1-March-2024 -
By. health desk
കൊച്ചി: ഒരു ആശുപത്രിയില്‍ എത്രമാത്രം അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അവിടെ ചികില്‍സ തേടിയെത്തുന്ന രോഗികളോടുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സൗമ്യമായ പെരുമാറ്റവും അനുകമ്പയുമാണ് ആശുപത്രിയുടെ പ്രധാന വിജയഘടകമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ ഭീമാ ജുവല്ലേഴ്‌സിന്റെ സഹകരണത്തോടെ ആരംഭിച്ച കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗിയുടെ അസുഖം മാറ്റുന്നത് മരുന്നുകള്‍ മാത്രമല്ല മറിച്ച് ഡോക്ടറിലും നേഴ്മാരിലും രോഗിക്കുളള വിശ്വാസം കൂടിയാണ്. ഈ വിശ്വാസത്തിലൂടെയാണ് ആശുപത്രി സംവിധാനം തന്നെ മുന്നോട്ടു പോകുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
ഒരോ ആശുപത്രിയുടെയും ശക്തി അവിടുത്തെ നേഴ്‌സിംഗ് സ്റ്റാഫാണ്. ഇത് പറയപ്പെടാതെ പോകുന്ന സത്യമാണ്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നത് ഡോക്ടര്‍മാര്‍ മാത്രമല്ല ഇതിനു മുന്നില്‍ നില്‍ക്കുന്നത് നേഴ്‌സുമാരാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ബഹുമാനം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീമാ ജുവലേഴ്‌സിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള രണ്ടു കോടി ഉപയോഗിച്ചാണ് കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. രണ്ടു കോടിയുടെ ചെക്കും ചടങ്ങില്‍ ഭീമാ ജുവലേഴ്‌സ് ചെയര്‍മാന്‍ ബിന്ദു മാധവ് ആശുപത്രി ഭരണസമിതിക്ക് കൈമാറി. ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ് എം.എല്‍.എ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം.ഹനീഷ്, ആശുപത്രി സെക്രട്ടറി അജയ് തറയില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.സി.കെ.ബാലന്‍, ആശുപത്രി ഡയറക്ടര്‍മാരായ അഗസ്റ്റസ് സിറിള്‍, പി വി അഷറഫ്, ഡോ.ഹസീന മുഹമ്മദ്, ഇക്ബാല്‍ വലിയവീട്ടില്‍, ഇന്ദിരാബായി പ്രസാദ്, എന്‍.എ.അബ്രാഹം, ടി.എച്ച് റാഷിദ്,പി.ഡി.അശോകന്‍, കെ.പി.വിജയകുമാര്‍, അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ്, ഡോ.ജോര്‍ജ് ജെ.വാളൂരാന്‍, ഡോ.ജിയോ പോള്‍ സി തുടങ്ങിയവര്‍ സംസാരിച്ചു.