Society Today
Breaking News

കൊച്ചി: സംസ്ഥാനത്തെ കാര്‍ഷികമേഖലക്ക് പുത്തനുണര്‍വ് നല്‍കുന്നതിനും സമഗ്രമായ സംയോജന പദ്ധതിയിലൂടെ കാര്‍ഷിക സംസ്‌കാരത്തിന് മാറ്റം കൊണ്ടുവരുന്നതിനുമായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട ഉത്ഘാടനവും കാര്‍ഷിക സംഗമത്തിനും  ആഗസ്റ്റ് 17 ന് കൊച്ചി വേദിയാകുന്നു.  കാക്കനാട് ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ വെച്ച് രാവിലെ 9 മണിമുതല്‍ 4 മണിവരെയാകും  സംഗമം സംഘടിപ്പിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രൊഫഷണല്‍ സര്‍വീസസ്  ഇന്നോവേഷനും ഗ്രാസ്സ്‌റൂട്‌സ് ഇമ്പാക്ട് ഫൗണ്ടേഷന്റെയും  നേതൃത്വത്തിലാണ് കര്‍ഷകസംഗമം സംഘടിപ്പിക്കുന്നത്.2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ 50,000 കര്‍ഷകരെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 170 സന്നദ്ധ സംഘടനകള്‍ ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല നിര്‍വഹിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ജൈവഗ്രാമം പദ്ധതി ചീഫ് കോഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ പറഞ്ഞു. രണ്ടാം ഘട്ട പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഈ വര്‍ഷം മുതല്‍ മികച്ച കാര്‍ഷിക സംരംഭകന് പദ്ധതിയുടെ ഭാഗമായി പുരസ്‌കാരം നല്‍കും. പ്രഥമ പുരസ്‌കാരം തൃശ്ശൂര്‍ മാള സ്വദേശി ഡേവിസ് കൈതാരത്തിന് ലഭിച്ചു. 

സുസ്ഥിരകൃഷി രീതിയിലുടെ കാര്‍ഷികമേഖലയില്‍ മാറ്റം കൊണ്ടുവരുന്നതിനാണ് രണ്ടാം ഘട്ട ജൈവഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കേരളത്തിലെ 14 ജില്ലകളിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്ന പദ്ധതിയാണ്  കമ്മ്യൂണിറ്റി ഡെവെലപ്‌മെന്റ് ഇനിഷ്യേറ്റീവ് ഓഫ്  പ്രൊഫഷണല്‍ സര്‍വീസസ് ഇന്നവേഷന്റെ ആഭിമുഖ്യത്തില്‍  സന്നദ്ധ സംഘടനകളുമായി സംയോജിപ്പിച്ച്  നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതി. ഇടുക്കി ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. നിലവില്‍ ഇതിന്റെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും ലഭ്യമാണ്.

വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, വിവിധ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകള്‍ മുതലായവയില്‍ നിന്ന് ഫണ്ട് കര്‍ഷകരിലെത്തിക്കുന്നതിന് പദ്ധതി കര്‍ഷകരെ സഹായിക്കും. അതാത് പ്രദേശങ്ങളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും വിതരണം ചെയ്യാനും പദ്ധതിയിലൂടെ സഹായിക്കും. പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സംരംഭകത്വ വികസന സംഘടനകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്നായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. കാര്‍ഷിക മേഖലയിലെ സംരംഭകത്വ വികസനം ലക്ഷ്യമിട്ട് കൊണ്ട് കര്‍ഷക ക്ലസ്റ്റര്‍ രൂപീകരിക്കാനും കോമണ്‍ ഫെസിലിറ്റി സെന്റര്‍ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 

നൂതന കാര്‍ഷികരീതികള്‍, ഉല്പാദനത്തില്‍ മികവുണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ, വിവിധയിനം വിത്തുകള്‍, തൈകള്‍, വളങ്ങള്‍, യന്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങളൊക്ക 50 ശതമാനം സബ്‌സിഡിയോടെ കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കുന്ന  പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ജൈവഗ്രാമം പദ്ധതിയിലൂടെ കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് ഉല്‍പ്പങ്ങള്‍ സംഭരിച്ച്  മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റി പൊതുവിപണയിലെത്തിക്കുന്നതിനും ഈ പദ്ധതി കര്‍ഷകരെ സഹായിക്കും. ഇതിലൂടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ 18000 ത്തോളം കര്‍ഷകര്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അനന്തു കൃഷ്ണന്‍ പറഞ്ഞു. 

 ഗ്രാസ്സ്‌റൂട്‌സ് ഇമ്പാക്ട് ഫൗണ്ടേഷന്‍ പ്രതിനിധികളായ കൃഷ്ണര്‍ജുന്‍ പി, സന്ദീപ് കുമാര്‍ എം, സൈഹ സോഫ്റ്റ്‌വെയര്‍ ഫൗണ്ടര്‍ സുബി പി. എസ്, പി എസ് ഐ പ്രതിനിധി ദര്‍ശന എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Top