Society Today
Breaking News

കൊച്ചി: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും  വാട്ടര്‍ജെറ്റ് ഉല്‍പ്പന്നങ്ങളുടെ അസംബ്ലി സൗകര്യങ്ങള്‍ക്കുമായിട്ടു കോങ്‌സ്‌ബെര്‍ഗ് മാരിടൈം ഇന്ത്യയിലെ കൊച്ചിയില്‍ ഓഫീസ് തുറന്നു. ഇന്ത്യയിലെ നോര്‍വേ അംബാസഡര്‍ മെയ് എലിന്‍ സ്റ്റിനെര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി കപ്പല്‍ശാല സാങ്കേതികവിഭാഗം ഡയറക്ടര്‍ ബിജോയ് ഭാസ്‌കര്‍, കോങ്‌സ്‌ബെര്‍ഗ് മാരിടൈം ഇന്ത്യ പ്രസിഡന്റ്  അന്നറ്റ് ഹോള്‍ട് എന്നിവര്‍ പങ്കെടുത്തു.കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിക്ക് സമീപമുള്ള മാരിടൈം പാര്‍ക്കില്‍  ആരംഭിച്ച പുതിയ കോങ്‌സ്‌ബെര്‍ഗ് മാരിടൈം സൗകര്യം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുള്ളില്‍ നടപ്പിലാക്കുന്ന പുതിയ നിര്‍മ്മാണത്തിനും മറ്റ് പദ്ധതികള്‍ക്കും പ്രാദേശിക വിദഗ്ധ സാങ്കേതിക പിന്തുണയും നല്‍കും.കോങ്‌സ്‌ബെര്‍ഗ് മാരിടൈമിന്റെ കാമേവ വാട്ടര്‍ജെറ്റുകളുടെ നിര്‍മാണം, കേന്ദ്ര സര്‍ക്കാരിന്റെ മേക്  ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കായുള്ള തന്ത്രപരമായ സഹകരണം,കൂടുതല്‍ നിക്ഷേപം തുടങ്ങിയ ഭാവി പദ്ധതികള്‍ കൂടി കണക്കിലെടുത്താണ് കൊച്ചിയില്‍ പുതിയ ഓഫീസ് ആരംഭിച്ചത്.

പ്രൊപ്പല്‍ഷന്‍, ഹാന്‍ഡ്‌ലിംഗ്, നാവിഗേഷന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ കോങ്‌സ്‌ബെര്‍ഗ് മാരിടൈം പോര്‍ട്ട്‌ഫോളിയോയിലെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്ന സര്‍വീസ് എഞ്ചിനീയര്‍മാരുടെ സേവനവും ഇനി കൊച്ചിയില്‍ ലഭ്യമാകും.കടല്‍, കടല്‍ത്തീരം, ബഹിരാകാശ, പ്രതിരോധ മേഖലകളിലെ പുതിയ സാങ്കേതികവിദ്യയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കുന്ന കോങ്‌സ്‌ബെര്‍ഗ് മാരിടൈം വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും നോര്‍വീജിയന്‍ ഗവണ്‍മെന്റിന് 50%ലധികം ഷെയര്‍ഹോള്‍ഡിംഗ് ഉള്ള  മുന്‍നിര കമ്പനികളിലൊന്നാണിതെന്നും പുതിയ സൗകര്യം ഉദ്ഘാടനം ചെയ്തുകൊണ്ട്, ഇന്ത്യയിലെ നോര്‍വേയുടെ അംബാസഡര്‍ മെയ്എലിന്‍ സ്‌റ്റെനര്‍ പറഞ്ഞു.

പുതിയ കോങ്‌സ്‌ബെര്‍ഗ് മാരിടൈം സൗകര്യം തുറക്കുന്നത്  നോര്‍വേഇന്ത്യ ബിസിനസ് ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും ഇത് പുതുതായി ഒപ്പുവച്ച എഫ്റ്റ ഇന്ത്യ വ്യാപാരസാമ്പത്തിക പങ്കാളിത്ത കരാറിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.മാരിടൈം ഹബ്ബായ കൊച്ചിയില്‍ പുതിയ ഓഫീസ് തുറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും  കപ്പല്‍ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണികളിലും ഉയര്‍ന്ന തലത്തിലുള്ള വൈദഗ്ധ്യവും സേവനവും കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭ്യമാക്കുമെന്നും കോങ്‌സ്ബര്‍ഗ് മാരിടൈം ഇന്ത്യ പ്രസിഡന്റ് ആനെറ്റ് ഹോള്‍ട്ടെ പറഞ്ഞു. തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, ഞങ്ങളുടെ വാട്ടര്‍ജെറ്റുകളുടെ ശ്രേണിയില്‍ അസംബ്ലിയും ഓവര്‍ഹോള്‍ ശേഷിയും ഉള്‍പ്പെടുത്തുന്നതിനായി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

Top