23-July-2024 -
By. news desk
കൊച്ചി: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമാന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് കുത്തക പ്രീണനവും രാഷ്ട്രീയ താല്‍പ്പര്യവും മാത്രം മുന്‍നിര്‍ത്തിയുള്ളതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.ബജറ്റില്‍ ചെറുകിട, ഇടത്തരം വ്യാപാരിസമൂഹത്തെ പാടെ അവഗണിച്ചുവെന്നും വളഞ്ഞവഴിയിലൂടെ കുത്തകകള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരത്തിനും പ്രോല്‍സാഹനം ചെയ്യുന്നതാണ് ബജറ്റെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി സി ജേക്കബ്ബ് പറഞ്ഞു.
കേരളത്തിലെ വ്യാപാര സമൂഹത്തിന് ആശാവഹമായ യാതൊന്നും ബജറ്റില്‍ ഇല്ല. കേന്ദ്രബജറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യമുള്ളതാകണം. നിര്‍ഭാഗ്യവശാല്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് ചില സംസ്ഥാനങ്ങളെ മാത്രം പരിഗണിക്കുന്ന രാഷ്ട്രീയ ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ചത്. കോര്‍പ്പറേറ്റുകള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരത്തിനും കൂടുതല്‍ പ്രോല്‍സാഹനം നല്‍കുന്നത് വഴി വലിയ ഒരു വിഭാഗം ചെറുകിട, ഇടത്തരം വ്യാപാരികള്‍ മേഖല വിട്ടൊഴിയേണ്ടിവരും. തെരുവ് കച്ചവടത്തെ പ്രോല്‍സാഹിപ്പിക്കുമെന്ന് പറയുമ്പോള്‍ വ്യവസ്ഥാപിതമായ സംവിധാനങ്ങളെപ്രോല്‍സാഹിപ്പിക്കുന്നില്ലെന്നാണ് വ്യക്തമാക്കപ്പെടുന്നത്.
വികസ സാധ്യതയുള്ള പ്രദേശങ്ങളില്‍ വ്യാപാരികളെ സംരക്ഷിക്കുന്നത് പരിഗണിച്ചിട്ടില്ല. ഇത് ഗൗരവമുള്ള വിഷയമാണ്. പ്രൊഫഷണല്‍ തൊഴില്‍മേഖലയ്ക്കു മാത്രമാണ് പരിഗണന. അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിന് ഗുണകരമാകുന്ന യാതൊന്നും ബജറ്റിലില്ല. കാര്‍ഷിക മേഖലയ്ക്കും നാമമാത്രമായ പരിഗണന മാത്രമാണ് ബജറ്റിലുള്ളത്. ഇതാകട്ടെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭ സമരങ്ങളുടെ പശ്ചാത്തലത്തിലാണെന്നും പി സി ജേക്കബ്ബ് വ്യക്തമാക്കി.