25-February-2021 -
By.
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ വെർമിസെലി, ധാന്യ ബ്രാൻഡായ അനിൽ ഫുഡ്സ് കേരള വിപണിയിലേക്ക്. ഉത്പന്നങ്ങളെ കുറിച്ച് മലയാള ഭാഷയിൽ വിവരങ്ങളടങ്ങിയ കസ്റ്റമൈസ്ഡ് പാക്കേജിലായിരിക്കും കേരള വിപണിയിൽ ലഭ്യമാക്കുക. കേരള വിപണിയിലെ ആദ്യ ഉത്പന്നം കേരള റോഡ് വെയ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സി.പി. കുഞ്ഞി മുഹമ്മദ് പുറത്തിറക്കി. ടോപ് അനിൽ മാർക്കറ്റിങ്ങ് കമ്പനി കേരള മേധാവി ബിജു മേനോൻ, സി.ഇ.ഒ പ്രഭാകർ യുവരാജൻ, മാനേജിംഗ് ഡയറക്ടർ എൻ. കമൽ ഹസൻ, ഡയറക്ടർമാരായ രവിചന്ദ്രൻ, വിജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കമ്പനിയുടെ 72 ലേറെ ഭക്ഷ്യോത്പന്നങ്ങൾ കേരളത്തിലുടനീളം ലഭ്യമാക്കുന്നതിനായി നാൽപ്പതിലേറെ വിതരണക്കാരടങ്ങുന്ന ശക്തമായ വിതരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ വിതരണക്കാരുടെ എണ്ണം എൺപതാക്കി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അനിൽ ഫുഡ്സിൻറെ റോസ്റ്റഡ് വെർമിസെലി, വീറ്റ് വെർമിസെലി, മില്ലെറ്റ്സ് വെർമിസെലി, നൂഡിൽസ്, ലെമൺ വെർമിസെലി, ടാമറിൻഡ് വെർമിസെലി, റൈസ് വെർമിസെലി, സൂചി, ആട്ട, മൈദ, അരിപ്പൊടി, റാഗി പൊടി, മുറുക്ക് പൊടി, കൊഴുക്കട്ട പൊടി, പപ്പടം തുടങ്ങിയ ഉത്പന്നങ്ങൾ ഇനി കേരള വിപണിയിലും ലഭിക്കും. നിലവിൽ വിപണിയിലുള്ള ഉത്പന്നങ്ങളെക്കാൾ മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ വിലക്കുറവിലാകും അനിൽ ഫുഡ്സ് ഉത്പന്നങ്ങൾ ലഭിക്കുക.
ദക്ഷിണേന്ത്യയിലെ ഭക്ഷ്യ വിപണിയിൽ അനിൽ ഫുഡ്സ് എന്ന ബ്രാൻഡ് നാമം വിശ്വസ്തതയുടെ പ്രതീകമായി മാറിയതിൽ അഭിമാനമുണ്ടെന്ന് സി.ഇ.ഒ പ്രഭാകർ യുവരാജൻ പറഞ്ഞു. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ 1984 ൽ നാഗരാജൻ സ്ഥാപിച്ച അനിൽ ഫുഡ്സ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗുണമേന്മയും മൂല്യതയും ഉയർത്തിപിടിച്ചതാണ് വിപണിയിലെ വിജയ രഹസ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണിക്ക് പുറമെ യു.എസ്. കാനഡ, സിംഗപ്പൂർ, മലേഷ്യൻ വിപണിയിലും അനിൽ ഫുഡ്സ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. വ്യത്യസ്തവും ഗുണകരവുമായ ഓർഗാനിക് ഭക്ഷ്യ വസ്തുക്കളാണ് കേരള വിപണിയിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീന സാങ്കേതിക വിദ്യയുടെയും ഓട്ടൊമേഷന്റെയും സഹായത്തോടെ മികച്ച ഗുണനിലവാരമുള്ള വെർമിസെലിയും ധാന്യ പൊടികളും കേരള വിപണിയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ കമൽ ഹാസൻ പറഞ്ഞു. സമീപഭാവിയിൽ ഇന്ത്യയിലെ പ്രാദേശിക വിപണികളിൽ കൂടുതൽ ഉത്പ്പന്നങ്ങൾ പുറത്തിറക്കാനും അനിൽ ഫുഡ്സിന് പദ്ധതിയുണ്ട്.