Society Today
Breaking News

കൊച്ചി: ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ വികാരമാണ് അതാതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി വര്‍ഷകാല സമ്മേളനം.ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ഉയര്‍ത്തിക്കാണിക്കുന്നു. വര്‍ഗീയ ധ്രൂവീകരണങ്ങള്‍ക്കോ വെറുപ്പിന്റെ പ്രബോധനങ്ങള്‍ക്കോ സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാരില്‍ വേര്‍തിരിവുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.  ഈ രാജ്യം മഹത്തായ സംസ്‌കാരത്തില്‍ എല്ലാവരേയും ചേര്‍ത്തുപിടിക്കുന്ന രാജ്യമാണ്. എല്ലാവരും ഒത്തൊരുമയോടെ ഈ സംസ്‌കാരത്തെ ശക്തിപ്പെടുത്തണം.

നാം വളരണം, ഒരു രാജ്യമായി. രാജ്യം ഒരു കാരണവശാലും വിഭജിതമാകരുത് എന്ന ബോധ്യം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉണ്ട് എന്നതും തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ ജനപ്രതിനിധികളും ജനങ്ങളോടുള്ള അവരുടെ ഉത്തരവാദിത്തവും രാഷ്ട്രനിര്‍മ്മാണത്തിലുള്ള ഔത്സുക്യവും പ്രകടമാക്കാനും ഈ അവസരം അവര്‍ പ്രയോജനപ്പെടുത്തണം. ജനങ്ങളുടെ പൊതുവികാരം ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തെ ഒന്നായി കാണാനും വിഭജനത്തിന്റെ എല്ലാ സാധ്യതകളെയും തള്ളിക്കളയാനും രാജ്യസുരക്ഷയ്ക്കും പൗരക്ഷേമത്തിനും വേണ്ടി യത്‌നിക്കാനും ഭരണഘടനയോട് വിധേയത്വം പുലര്‍ത്തുന്നതിനും രൂപീകൃതമാകുന്ന പുതിയ സര്‍ക്കാരിനു കഴിയട്ടെയെന്നും കെസിബിസി സമ്മേളനം വ്യക്തമാക്കി. 

സഭ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രതിസന്ധികളെ  അതിജീവിക്കുന്നതിനും വിശ്വാസം പരിരക്ഷിക്കുന്നതിനും വെല്ലുവിളികള്‍ കൂട്ടായ പരിശ്രമത്തോടെ നേരിടുന്നതിനും പരസ്പരം ശക്തിപ്പെടുത്തുന്നതിനും കേരള കത്തോലിക്കാസഭയിലെ വിവിധ സമര്‍പ്പിത സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരും മെത്രാന്‍ സമിതിയും സംയുക്തമായി സഭ തീരുമാനിച്ചു. സഭയുടെ ചൈതന്യവും ശക്തിയുമായ യുവജനങ്ങളെ സഭാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കുകാരാക്കുവാന്‍ കഴിയുംവിധം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചു.

കേരള കത്തോലിക്കാസഭയിലെ മേജര്‍ സെമിനാരികളിലെ വൈദിക പരിശീലനം സംബന്ധിച്ച വിശകലനാത്മക പഠനം തൃശ്ശൂരിലെ പറോക് ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തി പഠന റിപ്പോര്‍ട്ട് ഗൗരവമായ ചര്‍ച്ചയ്ക്കും പഠനത്തിനും മെത്രാന്‍സമിതി വിധേയമാക്കി.  മൂന്നു സഭകളുടെയും (ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര) തലവന്മാര്‍ക്ക് പ്രസ്തുത റിപ്പോര്‍ട്ട് നല്കികൊണ്ട് പ്രായോഗിക നിര്‍ദേശങ്ങളും കര്‍മ്മപദ്ധതികളും നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കെസിബിസി നിര്‍ദേശിച്ചു.

യുവജനവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷത്തില്‍ ഇതുവരെ നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച് മെത്രാന്‍സമിതി വിലയിരുത്തി.വൈദികരും യുവജനങ്ങളോട് അടുത്ത് ഇടപെടുന്ന സന്ന്യസ്തരും യുവജനങ്ങളുടെ ആത്മീയ വളര്‍ച്ചയെയും സാമൂഹിക ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുകയും അവരോടൊപ്പം സഹഗമനം നടത്തുകയും വേണം. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ യുവജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളില്‍ സഹായഹസ്തരുമായി മുന്നോട്ടുവരുവാന്‍ വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും കഴിയണം. യുവജനവര്‍ഷാചരണം സഭയോടും സഭാപ്രവര്‍ത്തനങ്ങളോടും കൂടുതല്‍ ആഭിമുഖ്യവും താല്പര്യവും സ്‌നേഹവും യുവജനങ്ങളില്‍ സൃഷ്ടിക്കാന്‍ സഹായകരമാകണമെന്നും മെത്രാന്‍സമിതി വിലയിരുത്തി. 

കേരളസഭാനവീകരണത്തിന്റെ മൂന്നാംഘട്ടം മിഷന്‍ വര്‍ഷമായും മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷാചരണമായും നടത്തുന്നതിന് തീരുമാനിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളെയും അഞ്ചുമേഖലകളായി തിരിച്ച് അതാതു മേഖലകളില്‍ ആഘോഷങ്ങള്‍ ക്രമപ്പെടുത്താന്‍ തീരുമാനിച്ചു. യുവജനവര്‍ഷ സമാപനത്തില്‍ മിഷന്‍ വര്‍ഷം ആരംഭിക്കുന്നതും മേഖലകളില്‍ മിഷന്‍ എക്‌സ്‌പോ, തീര്‍ഥാടനങ്ങള്‍, പ്രതിനിധി സംഗമങ്ങള്‍ എന്നിവ സംഘടിപ്പിച്ച് വിപുലമായ പരിപാടികളോടെ സഭാനവീകരണാചരണത്തിന്റെ സമാപനവും ജൂബിലി വര്‍ഷാചരണവും നടത്തുന്നതാണ്. 


ഭാരതത്തിലും കേരളത്തിലും സഭ നേരിടുന്ന വിവിധ വെല്ലുവിളികളെ മെത്രാന്‍സമിതി വിലയിരുത്തി. പ്രതിസന്ധികളില്‍ അകപ്പെടുന്ന സഭാംഗങ്ങളെ സഹായിക്കാന്‍ സഭയിലെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പ്രത്യേകിച്ചും ഇടവകകള്‍ക്കും സംഘടനകള്‍ക്കും അതാതിടങ്ങളില്‍ വേണ്ട ജാഗ്രതയോടെ ഇടപെടാന്‍ കഴിയണം. വൈദികരും സന്ന്യസ്തരും അല്മായ നേതൃത്വങ്ങളും സംഘടനകളും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സദാ സന്നദ്ധരായിരിക്കണം. അജപാലന സാമൂഹിക വിഷയങ്ങളില്‍ സഭാനേതൃത്വത്തെയും സഭാസംഘടനകളെയും നിരന്തരം അടിസ്ഥാനരഹിതമായി വിമര്‍ശിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നവരെകുറിച്ച് ജാഗ്രത പുലര്‍ത്താന്‍ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. 

 ഇടവകകളും സ്ഥാപനങ്ങളും കാര്‍ബണ്‍ ന്യുട്രല്‍ ആക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവര്‍ നേതൃത്വം കൊടുക്കണമെന്ന് മെത്രാന്‍സമിതി ആവശ്യപ്പെട്ടു. മഹാജൂബിലി ആഘോഷം പരിസ്ഥിതി പരിപോഷണത്തിനു സഹായകരമാകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ട് നടപ്പാക്കണം എന്നും മെത്രാന്‍സമിതി ആവശ്യപ്പെട്ടു.

സാമൂഹിക ഐക്യജാഗ്രത കമ്മീഷന്‍ ചെയര്‍മാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ
യൂഹാനോന്‍ മാര്‍ തെയഡോഷ്യസിനെ തിരഞ്ഞെടുത്തു.  SC/ST/BC കമ്മീഷന്‍ സെക്രട്ടറിയായി കാഞ്ഞിരപ്പിള്ളി രൂപതാംഗം ഫാ. ജോസുകുട്ടി എടത്തിനകത്തെ നിയമിച്ചു.

Top