Society Today
Breaking News

കൊച്ചി:  കല്‍ക്കട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ വനിതാ ഡോക്ടര്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി  ഡോക്ടര്‍മാര്‍ പണിമുടക്കി. എറണാകുളം ജില്ലയിലെ പണിമുടക്ക് സമ്പൂര്‍ണ്ണമായിരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ആശുപത്രികളിലെ അത്യാഹിത വിഭാഗത്തെ ബാധിക്കാത്ത വിധത്തിലായിരിന്നു ഡോക്ടര്‍മാരുടെ പണിമുടക്ക്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്ക് ഇന്നലെ രാവിലെ ആറിനാണ് ആരംഭിച്ചത്. പണിമുടക്കിന്റെ ഭാഗമായി നൂറ് കണക്കിന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കലൂര്‍ ഐ.എം.എ ഹൗസിന് മുന്നില്‍ നിന്നും കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലേയ്ക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

 ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്ന സംഭവം ദിനംന്തോറും വര്‍ധിച്ചുവരുകയാണ്. ഇത് തടയാന്‍ ശക്തമായ കേന്ദ്രനിയമം അനിവാര്യമാണ്. നിലവില്‍ നടപ്പിലാക്കിയിരിക്കന്ന ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യിലെ വകുപ്പുകള്‍ ആരോഗ്യമേഖലയ്ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി.  ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് മെഡിക്കല്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. ഐഎംഎയുടെ എറണാകുളം ജില്ലയിലെ മുഴുവന്‍ ശാഖകളും പണിമുടക്ക് സമരത്തില്‍ പങ്കെടുത്തു.

മെഡിക്കല്‍ രംഗത്തെ മറ്റ് സംഘടനകളായ  കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ (കെ.ജി.എം.ഒ.എ), ഇന്‍ഡ്യന്‍ ഡന്റല്‍ അസ്സോസിയേഷന്‍ (ഐ.ഡി.എ), മെഡിക്കല്‍ സ്റ്റുഡന്റ് നെറ്റ് വര്‍ക്ക് (എം.എസ്.എന്‍), കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ (കെ.ജി.എം.സി.ടി.എ), കേരള ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ (കെ.ജി.ഐ.ഒ.എ) കേരള െ്രെപവറ്റ് ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ (കെ.പി.എച്ച്.എ)  ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ് അസ്സോസിയേഷന്‍, കേരള ഡെന്റല്‍ കൗണ്‍സില്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്‍, വിവിധ നേഴ്‌സിംഗ് സംഘടനകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പന്തംകൊളുത്തി പ്രകടനത്തില്‍ പങ്കെടുത്തു.
 

Top