6-December-2023 -
By. health desk
കൊച്ചി: കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്നതായി സൂചന. രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത അനിവാര്യമെന്ന് ഐ.എം.എ കൊച്ചി. പൊതുജനാരോഗ്യവിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിലെയും, സ്വകാര്യമേഖലയിലെയും ആരോഗ്യവിദഗ്ദരുമായി ഐ.എം.എ കൊച്ചി നടത്തിവരാറുള്ള പതിവ് യോഗത്തിലാണ് ഇത് സംബന്ധിച്ച വിലയിരുത്തലും നീരീക്ഷണങ്ങളും നടന്നത്. കോവിഡ് കൂടാതെ ഫ്‌ളൂ അഥവാ ഇന്‍ഫ്‌ളൂവന്‍സ, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ് എന്നിവയും പടര്‍ന്നു പിടിക്കുന്നതായാണ് വ്യക്തമാകുന്നതെന്ന് യോഗം വിലയിരുത്തി. നവംബര്‍ മാസം ആലുവ രാജഗിരി ആശുപത്രിയില്‍ നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്‍ പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. ഒക്ടോബറില്‍ ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്‍ ഒരു ശതമാനവും ആയിരുന്നു. നിരന്തര ജനിതക വ്യതിയാനം മൂലം ആവര്‍ത്തിച്ചു വരാന്‍ കോവിഡിന് കഴിവുണ്ട്. ഇപ്പോള്‍ ലോകത്ത് ബിഎ.2.86 ഉപശാഖയായ ജെഎന്‍.1 ആണ് മറ്റു രാജ്യങ്ങളില്‍ അതിവേഗം വര്‍ദ്ധിക്കുന്നത്. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ പടരുന്ന കോവിഡ് വൈകാതെ ഇന്ത്യയിലും വന്നേക്കാം എന്നാണ് സൂചന. മുതിര്‍ന്നവരില്‍ കോവിഡ് ചിലപ്പോള്‍ ഗുരുതരമായേക്കാം, ചെറുപ്പക്കാരില്‍ പതിവു ചുമ, തൊണ്ടയിലെ അസ്വസ്ഥത, കടുത്ത ക്ഷീണം എന്നീ ലക്ഷണങ്ങളുമായി രോഗികള്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് ടെസ്റ്റുകള്‍ നാമമാത്രമായാണ് ചെയ്യുന്നത്. അതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. കേരളത്തില്‍ ഫ്‌ളൂ അഥവാ ഇന്‍ഫ്‌ളുവന്‍സ വ്യാപകമായിട്ടുണ്ട്. കുട്ടികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. വര്‍ഷാവര്‍ഷം ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്ക്കും. കോവിഡിനെ അപേക്ഷിച്ച് ഇതിന് ഫലപ്രദമായ ആന്റിവൈറല്‍ ചികിത്സ ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സക്കീന, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം ഹനീഷ്, സയന്റിഫിക് അഡൈ്വസര്‍ ഡോ.രാജീവ് ജയദേവന്‍, രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് സണ്ണി പി.ഓരത്തേല്‍ എന്നിവര്‍ വ്യക്തമാക്കി. ഡെങ്കിപ്പനിയും കേരളത്തില്‍ ശക്തമാണ്. കൊതുകുനിവാരണമാണ് പ്രധാന പ്രതിരോധം. കഠിനമായ പനിയും മറ്റും വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കണം. പനി, ചുമ ഉള്ളവര്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ശ്രദ്ധിക്കുക. ലക്ഷണങ്ങള്‍ മാറുന്നതു വരെ ക്ലാസിലോ ഓഫീസിലോ പോകുന്നത് ഒഴിവാക്കുക. തിരക്കുള്ളതും വായുസഞ്ചാരം കുറഞ്ഞതുമായ ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. കോവിഡ് വന്നതിനു ശേഷം പലര്‍ക്കും ചുമ മാറാത്ത സാഹചര്യമുണ്ട്. സമാന ലക്ഷണങ്ങളുള്ള ടിബി അഥവാ ക്ഷയരോഗവും കൂടുതലായി കണ്ടു വരുന്നുണ്ട്. എത്രയും നേരത്തെ രോഗം കണ്ടെത്തി തടയാനുളള നടപടികള്‍ കൈക്കൊള്ളണമെന്നും ഐ.എം.എ കൊച്ചി നിര്‍ദ്ദേശിച്ചു.