Society Today
Breaking News

കൊച്ചി:യുവ ഡിഫന്‍ഡര്‍ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. 21 വയസ്സുകാരനായ രാകേഷ് 2027  വരെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കരാര്‍ ഒപ്പു വെച്ചിരിക്കുന്നത്.
മണിപ്പൂരില്‍ ജനിച്ച രാകേഷ്,  നെറോക്ക എഫ്‌സിയില്‍ നിന്നാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2018ല്‍ ബംഗളൂരു എഫ്‌സി അക്കാദമിയില്‍ ചേരുകയും അവരുടെ അണ്ടര്‍ 16, അണ്ടര്‍ 18, റിസര്‍വ് ടീമുകളെ പ്രതിനിധീകരിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗ് ഉള്‍പ്പെടെ വിവിധ  ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും ചെയ്തു.

2022ല്‍ ഐ ലീഗ് ക്ലബ് ആയ നെറോക്ക എഫ്‌സിയില്‍ രാകേഷ് തിരിച്ചെത്തി. അതിനുശേഷം, ഐലീഗ്, ഡ്യൂറന്‍ഡ് കപ്പ്, സൂപ്പര്‍ കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ നെറോക്ക എഫ്‌സിക്കായി  രാകേഷ് 40ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കൂടുതല്‍ മത്സരങ്ങളിലും ലെഫ്റ്റ്ബാക്ക് പൊസിഷനിലാണ് കളിച്ചിട്ടുള്ളതെങ്കിലും സെന്റര്‍ബാക്ക് ആയി കളിക്കുവാനും കഴിവുള്ള കളിക്കാരനാണ് രാകേഷ് ലിക്മാബാം.ലിക്മാബാം രാകേഷിനെ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍  സന്തോഷമുണ്ടെന്ന് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു, അതുകൊണ്ട് തന്നെ ഭാവിയില്‍ രാകേഷ് ഞങ്ങള്‍ക്ക് വിലപ്പെട്ട കളിക്കാരനാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇപ്പോള്‍ രാകേഷിന്റെ മുന്നോടുള്ള വളര്‍ച്ചയ്ക്കായി മികച്ച വഴി കണ്ടെത്തുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.ലിക്മാബാം രാകേഷ് ക്ലബിന്റെ ഈ സീസണിലെ ഗോള്‍ കീപ്പര്‍ സോം കുമാറിന് ശേഷമുള്ള രണ്ടാമത്തെ സൈനിംഗാണ്.
 

Top