Society Today
Breaking News

കൊച്ചി:  മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും തലപൊക്കുന്നതായി ഐഎംഎ.കൊച്ചി ഐ എം എ യുടെ  ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍,സ്വകാര്യ മേഖലയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയത്. സൈക്ലിക്കല്‍ അഥവാ ചാക്രികമായ ചില വൈറല്‍ രോഗങ്ങളുടെ സവിശേഷതയാണിത് എങ്കിലും കൊവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി. ഏപ്രില്‍ മാസം രണ്ടാം വാരം നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായിട്ടുണ്ട്, എന്നാല്‍ ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. ബംഗ്ലൂരില്‍ ഈ മാസത്തെ വേസ്റ്റ് വാട്ടര്‍ പരിശോധനയില്‍ വൈറസ് സജീവമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനര്‍ത്ഥം രാജ്യത്ത് കോവിഡ് വീണ്ടും കാണപ്പെട്ടു തുടങ്ങി എന്നാണ്. കോവിഡാനന്തര പ്രശ്‌നങ്ങള്‍ വരാതിരിക്കാനായി ആവര്‍ത്തിച്ചുള്ള രോഗം ഒഴിവാക്കുന്നതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതെന്നും യോഗം മുന്നറിയിപ്പു നല്‍കി.  

ഡെങ്കിപ്പനി സജീവം

കൊതുകു മൂലം ഉണ്ടാകുന്ന ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇപ്പോഴും സജീവമാണ്. മഴക്കാലം വരുമ്പോള്‍ ഇപ്പോഴത്തെ കൊതുകുകള്‍ ഇടുന്ന മുട്ടകള്‍ വിരിയുകയും  കൊതുകുകള്‍ പെരുകുകയും ചെയ്യും. വെള്ളക്കെട്ടുണ്ടായാല്‍ ഇത് അനിയന്ത്രിതമാകും. അതൊഴിവാക്കാന്‍ ചപ്പും പ്ലാസ്റ്റിക്കും മറ്റും മൂലം അടഞ്ഞ ഓടകള്‍ നേരത്തെ തന്നെ വൃത്തിയാക്കി  വെള്ളക്കെട്ടുണ്ടാകാതെ തടയണം. ഒപ്പം വീടിനോട് ചേര്‍ന്നുള്ള പറമ്പുകളില്‍ വെള്ളക്കെട്ടുണ്ടാകാതിരിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

ഭക്ഷവിഷബാധയ്‌ക്കെതിരെ മുന്‍കരുതല്‍

ഭക്ഷ്യ വിഷബാധ ഒഴിവാക്കാന്‍ ശുദ്ധജലം കരുതുകയും സുരക്ഷിതമായ ഇടങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുകയും ചെയ്യുക. ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പും ആഹാരം കഴിക്കുന്നതിനു മുന്‍പും ടോയ്‌ലറ്റ് ഉപയോഗത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. 

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി അനിവാര്യം

റോഡപകടങ്ങള്‍ തടയാന്‍ കൂടുതല്‍ നടപടികള്‍ വേണം.  അപകടത്തില്‍ പെടാതെ കാല്‍നടക്കാര്‍ക്ക് നടക്കാനായി സുരക്ഷിതമായ നടപ്പാതകളും തുറസ്സായ സ്ഥലങ്ങളും ഉണ്ടാകണം. ഉപയോഗിക്കാതെ കിടക്കുന്ന സ്‌റ്റേഡിയം, വലിയ കോളേജ് ഗ്രൗണ്ടുകള്‍ മുതലായവ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ പേര്‍ക്കു വ്യായാമം ചെയ്യാന്‍ വിധത്തില്‍ സൗകര്യം ഒരുക്കിയാല്‍ പ്രമേഹം ഹൃദ്രോഗം മുതലായ ജീവിതശൈലീരോഗങ്ങള്‍ പരമാവധി ഒഴിവാക്കാനും സാധിക്കുമെന്നും യോഗം വിലയിരുത്തി. ഐഎംഎ കൊച്ചി സയന്റിഫിക് അഡൈ്വസര്‍ ഡോ. രാജീവ് ജയദേവന്‍, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.എം. എം ഹനീഷ്, മുന്‍ പ്രസിഡന്റ്മാരായ ഡോ. സണ്ണി പി ഓരത്തേല്‍, ഡോ. മരിയ വര്‍ഗീസ്് ഡോ. എ. അല്‍ത്താഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top