെത്തി.ഇന്ത്യക്കാര്‍ക്കിടയിലെ കാന്‍സര്‍ നിരക്കുകള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഗ്ലോബല്‍ ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററിയുട ഡാറ്റ അടിസ്ഥാനമാക്കി 2000നും 2019നും ഇടയിലുള്ള 23 പ്രധാന കാന്‍സറുകളുടെ മരണ നിരക്ക് വിശകലനം ചെയ്തത് അതുകൊണ്ടാണെന്നും ഒരു ദേശീയ കാന്‍സര്‍ രജിസ്ട്രിയോ രാജ്യവ്യാപകമായ കാന്‍സര്‍ മരണനിരക്ക് ഡാറ്റയോ ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ മികച്ച കാന്‍സര്‍ നിയന്ത്രണ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും കൃത്യവും കാര്യക്ഷമവുമായ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഈ എസ്റ്റിമേഷന്‍ അടിസ്ഥാനമാക്കിയുള്ള പഠനം ബദലാക്കാമെന്നും കൊച്ചി അമൃത ആശുപത്രിയിലെ കാന്‍സര്‍ രജിസ്ട്രി മേധാവി അജില്‍ഷാജി പറഞ്ഞു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി ഇന്ത്യയിലെ കാന്‍സര്‍ മരണ നിരക്കില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായെന്ന് അന്വേഷിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചെന്നും, ഇന്ത്യയിലെ പുരുഷന്മാര്‍ക്കിടയില്‍ കാലക്രമേണ കാന്‍സര്‍ മരണ നിരക്ക് കുറവു വന്നിട്ടുള്ളതായി പഠനത്തില്‍ കണ്ടെത്തിയെന്നും എന്നാല്‍ സ്ത്രീകളിലും ഇരു വിഭാഗം ചേര്‍ന്നുള്ള കണക്കുകളിലുള്ള നേരിയ വര്‍ധന അത്ര നിര്‍ണായകമല്ലെന്നും പൊതുവായ അര്‍ബുദങ്ങളില്‍ പിത്തസഞ്ചി, തൈറോയിഡ് കാര്‍സറുകളില്‍ സ്ത്രികളുടെ മരണ നിരക്ക് പുരുഷന്മാരേക്കാള്‍ കൂടുതലാണെന്നും അതേസമയം, പാങ്ക്രിയാറ്റിക് കാന്‍സര്‍ മരണ നിരക്ക് ഇരു ലിംഗങ്ങളിലും കൂടിയതും അതില്‍ സ്ത്രീകളുടേത് ഉയര്‍ന്നു നില്‍ക്കുന്നതും നിര്‍ണായകമാണെന്നും കൊച്ചി അമൃത ആശുപത്രിയിലെ ബ്രസ്റ്റ്,ഗൈനക്ക് ഓങ്കോളജി വിഭാഗം മേധാവി ഡോ.ഡി.കെ.വിജയകുമാര്‍ പറഞ്ഞു.

ഇന്ത്യയിലെ വര്‍ധിച്ചു വരുന്ന കാന്‍സര്‍ മരണ നിരക്കിന് പരിഹാരം കണ്ടെത്തുന്നതിന് ബഹുമുഖ സമീപനത്തിന്റെ ആവശ്യകതയെ പഠനം ഉയര്‍ത്തിക്കാട്ടുന്നുവെന്നും കാന്‍സര്‍ ലക്ഷണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, കാന്‍സര്‍ ഒഴിവാക്കുന്നതിനുള്ള നയങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യ സൗകര്യം, പ്രത്യേകം സമര്‍പിതമായി മനുഷ്യ വിഭവശേഷി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കാന്‍സറിനെ കുറിച്ചുള്ള അറിവില്ലായ്മ ചികില്‍സ വൈകിപ്പിക്കുന്നുവെന്നും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വികസിത സ്‌ക്രീനിങ് പ്രോഗ്രാമുകളും ആവശ്യമാണെന്നും ജനങ്ങള്‍ക്കിടയില്‍ കാന്‍സര്‍ ലക്ഷണങ്ങളെ കുറിച്ച് ബോധവല്‍ക്കരണത്തിനായി ദീര്‍ഘകാല പദ്ധതിയാണ് വേണ്ടതെന്നും കൊച്ചി അമൃത ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ.പവിത്രന്‍ കൂട്ടിചേര്‍ത്തു.

ആഗോളതലത്തില്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും മാരകമായ രണ്ടാമത്തെ സാംക്രമികേതര രോഗമാണ് കാന്‍സര്‍. 2020ല്‍ ഏകദേശം 9.9 ദശലക്ഷം പേര്‍ മരിച്ചു. ഒമ്പതു ശതമാനം കാന്‍സര്‍ മരണങ്ങളും ഇന്ത്യയിലാണ്. ഒരു ലക്ഷത്തിന് 63.1 ശതമാനം എന്നതാണ് രാജ്യത്തെ കാന്‍സര്‍ മരണ നിരക്ക്. ഇതില്‍ പുരുഷന്മാര്‍ 65.4 ശതമാനവും സ്ത്രീകള്‍ 61 ശതമാനവും വരുന്നു.2000ത്തിനും 2019നും ഇടയില്‍ ഇന്ത്യയില്‍ 23 പ്രധാന കാന്‍സര്‍ മൂലം 12.85 ശതമാനം മരണങ്ങള്‍ സംഭവിച്ചു. വായഓറോഫറിംഗല്‍ (15.6 ശതമനാം), ആമാശയം (10.6), ശ്വാസകോശം (9.6), സ്തനം (9), വന്‍കുടല്‍ (8) കാന്‍സര്‍ തുടങ്ങിയവയാണ് ഇതില്‍ കൂടുതലും.

Top