19-July-2024 -
By. news desk
കൊച്ചി: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരി പീഡിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അത്തരം നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്നും കെവിവിഇഎസ് എറണാകുളം ജില്ലാ കമ്മിറ്റി.നിരോധിത ഗണത്തില്‍ പെടുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ക്യാരിബാഗുകളുടെ ഉല്‍പ്പാദകരെയും വിതരണക്കാരെയും ഒപ്പം ഇത് ഉപയോഗിക്കുന്നവരെയുമാണ് പിടികൂടേണ്ടതെന്ന് ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്ബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ ജെ റിയാസ്, ട്രഷറര്‍ സി എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് എന്നിവര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രോല്‍സാഹിപ്പിക്കുന്നില്ല. ഇവയുടെ ഉപയോഗം തടയപ്പെടേണ്ടതാണ്. എന്നാല്‍ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വിപണയില്‍ ലഭ്യമായതുകൊണ്ടാണ് അവയില്‍ സാധനങ്ങള്‍ വില്‍ക്കുന്നത്. വാങ്ങുന്നവര്‍ക്ക് ഇത് നിരോധിക്കപ്പെട്ടതാണോ അല്ലയോയെന്ന് അറിയില്ല.ഈ സാഹചര്യത്തില്‍ ഇവയുടെ ഉല്‍പ്പാദനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാതെ ചെറുകിട, ഇടത്തരം വ്യാപാരികളുടെ കടയില്‍ കടയറി റെയ്ഡു നടത്തുന്നത് അനുവദിക്കില്ലെന്നും എന്തു വിലകൊടുത്തും ഇത് തടയുമെന്നും ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കി.
നിരോധിത ഗണത്തില്‍പ്പെടുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ കേരളത്തില്‍ ഉല്പ്പാദിപ്പിക്കുന്നില്ലെന്നു പറയുമ്പോഴും ഇ ത്തരം ബാഗുകള്‍ ഇവിടെ സുലഭമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ നിരോധനം കര്‍ശനമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെക്ക് പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കി ഇവയുടെ വരവ് തടയുകയാണ് ചെയ്യേണ്ടതെന്നും ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കി. നിരോധിത ഗണത്തില്‍പ്പെടുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്ന മുഴുവന്‍ ആളുകള്‍ക്കെതിരെയും പീഴയീടാക്കല് നടപടികളുണ്ടായെങ്കില്‍ മാത്രമെ പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായും നടപ്പിലാകുകയുള്ളുവെന്നും ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കി.