Society Today
Breaking News

കൊച്ചി: എന്‍ എഫ് ആര്‍ കൊച്ചി ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ഗ്ലോബല്‍ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ആനിമേഷന്‍ ഫിലിം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും 20 മിനിറ്റില്‍ താഴെയും ആനിമേഷന്‍ പരമാവധി 5 മിനിറ്റിലും ആയിരിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചതും ഇംഗ്ലീഷ്  സബ് ടൈറ്റിലുകളുള്ളതുമായ എല്ലാ ഭാഷകളിലേയും എന്‍ട്രികള്‍ മത്സരത്തിനു സമര്‍പ്പിക്കാം. ഓരോ വിഭാഗത്തിലും ഒരു ലക്ഷം മുതല്‍ 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. എന്‍ഡ്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് nfrkochifestival.com/register എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യുവതലമുറയ്ക്കും സിനിമകള്‍ സ്വപ്നം കാണുന്നവര്‍ക്കും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും പിന്തുടരുന്നവര്‍ക്കും ഒരു മികച്ച അവസരം ആയിരിക്കും ഇതെന്നും ആഗോളതലത്തില്‍ സര്‍ഗാന്മക പ്രതിഭകളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംകൂടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് അവാര്‍ഡിന്റെ ഔദ്യോഗിക  പ്രഖ്യാപനം നടത്തിക്കൊണ്ട് ചലച്ചിത്ര സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. ഓസ്‌കാറില്‍ പിന്‍തുടരുന്ന രീതിയും നടപടിക്രമങ്ങളും പ്രകാരമാണ് മത്സരത്തിലെ തിരഞ്ഞെടുക്കലുകളെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. ജയിന്‍ ജോസഫ് അറിയിച്ചു. വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന ഈ ചലച്ചിത്ര മേള സിനിമാ വ്യവസായത്തിന്റെ നാഴികക്കല്ലായി 
മാറുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകനും ഫെസ്റ്റിവല്‍ 
എക്‌സിക്യൂട്ടിവുമായ ലിയോ തദ്ദേവൂസും അഭിപ്രായപ്പെട്ടു.
 

Top