24-June-2024 -
By. news desk
കൊച്ചി: വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍(കെയര്‍)ന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും വ്യാപിപ്പിക്കണമെന്നും ഇതിനായി ഡബ്ല്യുബിസി ബോക്‌സിംഗ് ചാംപ്യനും മലയാളിയുമായ കെ എസ് വിനോദിന്റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ള്‍ക്കും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മില്‍ട്ടണ്‍ ഡിക്ക് എംപി. ഓസ്‌ട്രേലിയിലെ ബ്രിസ്‌ബെയിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ ആസ്‌ട്രേലിയന്‍ ഫ്രണ്ടസ്ഷിപ്പ് അസോസിയേഷനും വിന്‍ഗ്രൂപ്പ് അസോസിയേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ ഇന്‍ഡോ ആസ്‌ട്രേലിയ എക്‌സലന്‍സ് അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഡോ ആസ്‌ട്രേലിയ എക്‌സലന്‍സ് അവാര്‍ഡ്‌ന്റെ ഭാഗമായുള്ള സ്‌പോര്‍ടസ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരത്തിന് 2023 ലെ ഡബ്ല്യുബിസി മിഡില്‍ വെയ്റ്റ് ബോക്‌സിംഗ് ചാംപ്യനും ഡബ്ല്യുബിസി കെയര്‍ അംബാസിഡറുമായ കെ എസ് വിനോദിനെ തിരഞ്ഞെടുത്തിരുന്നു.ഇത് കൂടാതെയുള്ള മറ്റു പുരസ്‌കാരങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമായി 10 പേരാണ് അര്‍ഹരായിരുന്നത്. ഇതില്‍ അവാര്‍ഡ് ലഭിച്ച ഇന്ത്യക്കാരില്‍ കെസ് വിനോദ് ഉള്‍പ്പെടെ മൂന്നു പേര്‍ മലയാളികളായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. കെ വി സാബു, ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മോബി കെ. ബാബു എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായ മറ്റു മലയാളികള്‍. ഇവര്‍ക്കുളള അവാര്‍ഡുകളും സ്പീക്കര്‍ മില്‍ട്ടണ്‍ ഡിക്ക് എംപി വിതരണം ചെയ്തു.
ബ്രിസ്‌ബെയിന്‍ ക്യൂന്‍സ് ലാന്റ് പാര്‍ലമെന്റ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ക്യൂന്‍സ് ലാന്റ് പ്രതിപക്ഷ നേതാവ് ജോണ്‍ പോള്‍ എംപി അധ്യക്ഷത വഹിച്ചു. റെഡ്‌ലാന്റ് സിറ്റി ഡിവിഷന്‍ കൗണ്‍സിലര്‍ ട്രേസി ഹ്യൂസ് മുഖ്യ അതിഥിയായിരുന്നു. ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റീസ് ഓഫ് ക്യൂന്‍സ് ലാന്റ് പ്രസിഡന്റ് ഡോ. പ്രീതി സൂരജ്, ബ്രിസ് ബെയ്ന്‍ ബേസൈഡ് സൗത്ത് ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡന്റും വിന്‍ഗ്രൂപ്പ് കണ്‍സള്‍ട്ടന്‍സി ഓസ്‌ട്രേലിയന്‍ ചാപ്റ്റര്‍ ഡയറക്ടര്‍ വിനോദ് മാനുവല്‍, കെ എസ് വിനോദ്, അഡ്വ. കെ വി സാബു, മോബി കെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പാരമ്പര്യ കലാപരിപാടികളും കേരളത്തിന്റെ ഭരത നാട്യവും അരങ്ങേറി.