2-June-2024 -
By. news desk
കോട്ടയം: 'റീച്ച് വേള്‍ഡ് വൈഡ് ' ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പഠനോപകരണ വിതരണം നടന്നു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. സംഘടനയുടെ പ്രസിഡണ്ട് ഡോ. മാത്യു കുരുവിള അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുതിയ ചെയര്‍മാന്‍ റോണക്ക് മാത്യു സ്ഥാനമേറ്റു.സഹജീവികളില്‍ ഏതുസമയത്തും സഹായം എത്തിക്കുവാനായി 400 ല്‍ അധികം വരുന്ന യുവ സന്നദ്ധ പ്രവര്‍ത്തകരെ നാടിനു സമര്‍പ്പിച്ചതായി പുതിയ ചെയര്‍മാന്‍ റോണക്ക് മാത്യു അറിയിച്ചു.
കഴിഞ്ഞ 20 വര്‍ഷങ്ങളായി പതിനായിരക്കണക്കിന് നിരാലംബരായ വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്തുകൊണ്ട് റീച്ച് നല്‍കി കൊടുക്കുന്ന സൗജന്യ വിദ്യാഭ്യാസസഹായപദ്ധതി ഏറെ പ്രശംസനീയമാണെന്നും,ആഫ്രിക്കയിലെ 'ഘാന'എന്ന രാജ്യത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റോണക്ക് മാത്യു നയിക്കുന്ന യുവ സന്നദ്ധപ്രവര്‍ത്തകരില്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
2004 ല്‍ 'ഒരുപിടി അരി ഒരുപാട് ജീവന്‍' എന്ന പദ്ധതിയിലൂടെ കോട്ടയം പട്ടണത്തില്‍ വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കികൊണ്ടായിരുന്നു റീച്ചിന്റെ തുടക്കം. പിന്നീട് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായ പദ്ധതി, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സൗജന്യ ഓട്ടോറിക്ഷ വിതരണം, 'യൂട്ടേണ്‍' എന്ന ആന്റി ഡ്രഗ് ക്യാമ്പയിനുകള്‍, സൗജന്യ പാര്‍പ്പിട പദ്ധതി, പൊതുസ്ഥലങ്ങള്‍ മാലിന്യ വിമുക്തമാക്കുന്ന സ്വപ്‌നസുന്ദരകേരളം പദ്ധതി, പൊതുജനങ്ങളെ സഹായിക്കുന്ന റീച്ച് കാര്യാലയങ്ങള്‍, സൗജന്യ കുടിവെള്ള പദ്ധതി, ഗ്രാമങ്ങളെ മാലിന്യ വിമുക്തമാക്കുന്ന വില്ലേജ് അഡോപ്ഷന്‍ പ്രോഗ്രാം എന്നിങ്ങനെ നിരവധി ജീവകാരുണ്യ പദ്ധതികളാണ് റീച്ച് നടത്തിവരുന്നത്.