Society Today
Breaking News

കൊച്ചി: കേരളത്തിലെ ആരോഗ്യമേഖല ലോകത്തിന് മാതൃകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിന്‍ ഐഎംഎ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന രക്തബാങ്കിന്റെയും ആധുനിക രീതിയില്‍ നവീകരിച്ച ഐഎംഎ ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ നിന്നും യൂറോപ്പ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ പോലും രോഗം വന്നാല്‍ ചികില്‍സ തേടി എത്തുന്നത് കേരളത്തിലേക്കാണ്. നിസാര രോഗമാണെങ്കില്‍ പോലും വിദേശരാജ്യങ്ങളില്‍ ഡോക്ടര്‍മാരെ കാണാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമ്പോള്‍ കേരളത്തില്‍ എതു സമയത്തും രോഗികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഡോക്ടര്‍മാരെ കണ്ട് ചികില്‍സ തേടാന്‍ സാധിക്കും. ഇത് കേരളത്തിലെ ആരോഗ്യമേഖലയുടെ വിജയമാണെന്നും മന്ത്രി വ്യക്തമാക്കി.

സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് സഞ്ചരിക്കുന്ന രക്തബാങ്ക് സാധ്യമാക്കിയ പോപ്പുലര്‍ വെഹിക്കിള്‍സിനു വേണ്ടി പ്രോജക്ട്‌സ് പ്ലാനിംഗ് ആന്റ്  ഡെവലപ്‌മെന്റ്  വൈസ് പ്രസിഡന്റ് സോമി കെ. ചെറുവത്തൂര്‍, ബ്ലഡ് ബാങ്ക് കെട്ടിടം നവീകരിക്കാന്‍ നേതൃത്വം നല്‍കിയ ആര്‍ക്കിടെക്റ്റ് ആസിഫ് ജുനൈദ് റഹ്മാന്‍, റിസ്വാന്‍ എന്നിവരെയും ഉപഹാരം നല്‍കി മന്ത്രി പി രാജീവ് ചടങ്ങില്‍ ആദരിച്ചു. ആധുനിക രീതിയില്‍ നവീകരിച്ച പുതിയ നാറ്റ് ലാബിന്റെ ഉദ്ഘാടനം കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ചടങ്ങില്‍ നിര്‍വ്വഹിച്ചു.

ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.എം.എം ഹനീഷ് അധ്യക്ഷത വഹിച്ചു. ഐഎംഎ ഹൗസ് ചെയര്‍മാന്‍ ഡോ. വി.പി കുരൈ്യയ്പ്പ് മുഖ്യപ്രഭാഷണം നടത്തി. ഐഎംഎ ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. എം. ഐ ജുനൈദ് റഹ്മാന്‍,  ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ്ജ് തോമസ്, ഐഎംഎ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. രമാ മേനോന്‍, ട്രഷറര്‍ ഡോ. എം. നാരായണന്‍, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍, ട്രഷറര്‍ ഡോ. സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഒരേ സമയം മുന്നു പേര്‍ക്ക് രക്തം ദാനം ചെയ്യാന്‍ വിധത്തിലുള്ള സംവിധാനമാണ് സഞ്ചരിക്കുന്ന രക്തബാങ്കിനുള്ളത്. പോപ്പുലര്‍ വെഹിക്കിള്‍സിന്റെ സിഎസ്ആര്‍ ഫണ്ട് മുഖേന 43 ലക്ഷം രൂപ ചിലവഴിച്ചാണ് സഞ്ചരിക്കുന്ന രക്തബാങ്ക് സജ്ജമാക്കിയിട്ടുള്ളത്.
 

Top