Society Today
Breaking News

കൊച്ചി: കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ്  വിദേശ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്നും ആദ്യഘട്ടത്തില്‍ യു.കെയില്‍ 10 ബ്രാഞ്ചുകള്‍ തുറക്കുമെന്നും കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇടപ്പള്ളിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ  കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരം മെയ് അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കെഎല്‍എം ആക്‌സിവ ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കും. 

കെഎല്‍എം അരീനയുടെ ഉദ്ഘാടനം ഇസാഫ് ബാങ്ക് എംഡി പോള്‍ തോമസും മാനേജ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ  ഉദ്ഘാടനം സിന്തൈറ്റ് ഇന്‍ഡസ്്ട്രീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍  അജു ജേക്കബ്ബും ചടങ്ങില്‍ നിര്‍വ്വഹിക്കും.മുന്‍ പ്രധാനമന്ത്രിയുടെ  പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെകെ നായര്‍,ടെന്നീസ് താരം സാനിയ മിര്‍സ എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും.കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ഉമ തോമസ് എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

ടെന്നിസിലെ കൗമാര പ്രതിഭകള്‍ക്ക് സാനിയ മിര്‍സയുമായി സംവദിക്കുന്നതിനായി മീറ്റ് ദി ലെജന്‍ഡ് എന്ന പ്രോഗ്രാമും ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടക്കും. മികച്ച ടെന്നീസ് പ്രതിഭകള്‍ക്കായി കളിയുപകരണങ്ങള്‍ നല്‍കുന്ന എയ്‌സ് എന്ന പദ്ധയ്ക്കും ചടങ്ങില്‍ തുടക്കമാകും.വലിയ വിപുലീകരണ പദ്ധതികളാണ് വരും വര്‍ഷങ്ങളില്‍ കമ്പനി തയ്യാറാക്കിയിരിക്കുന്നത്.മൂന്നു വര്‍ഷത്തിനുള്ളില്‍ ബ്രാഞ്ചുകളുടെ എണ്ണം മൂവായിരമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഷിബു തെക്കുംപുറം പറഞ്ഞു. മൈക്രോ ഫിനാന്‍സിനു മാത്രമായി പുതിയ എന്‍ബിഎഫ്‌സി ഈ വര്‍ഷം ആരംഭിക്കും.മുഴുവന്‍ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകള്‍ തുറക്കുന്നതോടെ  2024 അവസാനമാകുമ്പോഴേയ്ക്കും രാജ്യത്ത് ശക്തമായ സാന്നിധ്യമായി കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് മാറുമെന്നും അദ്ദേഹം പറഞ്ഞു.കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ്  ഡയറക്ടര്‍ എം.പി ജോസഫ്, സി.ഇ.ഒ മനോജ് രവി, ഡയറക്ടര്‍ എബ്രാഹം തര്യന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Top