Society Today
Breaking News

കൊച്ചി: കാലഹരണപ്പെട്ട മുല്ലപ്പെരിയാര്‍ ഡാമും  വൃഷ്ടിപ്രദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ആവശ്യപ്പെട്ടു. തമിഴ്‌നാടിന് ജലലഭ്യത ഉറപ്പുവരുത്താന്‍ 126 വര്‍ഷങ്ങള്‍ക്ക് മുമ്പ്  നിര്‍മ്മിക്കപ്പെട്ട മുല്ലപ്പെരിയാര്‍ ഡാം ഇന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഉറക്കം കെടുത്തുന്നു. സങ്കുചിത താല്‍പ്പര്യക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് ഇതില്‍ ആശങ്കയില്ലാത്തത്. വര്‍ഷങ്ങളായി ഡാമിന്റെ  സംഭരണശേഷി പൂര്‍ണായും ഉപയോഗിക്കാന്‍ സാധിക്കാത്തത് ബലക്ഷയം മൂലമാണെന്ന് ഭരണകൂടങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറിവുള്ള കാര്യമാണ്.

എങ്കിലും പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഇവര്‍ നാളിതുവരെ തയ്യാറായിട്ടില്ല. വയനാട്ടിലെ ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം  കാണുന്നതിന് വ്യപാരി വ്യവസായി ഏകോപന സമിതി മുന്നിട്ടറങ്ങുമെന്ന് ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിഷയം ഏറ്റെടുത്ത് പുതിയ ഡാം നിര്‍മ്മിച്ച് തമിഴ് ജനതയ്ക്ക് ജലലഭ്യതയും കേരളത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും പി സി ജേക്കബ്ബ് ആവശ്യപ്പെട്ടു.
 

Top