Society Today
Breaking News

കൊച്ചി: അത്യപൂര്‍വ്വമായ യോജിപ്പിന്റെ പുതുഭാഷ്യം കുറിച്ചാണ് ചേട്ടന്‍ സൂര്യനാരായണനൊപ്പം ഹരിനാരായണന്‍ ലിസി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സഹോദരര്‍ രണ്ടുപേര്‍ക്കും ഒരുപോലെ ഗുരുതരമായ ഹൃദ്രോഗം നിര്‍ണ്ണയിക്കപ്പെടുക, രണ്ടുപേര്‍ക്കും ഹൃദയം മാറ്റിവയ്‌ക്കേണ്ടി വരിക, രണ്ടുപേര്‍ക്കും ഒരേ ആശുപത്രിയില്‍ ഒരേ ഡോക്ടര്‍ ഹൃദയം മാറ്റിവയ്ക്കുക, രണ്ടുപേര്‍ക്കും വ്യോമമാര്‍ഗം ഒരേ നഗരത്തില്‍ നിന്ന് ഹൃദയമെത്തിക്കുക എന്നിങ്ങനെ യോജിപ്പിന്റെ അത്യപൂര്‍വ്വമായ ചില ചരിത്രമുഹൂര്‍ത്തങ്ങളാണ് സൂര്യയും ഹരിയും ചേര്‍ന്ന് സൃഷ്ടിച്ചത്. ഒരേ മേല്‍ക്കൂരയ്ക്ക് കീഴിലേക്കാണ് അനുജനും ചേട്ടനും മടങ്ങിയിരിക്കുന്നത്. ലിസി ആശുപത്രിയില്‍ നടന്ന 28ാമത് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്.മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് കന്യാകുമാരി വിളിവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) ഹൃദയമാണ് ഹരിനാരായണനില്‍ (16) മാറ്റിവച്ചത്.

ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോമയോപതി എന്ന അസുഖമായിരുന്നു കായംകുളം സ്വദേശികളായ ബിന്ദുവിന്റെയും സതീഷിന്റെയും മകനായ ഹരിനാരായണന്. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ഹരിനാരായണന്‍ ലിസി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ആദ്യം മരുന്നുകള്‍ കൊണ്ട് ചികിത്സിക്കുവാന്‍ ശ്രമിച്ചെങ്കിലും പിന്നീട് രോഗം ഗുരുതരമായ സാഹചര്യത്തില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ആണ് ഏക പോംവഴി എന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറയുകയായിരുന്നു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ സംവിധാനമായ കെ  സോട്ടോയില്‍ ഹരിനാരായണന്റെ പേര് ഹൃദയത്തിനായി രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ അവയവ ദാനത്തിനെതിരെ നടക്കുന്ന തെറ്റിദ്ധാരണ പടര്‍ത്തുന്ന പ്രചരണങ്ങള്‍ മൂലം ഹൃദയം ലഭിക്കുവാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയ ഹരിനാരായണന്റെ കുടുംബം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഭാരിച്ച ചികിത്സാ ചെലവ് താങ്ങുവാന്‍ കഴിയാതെ തിരിച്ചു വരികയായിരുന്നു.

നവംബര്‍ 24 ന് ഉച്ചയോടെയാണ് കെ  സോട്ടോയില്‍ നിന്നും അവയവദാനത്തെക്കുറിച്ച് ലിസി ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ക്ക്  അറിയിപ്പ് ലഭിച്ചത്. പ്രാഥമികമായി ലഭിച്ച വിവരങ്ങളില്‍ നിന്നും സമാന രക്തഗ്രൂപ്പില്‍പ്പെട്ട സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ മെഡിക്കല്‍ സംഘം തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗ്ഗം പുറപ്പെടുകയും രാത്രിയോടെ അവിടെ എത്തി വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഓരോ നിമിഷത്തിനും പ്രാധാന്യമുള്ള ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ദൂരം ഒരു വലിയ പ്രതിസന്ധിയായിരുന്നു. അതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മന്ത്രി പി. രാജീവിനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ വാടകക്കെടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ ഹൃദയമെത്തിക്കുന്നതിന് വിട്ടു നല്‍കുവാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു

.രാവിലെ ഏഴുമണിയോടെയാണ് അവയവങ്ങള്‍ എടുക്കുന്നതിനുള്ള ശസ്ത്രക്രിയ കിംസില്‍ ആരംഭിച്ചത്. ഹൃദയമെടുത്ത ശേഷം 10:20 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 11:10 ന് ഹയാത്ത് ഹെലിപാഡില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും പോലീസ് സംവിധാനത്തിന്റെ സഹായത്തോടെ ഒരുക്കിയ ഗ്രീന്‍ കോറിഡോര്‍ വഴി കേവലം മൂന്ന് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ ഹൃദയം എത്തുകയും ഉടന്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. 12:30ന് ഹരിനാരായണനില്‍ സെല്‍വിന്റെ ഹൃദയം മിടിക്കുവാന്‍ ആരംഭിച്ചു. 3:45ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ഹരിനാരായണനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും നാലാം ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റുകയും ചെയ്തു.ഹരിനാരായണന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഇത്രയും വേഗം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുവാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

ഹരിനാരായണന്റെ സഹോദരന്‍ സൂര്യനാരായണനെ സമാനമായ രീതിയില്‍ 2021ല്‍ തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്ററില്‍ ഹൃദയം എത്തിച്ചാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. സൂര്യനാരായണന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ സൂര്യനാരായണന്‍ നീന്തല്‍ മത്സരത്തിലടക്കം മെഡലുകള്‍ നേടിയിരുന്നു.കടുത്ത വേദനയ്ക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ വലിയ മനസ് കാണിച്ച സെല്‍വിന്റെ കുടുംബത്തെ മറക്കുവാന്‍ കഴിയില്ലെന്ന് ഹരിനാരായണന്‍ പറഞ്ഞു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ രണ്ട് കുടുംബങ്ങള്‍ തയ്യാറായതുകൊണ്ട് മാത്രമാണ് നിങ്ങളുടെ മുന്നില്‍ ഇതുപോലെ ആരോഗ്യത്തോടെയിരുന്ന് സംസാരിക്കുവാന്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും സാധ്യമായതെന്ന് സൂര്യനാരായണന്‍ കൂട്ടിച്ചേര്‍ത്തു.പൂര്‍ണ്ണമായും സൗജന്യമായി ഹെലികോപ്റ്റര്‍ വിട്ടുനല്‍കിയ മുഖ്യമന്ത്രിക്കും അതിന് മുന്‍കൈയെടുത്ത മന്ത്രി. പി. രാജീവിനും ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കിയ പോലീസ് സേനക്കും ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ നന്ദി പറഞ്ഞു.

ജോ. ഡയറക്ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഡോ.ജേക്കബ് എബ്രഹാം, ഡോ.ഭാസ്‌കര്‍ രംഗനാഥന്‍, ഡോ.റോണി മാത്യു, ഡോ. ജീവേഷ് തോമസ്, ഡോ.ജോ ജോസഫ്, ഡോ.പി. മുരുകന്‍, ഡോ.ജോബ് വില്‍സണ്‍, ഡോ.ഗ്രേസ് മരിയ, ഡോ.ആന്റണി, സുഭാഷിണി, രാജി രമേഷ്, സിസ്റ്റര്‍ ആഗ്‌ന മരിയ, ലെവിന്‍ ആന്റണി, ജിഷ ജോര്‍ജ് തുടങ്ങിയവര്‍ ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു.

Top