Society Today
Breaking News

കൊച്ചി: രാജ്യത്തെ സോഫ്റ്റ്‌വെയര്‍, സര്‍വ്വീസ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് (നാസ്‌കോം ) ന്റെ കീഴിലെ നാസ്‌കോം ഫൗണ്ടേഷനും നാസ്‌കോം എസ് എം ഇ കൗണ്‍സിലും ചേര്‍ന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യുവതി യുവാക്കള്‍ക്കായി നൈപുണ്യ പദ്ധതി നടപ്പിലാക്കുന്നു. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് നൈപുണ്യത്തിനും തൊഴിലവസരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എം എസ് എം ഇ  ദിനത്തില്‍ നാസ്‌കോം ഫൗണ്ടേഷന്‍ ആരംഭിക്കുന്ന സംരംഭമാണിത്. ആദ്യപടിയായി തിരുവനന്തപുരം,ഡല്‍ഹി, കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ ഹൂബ്ലി എന്നിവിടങ്ങളിലാണ് പദ്ധതി  നടപ്പിലാക്കുക. ആദ്യ ബാച്ചിലെ 120 വിദ്യാര്‍ത്ഥികളില്‍ 40 പേരും തിരുവനന്തപുരത്തു നിന്നാണ്. ആകെയുള്ളവരില്‍ 60% വനിതകളാണെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

പൈത്തണ്‍, ഡാറ്റ അനലിറ്റിക്‌സ് എന്നിവയുള്‍പ്പെടെ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലെ ഹ്രസ്വകാല കോഴ്‌സുകള്‍, സമഗ്ര വ്യക്തിത്വ വികസനം, പ്രമുഖര്‍ നയിക്കുന്ന മെന്ററിംഗ് സെഷനുകള്‍, ഫ്യൂച്ചര്‍ സ്‌കില്‍സ് പ്രേം വഴിയുള്ള വ്യവസായ അംഗീകൃത സര്‍ട്ടിഫിക്കേഷനുകള്‍, തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ സമഗ്ര പരിശീലന പരിപാടികള്‍ ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി 50 ശതമാനം വൈദഗ്ധ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

നാസ്‌കോം എസ് എം ഇ കൗണ്‍സില്‍ ചെയര്‍മാനും ഇന്റഗ്ര സ്ഥാപകനും എംഡിയും സിഇഒയുമായ ശ്രീറാം സുബ്രഹ്മണ്യം, നാസ്‌കോം എസ് എം ഇ കൗണ്‍സില്‍ വൈസ് ചെയര്‍മാനും നെറ്റ്‌വെബ്  സോഫ്റ്റ്‌വെയര്‍ സി ഇ ഒ മൗലിദ് ബന്‍സാലി, ഒ എച്ച് ഐ, സി ഇ ഒ പ്രിയങ്കാര്‍ ബൈദ്,  ഇന്‍ ആപ്പ് സഹ സ്ഥാപകനും സിഇഒയുമായ വിജയകുമാര്‍,  ട്രെന്‍സര്‍ സഹ സ്ഥാപകനും സിഇ ഓയുമായ ജയചന്ദ്രന്‍ നായര്‍, എക്‌സ് എസ്  സിഎ ഡി ഡയറക്ടര്‍ അമിത് ഷാ, ഐഡി എസ് ഇന്‍ഫോടെക് സ്ഥാപകനും സിഇഒയുമായ പ്രതാപ് അഗര്‍വാള്‍ എന്നിവരാണ് എന്നിവരാണ്  പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.  ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും നൈപുണ്യ പദ്ധതി ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.
 

Top