Society Today
Breaking News

പണ്ട് മദ്യപിക്കുന്ന പുരുഷന്മാരില്‍ മാത്രം കൂടുതല്‍ കണ്ടിരുന്ന കരള്‍രോഗമായ ഫാറ്റിലിവര്‍ ഇപ്പോള്‍ സ്ത്രീകളിലും കുട്ടികളിലും യുവാക്കളിലുമെല്ലാം ആശങ്കയാകുന്നതെങ്ങനെയെന്ന് അറിയേണ്ടതുണ്ട്. ഫാറ്റി ലിവറും ഹെപ്പറ്റൈറ്റിസുമാണ് കേരളത്തില്‍ ഏറ്റവും വ്യാപകമായി കാണുന്ന കരള്‍രോഗങ്ങള്‍. ഇതില്‍ ഹെപ്പറ്റൈറ്റിസ് വൈറസ്ബാധ മൂലമുണ്ടാകുന്നതാണ്. അതില്‍ ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് ഫലപ്രദമായ വാക്‌സിനുണ്ട്.  എന്നാല്‍ ഹെപ്പറ്റൈറ്റിസ് സിക്ക് വാക്‌സിന്‍ ഇല്ല. മലിനമായ വെള്ളം, ഭക്ഷണം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രോഗിയുമായുള്ള സമ്പര്‍ക്കം (രക്തമോ മറ്റോ നേരിട്ട് തൊട്ടാല്‍) എന്നിവയിലൂടെയാണ് ഈ രോഗങ്ങള്‍ പകരുന്നത്. 

നോണ്‍ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ജീവിതശൈലി രോഗം

ഇപ്പോള്‍ വ്യാപകമായി കാണുന്ന നോണ്‍ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ തീര്‍ത്തും ഒരു ജീവിതശൈലി രോഗമാണ്. ജീവിതശൈലി ആരോഗ്യകരമായ രീതിയില്‍ മാറ്റിയാല്‍ മറ്റ് സങ്കീര്‍ണതകളില്ലെങ്കില്‍ സ്വയം ഭേദമാകാന്‍ കഴിയുന്ന അവസ്ഥയാണിത്. നമ്മുടെ ശരീരത്തില്‍ കരള്‍ എന്ന അത്ഭുതഅവയവത്തിന് മാത്രമേ  ഇങ്ങനെ സ്വയം ഭേദപ്പെടുത്താനുള്ള കഴിവുള്ളൂ. എന്നുകരുതി കരളിന്റെ ആരോഗ്യത്തിന് വേണ്ട ശ്രദ്ധകൊടുക്കാതിരുന്നാല്‍ സിറോസിസ്, അര്‍ബുദം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കും ഇടയുണ്ട്.

 ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, സോഡ ചേര്‍ത്ത സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഇപ്പോള്‍ മലയാളികള്‍ ധാരാളമായി കഴിച്ചുതുടങ്ങിയിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന അളവില്‍ മധുരം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നത്. ഇവയിലെല്ലാം ശരീരത്തിന് ആവശ്യമായതിലധികം അന്നജം അടങ്ങിയിരിക്കുന്നു. ഇത്രയധികം ഊര്‍ജം ചെലവഴിക്കാന്‍ തക്കതായ ശാരീരികപ്രവര്‍ത്തനങ്ങള്‍ ഇല്ലതാനും. ദീര്‍ഘനേരം ഇരുന്നുള്ള ജോലിയും വ്യായാമമില്ലായ്മയും കൂടിയാകുമ്പോള്‍ അധികമായി എത്തുന്ന ഊര്‍ജം മുഴുവന്‍ കൊഴുപ്പായി സൂക്ഷിക്കാന്‍ ശരീരം നിര്‍ബന്ധിതമാകുന്നു. അങ്ങനെയാണ് അമിതഭാരവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളുമുണ്ടാകുന്നത്.

 ആരോഗ്യമുള്ളയാളുപടെ കരളില്‍ കൊഴുപ്പിന്റെ അംശം നാമമാത്രം

ആരോഗ്യമുള്ള ഒരാളുടെ കരളില്‍ കൊഴുപ്പിന്റെ അംശം നാമമാത്രമായിരിക്കും. എന്നാല്‍ കരളിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന അളവില്‍ കൊഴുപ്പ് രൂപപ്പെടുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഏറെ നാള്‍ ലക്ഷണങ്ങളില്ലാതെ തുടരുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. എന്നാല്‍ വര്‍ഷങ്ങളോളം അങ്ങനെ തുടരുമ്പോള്‍ കരള്‍ കൂടുതല്‍ ക്ഷീണിതമാകും. സ്വയം ഭേദപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ മരുന്നുകളുടെയും പിന്നീട് കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വരെ വേണ്ടിവരും. പ്രശസ്ത്ര ടെലിവിഷന്‍ താരം സുബി സുരേഷ്, ട്രാഫിക് എന്ന ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് പിള്ളൈ എന്നിവരുടെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടുകള്‍ നമുക്ക് മുന്നില്‍ പാഠമായുണ്ട്. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാതിരുന്ന രാജേഷ് പിള്ളയ്ക്ക് വിനയായത് ജങ്ക്ഫുഡും സോഫ്റ്റ്ഡ്രിങ്കുകളും ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

കുട്ടികളിലും അമിതവണ്ണം പ്രധാനആരോഗ്യപ്രശ്‌നം

മുതിര്‍ന്നവരിലെന്ന പോലെ കുട്ടികളിലും ഇപ്പോള്‍ അമിതവണ്ണം ഒരു പ്രധാനആരോഗ്യപ്രശ്‌നമായി മാറിക്കഴിഞ്ഞിട്ടുണ്ട്. എട്ടോ ഒന്‍പതോ വയസുള്ള കുട്ടിയില്‍ ഫാറ്റിലിവര്‍ ഉണ്ടായാല്‍, അത് ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍, ഇരുപതുകളില്‍ എത്തുമ്പോഴേക്കും ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമവും ശീലമാക്കിയാല്‍ രണ്ടാം ഘട്ടത്തിലെത്തിയ (ഫൈബ്രോസിസ്) ഫാറ്റി ലിവര്‍ വരെ പൂര്‍ണമായും മാറുന്നതാണ്. ഓരോ വ്യക്തിയിലും അതിനെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. അമിതവണ്ണമുള്ളവര്‍ അവരുടെ ശരീരഭാരത്തിന്റെ ഒരു 10% എങ്കിലും കുറയ്ക്കുമ്പോള്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ പ്രകടമാകും. എപ്പോഴും ഓരോ വ്യക്തിക്കും അനുയോജ്യമായ ശരീരഭാരം കാത്തുസൂക്ഷിക്കണം.

മദ്യപാനം, അത് എത്ര ചെറിയ അളവിലാണെങ്കില്‍പ്പോലും കരളിന് അമിതസമ്മര്‍ദ്ദം തന്നെയാണ്. അത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കേണ്ടതും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. പ്രോസസ് ചെയ്ത ചീസ്, ബട്ടര്‍, മാംസം എന്നിവയ്ക്ക് പകരം ഫൈബറും പ്രോടീനും കൂടുതല്‍ അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങാം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മധുരപലഹാരങ്ങളും നിയന്ത്രിക്കണം. പരസ്യങ്ങള്‍ മാത്രം വിശ്വസിച്ച് സപ്പ്‌ളിമെന്റുകളും മറ്റും വാങ്ങിക്കഴിക്കരുത്. അവയില്‍ ലോഹത്തിന്റെ അംശമുള്‍പ്പെടെ പല രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടാകാം. ഇവ പുറന്തള്ളേണ്ടത് കരളിന്റെ ദൗത്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളും കഴിക്കാവൂ. നിസാരരോഗങ്ങള്‍ക്ക് സ്ഥിരമായി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നുകള്‍ സ്വയം വാങ്ങികഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല.


ലക്ഷണം രോഗം സങ്കീര്‍ണ്ണമാകുമ്പോള്‍

കരള്‍രോഗം സങ്കീര്‍ണതകളിലേക്ക് കടക്കുമ്പോഴാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. വയറിന്റെ വലതുഭാഗത്ത് വാരിയെല്ലിന് സമീപം വേദന, കാലില്‍ നീര്, ചര്‍മത്തിലെ പ്രശ്‌നങ്ങള്‍, മൂത്രത്തിലെ അസ്വാഭാവിക മഞ്ഞനിറം എന്നിവ കരള്‍രോഗത്തിന്റെ സൂചനകളാകാം. പലപ്പോഴും മറ്റെന്തെങ്കിലും ആവശ്യത്തിന് പരിശോധനകള്‍ക്ക് വിധേയരാകുമ്പോഴാണ് കരള്‍രോഗങ്ങളും ആദ്യം ശ്രദ്ധിക്കുന്നത്. അത്രയും വൈകിപ്പോകാതിരിക്കാന്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് നടത്താം. ഇതില്‍ ധാരാളം പരിശോധനകള്‍ അടങ്ങിയിട്ടുണ്ട്. അവയെല്ലാം വിശദമായി നോക്കിയാല്‍ മാത്രം കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പലരും സ്ഥിരമായി ബിലിറൂബിന്‍ എന്ന ഘടകം മാത്രം ടെസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവ അവഗണിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കരളിന്റെ അവസ്ഥ ഏറ്റവും മോശമാകുമ്പോള്‍ മാത്രമേ ബിലിറൂബിന്‍ ഉയരുകയുള്ളു. തുടക്കത്തില്‍ കാര്യമായ മാറ്റങ്ങള്‍ കാണിക്കില്ല. ധാരാളം ശാരീരികപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന അവയവമായതിനാല്‍ കരളിന്റെ ആരോഗ്യം അറിയണമെങ്കില്‍ പ്ലേറ്റ്‌ലെറ്റുകള്‍ ഉള്‍പ്പെടെ സമഗ്രമായ പരിശോധനകള്‍ ആവശ്യമായി വരാം. ഫാറ്റിലിവറും മറ്റും എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്നറിയാന്‍ സ്‌കാനിങ്ങും ആവശ്യമായി വന്നേക്കാം.

 വിവരങ്ങള്‍ക്ക് കടപ്പാട്:  ഡോ. ചാള്‍സ് പനക്കല്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ , ആസ്റ്റര്‍ മെഡ്‌സിറ്റി

Top