Society Today
Breaking News

കൊച്ചി: കിന്‍ഫ്രയുടെ വ്യാവസായിക ജലവിതരണ പദ്ധതി കാക്കനാട് ഇന്‍ഫോപാര്‍ക്കിന്റെ നിലനില്‍പിന് ഉള്‍പ്പെടെ അനിവാര്യമാണെന്ന് കിന്‍ഫ്ര എം. ഡി സന്തോഷ് കോശി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ സ്ഥാപിതമായിരിക്കുന്ന ഐ.ടി കമ്പനികള്‍ ജലദൗര്‍ലഭ്യംമൂലം തങ്ങളുടെ സംരംഭങ്ങള്‍ അവിടെനിന്നു മാറ്റി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ തീരുമാനിച്ചാല്‍ അതുമൂലം സംസ്ഥാനത്തിനുണ്ടായേക്കാവുന്ന നഷ്ടം വളരെ വലുതായിരിക്കും. കിന്‍ഫ്രയുടെ പദ്ധതിയ്ക്ക് തടസ്സം നേരിട്ടതറിഞ്ഞ് ഇന്‍ഫോ പാര്‍ക്ക് മേധാവികള്‍ പദ്ധതിയുടെ തടസ്സം നീക്കുന്നതിനുവേണ്ടി 2023 ജൂലൈയില്‍ ഗവണ്‍മെന്റിനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കുടിവെള്ള പദ്ധതികള്‍ക്കു  മുന്‍ഗണന നല്‍കിയും ജലലഭ്യത  ഉറപ്പുവരുത്തിയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഗവണ്‍മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതിനായി വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേരുകയും അവയുടെ തീരുമാനപ്രകാരം ജലവിഭവ വകുപ്പ് പെരിയാറില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.

പെരിയാറില്‍ ജല അതോറിറ്റിയിടേയും ജലസേചന വകുപ്പിന്റെയും കിന്‍ഫ്രയുടെയും ആവശ്യങ്ങള്‍  കഴിഞ്ഞും ഏകദേശം 1043 ദശലക്ഷം  ലിറ്റര്‍ ജലം ബാക്കിയുണ്ടാവും എന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വേനല്‍ക്കാലത്ത് വെള്ളം പമ്പ് ചെയ്യാനുള്ള കുറഞ്ഞ നിരപ്പ് പമ്പ്ഹൗസിനു സമീപം  ക്രമീകരിക്കാന്‍ ജല അതോറിറ്റിക്ക് കഴിയാത്തതാണ് ജല ദൗര്‍ലഭ്യത്തിനു കാരണം എന്ന് വ്യക്തമാകുകയും  ഇത് പരിഹരിക്കുന്നതിനായി പുറപ്പള്ളിക്കാവ് റെഗുലേറ്ററിന്റെ പരമാവധി നിരപ്പ് ഉപയോഗപ്പെടുത്തുന്നതിന് അമ്മനത്തുപള്ളത്ത് ഒരു ക്രോസ് റെഗുലേറ്റര്‍ സ്ഥാപിക്കാന്‍വേണ്ട  നടപടി  ജലവകുപ്പ് എടുക്കുകയും ചെയ്തു. ഇതുകൂടാതെ ജല അതോറിറ്റി തങ്ങളുടെ 190 ദശലക്ഷം സ്ഥാപിത ശേഷിയുള്ള ജല  ശുദ്ധീകരണശാലയുടെ  നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.

ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കിന്‍ഫ്രയുടെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. പദ്ധതിയില്‍ പൊതുമരാമത്ത് റോഡില്‍ 14.5 കിലോമീറ്ററോളം പൈപ്പിടേണ്ട സ്ഥാനത്ത് 280 മീറ്റര്‍ മാത്രമാണ് പണി പൂര്‍ത്തിയാക്കിയത്. എത്രയുംപെട്ടെന്ന് പണി ആരംഭിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ  2025 ഡിസംബറോടു കൂടി പൈപ്പിടല്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ.  പെരിയാറില്‍നിന്നു ജലം പമ്പ് ചെയ്യേണ്ട സാഹചര്യം 2025 ഡിസംബറോടുകൂടിയേ ഉണ്ടാകുകയുള്ളൂ. ഇപ്പോള്‍ പൈപ്പിടല്‍ ജോലികള്‍ ആരംഭിച്ച് പണി പൂര്‍ത്തിയാക്കാന്‍കഴിഞ്ഞാല്‍മാത്രമേ പൊതുമരാമത്ത് വകുപ്പിന് അതിനനുസരിച്ച് റോഡുകളുടെ പുനരുദ്ധാരണ ജോലികള്‍ ആരംഭിച്ച് മുമ്പോട്ടു പോകുവാന്‍ കഴിയൂ.

ജലവിഭവ വകുപ്പ് വിഭാവനംചെയ്ത പ്രവൃത്തികള്‍ ഇതിനോടൊപ്പംതന്നെ പൂര്‍ത്തിയാക്കി എറണാകുളം ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കഴിയും. കിന്‍ഫ്ര പദ്ധതിയുടെ പ്രധാന ഉപയോക്താക്കള്‍ ഇന്‍ഫോപാര്‍ക്ക് ആണ്.  അവിടുത്തെ ഏകദേശം ഒരു ലക്ഷത്തില്‍പരം ജോലിക്കാരുടെ കുടിവെള്ളം ഉള്‍പ്പെടെയുള്ള ദൈനംദിന ആവശ്യങ്ങള്‍ക്കാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. നിലവില്‍ കിന്‍ഫ്രയില്‍ നിന്ന് 80% ശതമാനം വെള്ളവും കൊടുക്കുന്നത് ഇന്‍ഫോപാര്‍ക്കിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കാണ്. ബാക്കിയുള്ള 20% ശതമാനം മാത്രമാണ് വ്യാവസായിക ആവശ്യങ്ങള്‍ക്കായി കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കൊടുക്കുന്നത്. 25 കോടിയോളം രൂപ പൈപ്പ് ഇടാനും പമ്പിങ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിനുമായി കിന്‍ഫ്ര ഇതിനോടകം ചെലവാക്കിയിട്ടുമുണ്ട്.

കൊച്ചി കിന്‍ഫ്രയുടെ ജലവിതരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് 2013 ലാണ്. 2016ല്‍ പദ്ധതിക്കായി ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയും 2022ഓടുകൂടി റീടെണ്ടര്‍ ചെയ്ത് കരാര്‍ തീര്‍പ്പാക്കി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 45 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള വ്യാവസായിക ജലവിതരണ പദ്ധതിയുടെ ഭാഗമായി 800 മില്ലീ മീറ്റര്‍ വ്യാസമുള്ള  പൈപ്പിടല്‍  തോട്ടുമുഖം ഭാഗത്ത് 2022 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചെങ്കിലും ഈ പദ്ധതി വന്നാല്‍ എറണാകുളം ജില്ലയിലെ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകും എന്നാരോപിച്ച് പദ്ധതിയുടെ നര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയിരുന്നു.ആലുവ തോട്ടുമുഖത്ത് പെരിയാറിന്റെ കരയില്‍ ഇപ്പോള്‍ പണിയുന്ന കിണറില്‍നിന്നും ആരംഭിച്ച് തോട്ടുമുഖം, എടയപുരം, കൊച്ചിന്‍ബാങ്ക്, എന്‍എഡി, മണലിമുക്ക്, ഇടച്ചിറ വഴി 14.5 കിലോമീറ്റര്‍ ദൂരം പൈപ്പിട്ട് കിന്‍ഫ്രയുടെ കാക്കനാട് പാര്‍ക്കില്‍ എത്തിച്ച് അത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ആദ്യം 30 എംഎല്‍ഡി വെള്ളം കൊണ്ടുപോകുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും പിന്നീട് പെട്രോകെമിക്കല്‍ പാര്‍ക്ക് പദ്ധതിയും കൂടി ഉള്‍പ്പെടുത്തിയതിനെതുടര്‍ന്ന് 45 എംഎല്‍ഡി ആയി ഉയര്‍ത്തുകയായിരുന്നു.2000ല്‍ സ്ഥാപിച്ച വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ കടമ്പ്രയാറിലെ വെള്ളം ശുദ്ധീകരിച്ചാണ് ഇന്‍ഫോപാര്‍ക്കിലെ യൂണിറ്റുകളുടെയും കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലെ സ്ഥാപനങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.കിന്‍ഫ്ര മധ്യമേഖല ഹെഡ് എ കെ ജീഷ, ജനറല്‍ മാനേജര്‍ ടി. ബി അമ്പിളി, , കൊച്ചി  ഇന്‍ഫോപാര്‍ക്  സിഇഒ കെ. സുശാന്ത്, കിന്‍ഫ്ര നോഡല്‍ ഓഫീസര്‍ മാത്യു. എ. ജോര്‍ജ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
 

Top