16-February-2021 -
By.
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴികൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികള്‍ കൈമാറരുതെന്നാണ് ആവശ്യം. സ്വപ്ന സുരേഷ്, സരിത് എന്നിവരാണ് രഹസ്യമൊഴികൾ നൽകിയത്.
ഈ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഇഡി ഹർജി അനുവദിക്കരുതെന്നാണ് കസ്റ്റംസിന്റെ ആവശ്യം. രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കസ്റ്റംസ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇഡി ഹർജി അടുത്ത മാസം രണ്ടിന് വിധി പറയാൻ മാറ്റി. അഡീ. സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം, എൻഐഎ രജിസ്റ്റർ ചെയ്ത സ്വർണക്കടത്തുകേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. തങ്ങൾക്കെതിരെ തീവ്രവാദ പ്രവർത്തനം തടയൽ നിയമപ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങൾക്ക് കുറ്റപത്രത്തിൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ.
കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അഡി. സിജെഎം കോടതി നേരത്തേ ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. കേസിൽ 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. യുഎപിഎ ചോദ്യം ചെയ്ത് കേസിലെ എട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി വാദം കേട്ട് വിധി പറയാൻ മാറ്റിയിട്ടുണ്ട്.