13-June-2024 -
By. news desk
കൊച്ചി: കേരളത്തിന്റെ ആരോഗ്യ ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ വിദേശരാജ്യങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തണമെന്നും ടൂറിസം കൂടാതെ ആരോഗ്യ ടൂറിസം എന്ന പേരില്‍ പ്രത്യേക വകുപ്പ് ആരംഭിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേഴ്‌സ് ഫോറം ഓഫ് കേരള (കെഎംടിഎഫ്എഫ്) ന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച 'മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റില്‍ 'കേരളത്തിലെ ആരോഗ്യ ടൂറിസത്തിന്റെ വളര്‍ച്ച' 'നേട്ടങ്ങളൂം ആനൂകൂല്യങ്ങളും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച ആവശ്യപ്പെട്ടു. മാര്‍ക്കറ്റിംഗ് വലിയ ഘടകമാണ് ഇതിനായി നൂതനമായ സങ്കേതങ്ങള്‍ കണ്ടെത്തി ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ അനിവാര്യമാണ്.
ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് എല്ലാ വിധ സംവിധാനങ്ങളും ഉണ്ടെങ്കിലും ഇത് ഇത് പൂര്‍ണ്ണായും പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയില്‍ ഇന്ത്യയുടെ അത്രയും പോലും പുരോഗതി കൈവരിച്ചിട്ടില്ലാത്ത മറ്റു വിദേശ രാജ്യങ്ങള്‍ അവരുടെ ആരോഗ്യ മെഡിക്കല്‍ ടൂറിസത്തിന് മുന്‍ഗണന കൊടുത്ത് വലിയ തോതില്‍ പ്രചാരണം നടത്തുകയാണ്. സമാന മാതൃകയില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളും മുന്‍കൈഎടുത്ത് പ്രചാരണം നടത്തിയാല്‍ കേരളത്തിനും ഇന്ത്യയ്ക്കും കൂടുതല്‍ ഗുണകരമാകും. നിലവില്‍ സ്വകാര്യ ആശുപത്രികള്‍ അവരുടേതായ രീതിയില്‍ നടത്തുന്ന പ്രാചരണത്തിന്റെ ഭാഗമായിട്ടാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഇവിടെയ്ക്ക് ചികില്‍സയ്ക്കായി ആളുകള്‍ എത്തുന്നത്. ഇതിനൊപ്പം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രചാരണം ഏറ്റെടുത്താല്‍ അത് ഇവിടുത്ത ആരോഗ്യ ടൂറിസം മേഖലയുടെ വന്‍ കുതിച്ചു ചാട്ടത്തിന് ഉപകരിക്കും.
തായ്‌ലന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടൂറിസം വിസയില്‍ ചികില്‍സയ്ക്ക് പോകാന്‍ സാധിക്കുമ്പോള്‍ ഇന്ത്യയില്‍ അത് സാധ്യമല്ല. മെഡിക്കല്‍ വിസയില്‍ മാത്രമെ ഇന്ത്യയിലേക്ക് ചികില്‍സയ്ക്ക് വരാന്‍ സാധിക്കു. അത് ലഭിക്കാന്‍ കാലതാമസവും നിരവധി കടമ്പകളും ഉണ്ട്. ഈ സാഹചര്യത്തില്‍ വിസ ചട്ടങ്ങളില്‍ ഇളവു വരുത്താനുള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാകണമെന്നും പാനല്‍ ചര്‍ച്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആയുര്‍ വേദത്തിന്റെ കളിത്തൊട്ടില്‍ എന്നാണ് കേരളം അറിയിപ്പെടുന്നത്.വെല്‍നെസില്‍ ആയുര്‍വേദത്തിന് അനന്തസാധ്യതയാണുള്ളതെങ്കിലും ഇതില്‍ വേണ്ട വിധത്തില്‍ പ്രചാരണം നടത്താന്‍ സാധിച്ചിട്ടില്ല. ആയുര്‍വേദവും അലോപ്പതിയും ഹോമിയോ അടക്കമുള്ള ചികില്‍സാ ശാഖകളുടെ ഏകീകരണവും ഏകോപനും അനിവാര്യമാണെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ഒപ്പം പുതുതായി വളര്‍ന്നു വരുന്ന നവചികില്‍സാ ധാരകളെ ഉള്‍പ്പെടുത്താനുള്ള നടപടികളും ഏറെ ഗുണകരമാകും. അതേ സമയം വ്യാജ ചികില്‍സര്‍ക്കെതിരെയും കേന്ദ്രങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാന്‍ നിയമ സംവിധാനം ശക്തിപ്പെടുത്തണമെന്നും ചര്‍ച്ച ആവശ്യപ്പെട്ടു.
സജീവ് കുറുപ്പ് (കേരള ടൂറിസം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി ജനറല്‍ സെക്രട്ടറി), ഡോ.കെ.എസ് വിഷ്ണു നമ്പൂതിരി (എഎംഎഐ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ്), യൂനസ് സലീം (സിഇഒ, ഗ്ലോബല്‍ ട്രീറ്റ്‌മെന്റ് സര്‍വ്വീസ്‌പ്രൈവറ്റ് ലിമിറ്റഡ്), തിരുവനന്തപുരം കിംസ് ആശുപത്രി മാര്‍ക്കറ്റിംഗ് മേധാവി വൈ.ആര്‍.വിനോദ്, ഡോ.കെ.എ അബൂബക്കര്‍ ( പ്രസിഡന്റ്, കെഎംടിഎഫ് എഫ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സെബിന്‍ പൗലോസ് മോഡറേറ്ററായിരുന്നു.