8-August-2024 -
By. news desk
കൊച്ചി :രാജ്യത്ത് നിലവില്‍ വന്ന ഭാരതീയ ന്യായ് സംഹിതയില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസ്സിയേഷന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനം നല്‍കി. ബി.എന്‍.എസ് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചകള്‍ കൂടാതെ നടപ്പാക്കിയതിനാല്‍ ആരോഗ്യ മേഖലയെ ദോഷകരമായി ബാധിക്കുന്ന വകുപ്പുകള്‍ കടന്നുകൂടിയെന്ന് സംഘടന ചൂണ്ടിക്കാട്ടി. പല വകുപ്പുകളും തമ്മില്‍ പൊരുത്തപ്പെടാത്തവയാണ്. കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ 1897ലെ നിയമം ഭേദഗതി വരുത്തി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പുതിയ ബില്ല് കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറയുകയും ബില്ലിന്റെ കരട് പൊതുജനാഭിപ്രായത്തിനായി നല്‍കുകയും ചെയ്തിരുന്നെങ്കിലും ഭാരതീയ ന്യായ് സംഘിതയില്‍ അത് ഉള്‍പ്പെട്ടിട്ടില്ല.
ബി.എന്‍.എസിന്റെ സെക്ഷന്‍ 26 പ്രകാരം ഡോക്ടര്‍മാര്‍ക്ക് ഭയരഹിതമായി രോഗീചികിത്സ സാധ്യമാണ്. എന്നാല്‍ ഇതിന്റെ നേര്‍ വിപരീതമാണ് സെക്ഷന്‍ 106.1. പൂര്‍ണ്ണമായും 106.1 പിന്‍വലിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ഏതെങ്കിലും തരത്തിലുള്ള നിയമ നടപടികള്‍ ആവശ്യമായി വരുന്ന അവസരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സെക്ഷന്‍ 106.1 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താല്‍ രജിസ്‌റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ മുഴുവനും അഴിക്കുള്ളിലാകുന്ന അവസ്ഥ സംജാതമാകും. ഏതുസമയത്തും ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന വകുപ്പാണിത്.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യയിലെ ശരാശരി ആയുസ് 27 ആയിരുന്നത് മോഡേണ്‍ മെഡിസിന്റെ ഫലപ്രദമായ ഉപയോഗത്താല്‍ ഇന്ന് ശരാശരി ഇന്ത്യക്കാരന്റെ ആയുസ് 71 വയസായി ഉയര്‍ന്നിട്ടുണ്ട്. ടെറ്റനസ്, കുഷ്ഠം, മലേറിയ, പ്ലേഗ്, വസൂരി, മന്ത്, ക്ഷയം, പോളിയോ തുടങ്ങി കോവിഡിനെ വരെ ഫലപ്രദമായി ചെറുത്ത് തോല്‍പ്പിച്ചത് മോഡേണ്‍ മെഡിസിന്റെ പ്രവര്‍ത്തനത്താലാണെന്ന് സംഘടന പറഞ്ഞു. കോവിഡിനെതിരെ പോരാടിയതിലൂടെ 1598 ഡോക്ടര്‍മാര്‍ക്കാണ് സ്വജീവന്‍ നഷ്ടപ്പെട്ടത്. നാല് ലക്ഷത്തിലധികം അംഗങ്ങളുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് രാജ്യവ്യാപകമായി 1800 ശാഖകളുണ്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും ശാഖകളുണ്ടെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം.ഹനീഷ്, സെക്രട്ടറി ജോര്‍ജ് തുകലന്‍, ട്രഷറര്‍ ഡോ.സച്ചിന്‍ സുരേഷ് എന്നിവര്‍ പറഞ്ഞു.