Society Today
Breaking News

കൊച്ചി:ആഗോളതാപനത്തിന്റെ പ്രത്യാഘാതം മൂലം കൂട്ടികളില്‍ ശ്വാസകോശ രോഗങ്ങള്‍  അനുദിനം വര്‍ധിച്ചുവരികയാണെന്ന് ശിശുരോഗ വിദഗ്ദര്‍. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്(ഐ.എ.പി)ന്റെ കൊച്ചിയില്‍ നടക്കുന്ന 61 ാമത് ദേശീയ സമ്മേളനം ' പെഡിക്കോണ്‍2024 '  ല്‍ നടന്ന ചര്‍ച്ചയിലാണ് ശിശുരോഗ വിദഗ്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതാപനവും വായുമലിനീകരണവും മൂലം  കുട്ടികളില്‍ അലര്‍ജി രോഗങ്ങള്‍ വര്‍ധിക്കുകയാണ്. ആസ്മ, അലര്‍ജി റൈനിറ്റിസ് (മൂക്കൊലിപ്പ്), ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മുമ്പില്ലാത്ത വിധം കുട്ടികളില്‍ ഏറിവരികയാണെന്നും ശിശുരോഗ വിദഗ്ദര്‍ വ്യക്തമാക്കി. കുട്ടികളിലുണ്ടാകുന്ന രോഗങ്ങളില്‍ 50 ശതമാനത്തിലധികവും പ്രകൃതിയുമായി ബന്ധപ്പെട്ടാണെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരിക്കുന്നത്.

അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും  ആഗോളതാപനവും കുട്ടികളെയാണ് ഏറ്റവും അധികം പ്രതികൂലമായി ബാധിക്കുന്നത്. വര്‍ഷം തോറും ചൂടിന്റെ തോത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2050 ഓടുകൂടി നിലവിലേതില്‍ നിന്നും അഞ്ചു ശതമാനം അധികം ചൂടായിരിക്കും ഭൂമിയില്‍ ഉണ്ടാകുകയെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ശിശുരോഗ വിദഗ്ദര്‍ വിലയിരുത്തി. പ്രകൃതിയെ സംരക്ഷിച്ചാല്‍ മാത്രമെ കുട്ടികളുടെ ആരോഗ്യവും സംരക്ഷിക്കാന്‍ സാധിക്കു. അതിനാല്‍ കുട്ടികളുടെ ആരോഗ്യത്തിനൊപ്പം തന്നെ പ്രകൃതി സംരക്ഷണവും അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി.

കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് മുലപ്പാല്‍ അതിപ്രധാനമാണെന്നും ശിശുരോഗ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് വലിയ പ്രതിരോധശക്തിയാണ്  മുലപ്പാല്‍ സമ്മാനിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് അമ്മമാര്‍ കുഞ്ഞുകളെ കൃത്യമായി മുലയൂട്ടണമെന്നും മുലയൂട്ടലിന്റെ പ്രാധാന്യം പ്രചരിപ്പിക്കണമെന്നും ശിശുരോഗ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. കൗമാരക്കാര്‍ നേരിടുന്ന ശാരീരികവും മാനസികവുമായി പ്രശ്‌നങ്ങളും സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തു. കൗമാരക്കാരില്‍ ആരോഗ്യപരമായ മാനസിക വികാസത്തിന് ഏറെ പ്രധാന്യമുണ്ടെന്നും ഇതിന് അനുയോജ്യമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ടെന്നും സമ്മേളനം വിലയിരുത്തി.കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.

ആക്രമണങ്ങള്‍ ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് കുട്ടികളില്‍ സൃഷ്ടിക്കുന്നത്.ഇത് തടയുന്നതിന് ഐ.എ.പിക്ക് എന്ത് പങ്കു വഹിക്കാനാകുമെന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു. നാലു ദിവസമായി നടന്നു വരുന്ന സമ്മേളനം ജനുവരി 28  സമാപിക്കും.ആഗോള താപനവും കുട്ടികളുടെ ആരോഗ്യവും എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ഗ്രാന്റ് ഹയാത്തിലെ 11 ഹാളുകളിലും കായലില്‍ സജ്ജമാക്കിയിരിക്കുന്ന ഹൗസ് ബോട്ടിലുമായിട്ടാണ് ഏഴായിരത്തിലധം ശിശുരോഗ വിദഗ്ദര്‍ പങ്കെടുക്കുന്ന  സമ്മേളനവും സെമിനാറുകളും നടക്കുന്നത്.ഇന്ത്യ കൂടാതെ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നടക്കം 1200ലധികം ആരോഗ്യവിദഗ്ദരാണ് വിവിധ വിഷയങ്ങളിലായി  സെമിനാറിന് നേതൃത്വം നല്‍കുന്നത്.

Top