7-August-2024 -
By. news desk
കൊച്ചി: അരികെ പാലിയേറ്റീവ് കെയറിന്റെ അഞ്ചാം വാര്‍ഷികാഘോഷവേളയില്‍ അരികെയുടെ പ്രവര്‍ത്തകര്‍ക്കും അഭ്യദയകാംക്ഷികള്‍ക്കും ആദരമൊരുക്കി ഐഎംഎ കൊച്ചി. കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന അരികെ പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും ഒത്തുചേരലില്‍ മുതിര്‍ന്ന സാഹിത്യകാരന് പ്രൊഫ എം കെ സാനുമാസ്റ്റര്‍, കേരള ഹൈക്കോടതി ജഡ് ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പേരാണ് ആശംസയുമായി എത്തിയത്.
പാലിയേറ്റീവ് കെയര്‍ ഫാഷനായി ചെയ്യേണ്ടതല്ലെന്നും മറിച്ച് ആത്മാര്‍ഥമായി അനുഷ്ടിക്കേണ്ട കര്‍മ്മമാണെന്നും പ്രൊഫ. എം. കെ സാനുമാസ്റ്റര്‍ പറഞ്ഞു. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച് കാണിച്ചാല്‍ ആളുകളുടെ ഹൃദയത്തിന്റെ പിന്തുണ ലഭിക്കും. ആളുകളുടെ വേദന കാണുമ്പോള്‍ സഹിക്കാനാവാത്ത വിധം അനുതാപം നമ്മുക്കുണ്ടാകണം.ആളുകളോട് കനിവ് കാണിച്ചില്ലെങ്കില്‍ ജീവിതത്തിന് അര്‍ത്ഥമുണ്ടാകില്ലെന്നും പ്രൊഫ എം കെ സാനു മാസ്റ്റര്‍ പറഞ്ഞു.
ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും ഭയാനകമായ അവസ്ഥ ഒറ്റപ്പെടലാണെന്ന് ചടങ്ങില്‍ മുഖ്യഅതിഥിയായി പങ്കെടുത്ത കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ഒറ്റപ്പെടലില്‍ നിന്നുള്ള മുക്തി നേടല്കൂടിയാണ് പാലിയേറ്റീവ് കെയറെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ഡോ മാത്യൂസ് നമ്പേലില്‍ പാലിയേറ്റീവ് കെയറിന്റെ പ്രധാന്യം സംബന്ധിച്ചും ഐഎംഎ കൊച്ചി വൈസ് പ്രസിഡന്റ് ഡോ അതുല്‍ ജോസഫ് മാനുവല്‍ അരികെയുടെ പ്രവര്‍ത്തനം സംബന്ധിച്ചും വിശദീകരിച്ചു.ഐഎം.എ ഹൗസ് ചെയര്മാന് ഡോ.വി പി കൂരൈ്യപ്പ്, പാലിയേറ്റിവ് കെയര്‍ ചെയര്മാന് ഡോ.എം.ഐ ജൂനൈദ് റഹ്മാന്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം ഹനീഷ്, സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍, ട്രഷറര്‍ സച്ചിന് സുരേഷ്, എഡ്രാക്ക് പ്രസിഡന്റ് രംഗദാസപ്രഭു, സി ജി രാജഗോപാല്‍,സിന്തൈറ്റ് ഗ്രൂപ്പ് സിഎംഡി വിജു ജേക്കബ്ബ്, ബ്യൂമര്‍ക്ക് ഗ്രൂപ്പ് സിഎസ് ആര് മേധാവി വിനയ് രാജ് ,ഡോ. സ്മിത മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.