27-June-2024 -
By. sports desk
കൊച്ചി: സോം കുമാറിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍കീപ്പറായി നോറ ഫെര്‍ണാണ്ടസിനെയും ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സോം കുമാറിന് ശേഷം ക്ലബ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒപ്പു വെക്കുന്ന രണ്ടാമത്തെ ഗോള്‍കീപ്പര്‍ കൂടിയാണ് നോറ. നോറയുടെ വരവ് സച്ചിന് സുരേഷും ഉള്‍പ്പെടുന്ന ടീമിന്റെ ഗോള്‍കീപ്പിംഗ് നിരയെ കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നു വര്‍ഷത്തെ കരാറാണ് നോറയുമായി ബ്ലാസ്റ്റേഴ്സ് ഒപ്പു വെച്ചിരിക്കുന്നത്.ഗോവയില്‍ ജനിച്ച നോറ സാല്‍ഗോക്കര്‍ എഫ്സിയുടെ അണ്ടര്‍ 18 ടീമിലൂടെയാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2020ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സിലേക്ക് ചേക്കേറുന്നതിനു മുമ്പ് ഡ18 ഐലീഗിലും ഗോവ പ്രൊഫഷണല്‍ ലീഗിലും നോറ സാല്‍ഗോക്കറിന് വേണ്ടി കളിച്ചിട്ടുണ്ട്.
2020 നും 2023 നും ഇടയില്‍, നോറ ഐ ലീഗിലും സൂപ്പര്‍ കപ്പിലുമായി ചര്‍ച്ചില്‍ ബ്രദേഴ്സിനായി 12 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് . ഒടുവില്‍ 2023/24 ഐലീഗ് സീസണില്‍ ആദ്യ ചോയ്സ് ഗോള്‍കീപ്പറായി ഐസ്വാള്‍ എഫ്സി അദ്ദേഹത്തിന് അവസരം നല്കി. ആ സീസണില്‍ നോറ അവര്‍ക്കായി 17 മത്സരങ്ങള്‍ കളിച്ചു. പെനാല്‍റ്റി ഏരിയയിലെ ആധിപത്യം, പന്തുകള്‍ തടുക്കാനുള്ള കഴിവുകള്‍ എന്നിവ നോറയുടെ പ്രത്യേകതയാണ്. സീസണിനായി തായ്ലന്ഡില് ജൂലൈ മൂന്നു മുതല്‍ ആരംഭിക്കുന്ന പ്രീസീസണ് തയ്യാറെടുപ്പുകള്‍ക്കായി നോറ ടീമിനൊപ്പം ചേരും.
നോറയുടെ സൈനിങ്ങ് അദ്ദേഹത്തിന്റെ സ്ഥിരതയുള്ള പ്രകടനങ്ങള്‍, സ്വാഭാവികമായ കഴിവ്, ഗോളിന് മുന്നിലുള്ള കമാന്‍ഡിംഗ്, ഫിസിക്ക് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു. ഗോള്‍കീപ്പിങ് വിഭാഗം ശക്തിപ്പെടുത്തുക എന്നത് വലിയ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോലുള്ള ക്ലബ്ബില്‍ ചേരുന്നതില്‍ അഭിമാനവും ആവേശവും ഉണ്ടെന്ന് നോറ ഫെര്‍ണാണ്ടസ് പറഞ്ഞു. തന്റെ ആദ്യ ഐഎസ്എല്‍ സീസണിനായി കാത്തിരിക്കുകയാണെന്നും നോറ പറഞ്ഞു.