Society Today
Breaking News

കൊച്ചി: ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികള്‍ കച്ചവടത്തിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കാത്ത പക്ഷം അവരുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഏപ്രില്‍ മുതല്‍  സംസ്ഥാന വിപണിയില്‍ വില്‍പ്പന  നടത്തില്ലെന്ന് കേരള കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഡീലേഴ്‌സ് ഫോറം (KCDF) ഭാരവാഹികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നിലവില്‍ വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഉല്‍പ്പന്നവും ബഹിഷ്‌ക്കരിക്കില്ല എന്നാല്‍ 
പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് റീട്ടെയില്‍ വ്യാപാരികള്‍ക്ക് മിനിമം 20 ശതമാനം കമ്മീഷന്‍ ലഭിക്കാതെ  വില്‍ക്കില്ല. ഇതിന് ആനുപാതികമായി ഡിസ്്ട്രിബ്യൂട്ടേഴേസിനും കമ്മീഷന്‍ വര്‍ധന വേണമെന്നും കെ.സി.ഡി.എഫ്് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സമാന സ്വഭാവമുള്ള സംഘടനകളായ ആള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍(AKDA), ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസ്സോസിയേഷന്‍ (ADCDA),  സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരള (SWAK), ബേക്കേഴ്‌സ് അസോസ്സിയേഷന്‍ കേരള (BAKE)  എന്നിവര്‍ സംയുക്തമായി രൂപീകരിച്ച പൊതുവേദിയാണ് കേരള കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഡീലേഴ്‌സ് ഫോറം.(കെ.സി.ഡി.എഫ് ).

കേരളത്തില്‍ വ്യാപാരികളുടെ നിലനില്‍പ്പ്  അപകടത്തിലാണെന്ന് കെ.സി.ഡി.എഫ്്‌സംസ്ഥാന ചെയര്‍മാന്‍ മുജീബൂര്‍ റഹ്മാന്‍.എ(സംസ്ഥാന പ്രസിഡന്റ്,ആള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.രാജ്യത്തിന്റെ മുഴുവന്‍ മേഖലകളിലും കാലാനുസൃതമായ വേതന വര്‍ധനവ് വന്നിട്ടുണ്ടെങ്കിലും വ്യാപാരികളുടെ കാര്യത്തില്‍ മാത്രം ഏതോ കാലത്ത് നിശ്ചയിച്ച കമ്മീഷന്‍ മാത്രമാണ് കമ്പനികള്‍ ഇപ്പോഴും നല്‍കന്നുന്നത്. കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം പരമ്പരാഗത കച്ചവടക്കാരെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ്.കേരളത്തില്‍ നടക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ 20 മുതല്‍ 25 ശതമാനവും വില്‍പ്പന നടത്തുന്നത് കോര്‍പ്പറേറ്റ് മാഫിയകളാണ്.പരമ്പരാഗത കച്ചവടക്കാര്‍ക്ക് നിലവില്‍ 5 ശതമാനം മുതല്‍ 7 ശതമാനം വരെ കമ്മീഷന്‍ നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ കമ്പനികള്‍ക്കും, മോഡേണ്‍ ട്രേഡുകള്‍ എന്നവകാശപ്പെടുന്ന കുത്തകകള്‍ക്ക് 35 ശതമാനം കമ്മീഷനാണ് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികള്‍ നല്‍കുന്നത്.

എല്ലാ ഉപഭോക്താക്കള്‍ക്കും മോഡേണ്‍ ട്രേഡുകളില്‍ എത്തിപ്പെടാന്‍ കഴിയാറില്ല. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് അമിത നിരക്കില്‍ സാധനം വാങ്ങേണ്ടി വരുമ്പോള്‍ ഒരു വിഭാഗം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭത്തില്‍  മോഡേണ്‍ ട്രേഡുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും കഴിയുന്നു. ഇതിലൂടെ ഉപഭോക്താക്കളെ വിഭജിച്ച് സമൂഹത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണെന്നു മാത്രമല്ല  പരമ്പരാഗത കച്ചവടക്കാര്‍ കൂടുതല്‍ ലാഭം എടുക്കുന്നവരാണെന്ന് ധാരണ പൊതുസമഹൂത്തില്‍ പടരാനും കാരണമാകുന്നു.സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഏര്‍പ്പെടുത്തുന്ന  ലൈസന്‍സുകള്‍ക്ക് പുറമെ, പി.എഫ്, ഇ.എസ്.ഐ, ക്ഷേമനിധി എന്നിങ്ങനെ നിയമാനുസൃതമായി പാലിക്കേണ്ടവയെല്ലാം പാലിച്ച് വ്യാപാരം നടത്തുന്ന പരമ്പരാഗത കച്ചവടക്കാര്‍ അകാരണമായി സംശയത്തിന്റെ നിഴലിലാകുന്നുവെന്നും ഫോറം ഭാരവാഹികള്‍ പറഞ്ഞു. കൂടിയ വിലയ്ക്ക് കിട്ടുന്ന ഉല്‍പ്പന്നങ്ങള്‍ കൂടിയ വിലയ്ക്ക് മാത്രമേ വിറ്റഴിക്കാന്‍ സാധിക്കൂ. കുത്തകകള്‍ക്കും ഓണ്‍ലൈന്‍കാര്‍ക്കും കൂടുതല്‍ കമ്മീഷന്‍ എന്ന നയം കമ്പനികള്‍ തിരുത്തണമെന്നും മുജീബൂര്‍ റഹുമാന്‍.എ  ആവശ്യപ്പെട്ടു.

നിര്‍മ്മാതാക്കളില്‍ നിന്നും കൂടുതല്‍ കമ്മീഷന്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുത്തക വ്യാപാരികളും  ഓണ്‍ലൈന്‍കാരും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ വില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്  ജി.എസ്.ടി ഇനത്തില്‍ ഭീമമായ തുകയാണ് നഷ്ടം സംഭവിക്കുന്നത്. നാളിതുവരെ കേരളത്തിലെ വ്യാപാരികള്‍ സര്‍ക്കാരിന് നല്‍കിക്കൊണ്ടിരുന്ന നികുതി വരുമാനമായിരുന്നു കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി നിലകൊണ്ടിരുന്നത്.കേരളത്തിലെ ഏതു ക്ഷേമപ്രവര്‍ത്തനങ്ങളാകട്ടെ പരിപാടികളാകട്ടെ എല്ലാത്തിനെയും പിന്തുണച്ചിരുന്നത് പരമ്പാരഗത വ്യാപാരികളായിരുന്നു. എന്നാല്‍ ഈ വ്യാപാരികളെ സംരക്ഷിക്കുന്ന നിലപാടല്ല  സംസ്ഥാനത്തിന്റെയെന്നും മുജീബൂര്‍ റഹുമാന്‍.എ പറഞ്ഞു. കേരളം വ്യാപര സൗഹൃദ സംസ്ഥാനമാണെന്ന്  പറയുമ്പോഴും പരമ്പരാഗത വ്യാപാരികളെ ശ്വാസം മുട്ടിച്ചുകൊണ്ട് കേരളത്തിന്റെ വ്യാപാര മേഖലയെ കുത്തകകള്‍ക്ക് തീറെഴുതുന്ന സമീപമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചില ലോബികള്‍ ജിഎസ്ടി ബില്ലിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും മറവില്‍ ലഹരി വസ്തുക്കളും മയക്കു മരുന്നുകളും കടത്തുന്നു. ഇത്തരത്തില്‍ ലഹരിവസ്തുക്കള്‍ക്കൊപ്പം കൊണ്ടു വരുന്ന ഉല്‍പ്പന്നങ്ങള്‍ പകുതി വിലയ്ക്ക് സംസ്ഥാന വിപണിയില്‍ വില്‍പന നടത്തുന്നതും പരമ്പരാഗത കച്ചവടക്കാരെ ബാധിക്കുന്നു. ഇത് തടയുന്നതിനായി എല്ലാ ചെക്ക് പോസ്റ്റുകളിലും ജിഎസ്ടി, എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി  പരിശോധന ശക്തമാക്കണമെന്നും ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കണ്‍വീനര്‍മാരായ ജോര്‍ഫിന്‍ പെട്ട( സംസ്ഥാന പ്രസിഡന്റ്,സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരള), ,എ.എന്‍.മോഹനന്‍(    സംസ്ഥാന പ്രസിഡന്റ്,ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസ്സോസിയേഷന്‍), കിരണ്‍ എസ് പാലയ്ക്കല്‍(സംസ്ഥാന പ്രസിഡന്റ്, ബേക്കേഴ്‌സ് അസോസ്സിയേഷന്‍ കേരള) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Top