20-February-2024 -
By. news desk
കൊച്ചി :വിഐപി ഡ്യൂട്ടിക്ക് ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും നിയോഗിക്കുമ്പോള്‍ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത പക്ഷം വി.ഐ.പി.ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ (കെ.ജി.എം.ഒ.എ) പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായാണ് ആരോഗ്യവകുപ്പ്, പോലീസ്, ടൂറിസം വകുപ്പുകള്‍ പെരുമാറുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. നിലവിലെ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായിട്ടുവേണം ഡ്യൂട്ടി നിശ്ചയിക്കാന്‍ എന്നാവശ്യപ്പെട്ട് സംഘടന പലവട്ടം ജില്ലാ കളക്ടര്‍ക്കും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടും ശാശ്വത പരിഹാരം നാളിതുവരെ ആയിട്ടില്ല.
എറണാകുളം ജില്ലായിലെ ആരോഗ്യ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വി.ഐ.പി ഡ്യൂട്ടിക്ക് വിധേയരാകുന്നത്. മിക്കപ്പോഴും വി.ഐ.പികള്‍ അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പോലും ജില്ലയില്‍ വരുമ്പോള്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ആംബുലന്‍സ് അടക്കം ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നു.ഇത് മൂലം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും, ആശുപത്രിയില്‍ എത്തുന്ന നിര്‍ദ്ദനരായ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ വരുന്നു. കൂടാതെവിഐപി ഡ്യൂട്ടിക്ക് വിധേയരാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭക്ഷണമോ, താമസിക്കാനൊരിടാമോ, പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമോ പോലും ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് വി.ഐ.പി.ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുന്നതടക്കം പ്രത്യക്ഷ സമര പരിപാടികളെക്കുറിച്ച് സംസ്ഥാന കമ്മിറ്റിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് കെജിഎംഒഎ എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.