Society Today
Breaking News

കൊച്ചി: കുട്ടികളിലെ പഠന വൈകല്യം കണ്ടെത്തുന്നതിനായി  ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ  (ഐ.എ.പി) നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും, ചൈല്‍ഡ് കെയര്‍ സെന്റര്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍, എസ്.സി.എം.എസ് കോളജ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'ലേണിംഗ് ഫ്രണ്ട്‌ലി എറണാകുളം ഡിസ്ട്രിറ്റ്' പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ എസ്.എസി.എം.എസ്  കോളജിലെ തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. തുടര്‍ന്ന് ഇവര്‍ ജില്ലയിലെ 100 സ്‌കൂളുകളിലെ 10 വീതം അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം പനമ്പിളളി നഗര്‍ റോട്ടറി ബാലഭവനില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി ഐ.എ.എസ്  നിര്‍വ്വഹിച്ചു. പഠന വൈകല്യമുള്ള കുട്ടികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് എം.എസ് മാധവിക്കുട്ടി  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

തുടക്കത്തില്‍ തന്നെ പഠനവൈകല്യം കണ്ടെത്തിയാല്‍ ഇത് പരിഹരിച്ച് ഇവരെ മുന്നോട്ടു കൊണ്ടുവരാന്‍ സാധിക്കും. ഇതിനായി കൂട്ടായ പ്രയത്‌നം അനിവാര്യമാണെന്നും എം.എസ് മാധവിക്കുട്ടി പറഞ്ഞു. ചടങ്ങില്‍ ചൈല്‍ഡ് കെയര്‍ സെന്റര്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും എം.എസ് മാധവിക്കുട്ടി നിര്‍വ്വഹിച്ചു. കുട്ടികളിലെ പഠന വൈകല്യ നിര്‍ണ്ണയത്തിനും നിവാരണത്തിനുമായി 1995 ല്‍ സ്ഥാപിതമായതാണ് ചൈല്‍ഡ് കെയര്‍ സെന്റര്‍. കേരളത്തിലെ ആദ്യത്തേതുമാണ്.ഐ.എ.പി കൊച്ചിന്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ.എം.എസ് നൗഷാദ് അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് കെയര്‍ സെന്റര്‍ സൈക്കോളജിസ്റ്റ് ഡോ.അനിത മാത്യു, ചൈല്‍ഡ് കെയര്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അബ്രാഹം കെ.പോള്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ പ്രസിഡന്റ് പ്രകാശ് അസ്വാനി, എസ്.സി.എം.എസ് ഗ്രൂപ്പ് ഓഫ്  എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രമോദ് പി. തേവന്നൂര്‍, ഐ.എ.പി മുന്‍ പ്രസിഡന്റ് ഡോ. എം.ഐ.ജുനൈദ് റഹ്മാന്‍,ഐ.എ.പി കൊച്ചിന്‍ ബ്രാഞ്ച് സെക്രട്ടറി ഡോ. രേഖ സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
 

Top