24-January-2024 -
By. health desk
കൊച്ചി: ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി)ന്റെ 61 ാമത് ദേശീയ സമ്മേളനം ' പെഡിക്കോണ്‍ 2024' ഇന്ന് (ജനുവരി 25) മുതല്‍ ജനുവരി 28 വരെ എറണാകുളം ഗ്രാന്റ് ഹയാത്തല് നടക്കുമെന്ന് ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ.ജി.വി ബസവരാജ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഗോള താപനവും കുട്ടികളുടെ ആരോഗ്യവും എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ അനന്തരഫലം ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണ്. ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.നവജാതശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക് എങ്ങനെ കുറയ്ക്കാമെന്നും കുട്ടികളുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചും സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും.
രാവിലെ എട്ട് മുതല്‍ സെമിനാറുകള്‍ ആരംഭിക്കും. വൈകുന്നേരം ആറിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.എ.പി കേരള, കൊച്ചി ചാപ്റ്ററുകള്‍ സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.1963ലായിരുന്നു ആദ്യ സമ്മേളനം. 1998 ലായിരുന്നു കേരളത്തില്‍ കൊച്ചിയില്‍ ഐ.എ.പിയുടെ ദേശീയ സമ്മേളനം നടന്നത്. കാല് നൂറ്റാണ്ടിനു ശേഷമാണ് വീണ്ടും ദേശീയ സമ്മേളനത്തിന് കേരളവും കൊച്ചിയും വേദിയാകുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏഴായിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. സമ്മേളന വേദിയായ ഗ്രാന്റ് ഹയാത്തിലെ 11 ഹാളുകളിലാണ് വേദി സജ്ജമാക്കിയിരിക്കുന്നത്. ഒരു വേദി ഹൗസ് ബോട്ടിലാണ് ഒരുക്കിയിരിക്കുന്നത്.ഇത്തരത്തില്‍ 12 വേദികളില്‍ നാലു ദിവസങ്ങളിലായി ഇന്ത്യ കൂടാതെ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നടക്കം 1200ലധികം ആരോഗ്യവിദഗ്ദര് വിവിധ വിഷയങ്ങളിലായി നടക്കുന്ന സെമിനാറിന് നേതൃത്വം നല്‍കും.
ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി പേപ്പര്‍ രഹിത സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. സമ്മേളനത്തിന്റെ നടത്തിപ്പിനായി പ്രത്യേക ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാഹന പാര്‍ക്കിംഗ്, വേദികള്‍, സെമിനാര്‍ വിഷയങ്ങള്‍, ഫാക്കല്റ്റികള് ഉള്‍പ്പെടെ സമ്മേളനവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഈ ആപ്പിലൂടെ പ്രതിനിധികള്‍ക്ക് ലഭിക്കും കൊച്ചി നഗരത്തെ ഒരു തരത്തിലും ബാധിക്കാത്തവിധത്തിലുള്ള ട്രാഫിക് ക്രമീകരണങ്ങളാണ് സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നത്.വാട്ടര്‍ മെട്രോയുമായി ചേര്‍ന്ന് ബോട്ട് മാര്‍ഗ്ഗവും, ഇഓട്ടോയും വഴിയായിരിക്കും.പ്രതിനിധികളെ സമ്മേളന വേദിയായ ഗ്രാന്റ് ഹയാത്തില്‍ എത്തിക്കുക. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ആപ്പില്‍ ഗതാഗതത്തിനും പാര്‍ക്കിംഗിനും നിര്‍ദ്ദേശം നല്കുന്ന പ്രത്യേക സംവിധാനം തന്നെ സജ്ജമാക്കിയിട്ടുണ്ട്.
മറൈന്‍ ഡ്രൈവ്,ബോള്‍ഗാട്ടി പാലസ്, വല്ലാര്‍പാടം പള്ളി ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാര്‍ക്കിംഗിനായി പ്രത്യേക സൗകര്യവും സജ്ജമാക്കിയിട്ടുള്ളതിനാല്‍ കൊച്ചി നഗര ഗതാഗതത്തെ ഒരു തരത്തിലും സമ്മേളനം ബാധിക്കില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.ഐ.എ.പി ജനറല്‍ സെക്രട്ടറി ഡോ. യോഗേഷ് പാരിഖ്, ട്രഷറര്‍ അഥനു ബദ്രാ,പ്രസിഡന്റ് ഇലക്ട് ഡോ. വസന്ത് ഖലേത്ക്കര്,ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്ട്രറി ഡോ. എം. നാരായണന്, ട്രഷറര്‍ ഡോ. എം. ഐ ജുനൈദ് റഹ്മാന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.