3-April-2024 -
By. news desk
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്കിത് പിറന്നാള്‍ മാസമാണ്. ഏപ്രില്‍ 25ന് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കും. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സര്‍വ്വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ 11 മാസം പിന്നിടുമ്പോള്‍ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേര്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോര്‍ട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടര്‍ മെട്രോയെത്താന്‍ ഇനി അധികം വൈകില്ല. ഇതിന് മുന്നോടിയായി നടപ്പാതകളും വഴിവിളക്കുകളുമുള്‍പ്പെടെ മാറ്റി സ്ഥാപിച്ച് കെഎംആര്‍എല്‍ ഫോര്‍ട്ട് കൊച്ചിയുടെ മുഖം മിനുക്കി. സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോയ്ക്ക് സമാനമായ പദ്ധതികള്‍ ആലോചനയിലാണെന്നത് ഇതിന് തെളിവാണ്.
സമാനതകളില്ലാത്ത, പുതിയ ആശയമായതിനാല്‍ തന്നെ ആദ്യ വര്‍ഷം കൊച്ചി വാട്ടര്‍ മെട്രോയെ അടുത്തറിയാന്‍ കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം സ്ഥിരം യാത്രകരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. എന്നാല്‍ വാട്ടര്‍ മെട്രോയെ ദൈനംദിന യാത്രകള്‍ക്കായി ഒപ്പം കൂട്ടുവാന്‍ ദ്വീപ് നിവാസികളെ പ്രേരിപ്പിക്കുന്നതിനാണ് കൊച്ചി വാട്ടര്‍ മെട്രോ ഊന്നല്‍ നല്‍കുക. 20 മുതല്‍ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കെ വിവിധ യാത്രാപാസ്സുകള്‍ ഉപയോഗിച്ച് 10 രൂപ നിരക്കില്‍ വരെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സ്ഥിരം യാത്രികര്‍ക്ക് സഞ്ചരിക്കാം. സൗത്ത് ചിറ്റൂരില്‍ നിന്ന് ബസ്സില്‍ ഹൈക്കോര്‍ട്ടിലേക്കെത്താന്‍ 18 രൂപ വേണമെന്നിരിക്കെ കൊച്ചി വാട്ടര്‍ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങള്‍ക്ക് ഇതേ ദൂരം യാത്ര ചെയ്യാം.
പുതിയ റൂട്ടുകള്‍ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികള്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന വെല്ലുവിളിയാണ്. സര്‍വ്വീസുകളുടെ എണ്ണത്തിലെ പരിമിതികള്‍ സൌത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ റൂട്ടുകള്‍ സ്ഥിരം യാത്രികരെ ആകര്‍ഷിക്കുന്നതിനും വെല്ലുവിളിയാണ്. പുതിയ റൂട്ടുകള്‍ക്കായി അവശേഷിക്കുന്ന ബോട്ടുകള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എത്രയും വേഗം നല്‍കുമെന്നാണ് പ്രതീക്ഷ. കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടണ്‍ ഐലന്‍ഡ്, കടമക്കുടി, മട്ടാഞ്ചേരി ടെര്‍മിനലുകളുടെ നിര്‍മ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. വാട്ടര്‍ മെട്രോ ടെര്‍മിനലുകളിലേക്ക് എത്തുന്നതിനും അവിടെ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനും സഹായകരമാകാന്‍ ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി നിലവിലുള്ളതിലും മികച്ചതാക്കുവാനാണ് ശ്രമം.
ഇതിനായി വിവിധ പദ്ധതികള്‍ പരിഗണനയിലാണ്. അതാത് മേഖലകളിലെ ടൂറിസം സാധ്യകള്‍ പരിഗണിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പദ്ധതികള്‍ തയ്യാറാക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കേണ്ടതാണ്. ദ്വീപുനിവാസികള്‍ക്ക് വരുമാനമാകുന്ന തരത്തില്‍ ഫിഷിംഗ്, കലാപരിപാടികള്‍, മറ്റ് ആക്റ്റിവിറ്റികള്‍ എന്നിവ ക്രമീകരിച്ച് വാട്ടര്‍ മെട്രോയില്‍ സഞ്ചാരികളെ ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് മാതൃകയില്‍ ദ്വീപുകളിലേക്ക് എത്തിക്കുന്നതിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്യും. കൂടുതല്‍ ബോട്ടുകള്‍ ലഭിക്കുന്നതനുസരിച്ച് ടൂറിസം സാധ്യതകള്‍ വിനിയോഗിച്ച് വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം ട്രിപ്പുകള്‍ ക്രമീകരിക്കുന്നതും ആലോചനയിലാണ്.