9-August-2024 -
By. news desk
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് പ്രദേശത്ത് തെരച്ചില്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.തെരച്ചിലുമായി ബന്ധപ്പെട്ട ആര്‍ക്കും ഇന്ന് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്ത സ്ഥലം സന്ദര്‍ശിക്കുന്നതു കൂടാതെ ക്യാമ്പുകളും സൈന്യം നിര്‍മിച്ച ബെയ്‌ലി പാലവും പ്രധാനമന്ത്രി സന്ദര്‍ശിക്കും.പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉണ്ടാവും.
വ്യോമസേനയുടെ വിമാനത്തില്‍ രാവിലെ 11.20ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് സ്വീകരിക്കും.തുടര്‍ന്ന് ഹെലികോപ്റ്ററില്‍ അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകള്‍ കണ്ണൂരിലെത്തി.ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.