Society Today
Breaking News

കൊച്ചി:  കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന നാഷണല്‍ പോളിസി ഫോര്‍ റെയര്‍ ഡിസീസില്‍  ലൂപ്പസ് രോഗത്തെയും ഉള്‍പ്പെടുത്തണമെന്ന് കേരള ആര്‍ത്രൈറ്റിസ് ആന്റ് റുമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ്, ഡോ.ഷേണായിസ് കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ലൂപ്പസ് ദിനാചരണ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലൂപ്പസ് രോഗം ഗൗരവമേറിയ രോഗം തന്നെയാണ് ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ ലൂപ്പസ് രോഗബാധിതര്‍ കേന്ദ്രസര്‍ക്കാരിന് നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും നാളിതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.

ലൂപ്പസ് രോഗം  നാഷണല്‍ പോളിസി ഫോര്‍ റെയര്‍ ഡിസീസില്‍ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ എല്ലാ ഭാഗത്തും രോഗികള്‍ക്ക് സഹായം ലഭിക്കുന്ന സാഹചര്യം അടിയന്തരമായി ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ലൂപ്പസ് രോഗികള്‍ക്ക് നിലവില്‍ ആയുഷ്മാന്‍ ഭാരത് പ്രകാരം  അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.എന്നാല്‍ വന്‍തുക ചികില്‍സയ്ക്ക് ആവശ്യമായി വരുന്ന രോഗമാണ് ലൂപ്പസ്. ഈ സാഹചര്യത്തില്‍ നാഷണല്‍ പോളിസി ഫോര്‍ റെയര്‍ ഡിസീസില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമെന്നും സമ്മേളനം വ്യക്തമാക്കി.

കലൂര്‍ എംഇഎസ് ഹാളില്‍ നടന്ന സമ്മേളനം ആര്‍ജെ നീന ഉദ്ഘാടനം ചെയ്തു.ഡോ.പത്മനാഭ ഷേണായി മുഖ്യപ്രഭാഷണം നടത്തി. ലൂപ്പസ് രോഗം സംബന്ധിച്ച് പൊതു സമൂഹത്തില്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ഡോ.പത്മനാഭ ഷേണായി പറഞ്ഞു. രോഗത്തെ അതിജീവിക്കാന്‍ മരുന്നിനൊപ്പം കൂട്ടായ്മകളും അനുഭവങ്ങള്‍ പങ്കുവെയ്ക്കലും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ. കെ നാരായണന്‍, ഡോ.വിശാല്‍ മര്‍വ്വ, ഡോ.കാവേരി കെ നളിന്ദ, ഡോ. അനുരൂപ വിജയന്‍, ലൂപ്പസ് ട്രസ്റ്റ് ഇന്‍ഡ്യ പ്രസിഡന്റ് വചസമൃത, ട്രസ്റ്റി അഷറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.ബോബി വര്‍ക്കി,ഡോ.എം ജ്യോതി, ഡോ.എസ് ഷൈന എന്നിവര്‍ ലൂപ്പസ് രോഗം സംബന്ധിച്ചുള്ള സംശയങ്ങള്‍, ആശങ്കകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയില്‍ ബോധവല്‍ക്കണ ക്ലാസുകള്‍ നടത്തുകയും സംശയങ്ങള്‍ക്ക്മറുപടി നല്‍കുകയും ചെയ്തു.തുടര്‍ന്ന് രോഗവുമായി ബന്ധപ്പെട്ട് ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ സെക്രട്ടറി ദിനേശ് മേനോന്റെ നേതൃത്വത്തില്‍ പൊതുചര്‍ച്ചയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

Top